മാള: കുഴൂരിൽ ആറുവയസ്സുകാരനെ വീടിന് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. സമീപവാസിയായ യുവാവ് മുക്കിക്കൊന്നതാണെന്ന് പോലീസ് പറഞ്ഞു. കുഴൂർ സ്വർണപ്പള്ളം റോഡിൽ മഞ്ഞളി അജീഷിന്റെയും നീതുവിന്റെയും മകൻ ഏബലാണ് മരിച്ചത്.

To advertise here,

വ്യാഴാഴ്‌ച വൈകീട്ട് ആറോടെ കുട്ടിയെ കാണാതായതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണ് രാത്രി ഒൻപതിന് കുളത്തിൽനിന്ന് മൃതദേഹം കിട്ടിയത്. കാണാതാകുമ്പോൾ കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാനുള്ള ശ്രമം ചെറുത്തതിനാൽ കുളത്തിൽ മുക്കിക്കൊന്നതായി യുവാവ് മൊഴി നൽകിയതായി റൂറൽ എസ്‌പി ബി. കൃഷ്ണകുമാർ പറഞ്ഞു. പീഡന ശ്രമം അമ്മയോട് പറയുമെന്ന് കുട്ടി പറഞ്ഞതോടെയാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു.

യുവാവിനൊപ്പം കുട്ടി ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. വീടിനടുത്തുള്ള പാടത്തുവരെ കുട്ടി എത്തിയതായും സൂചന കിട്ടി. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് തിരച്ചിൽ നടത്തിയത്. തിരച്ചിലിൽ 20-കാരനായ യുവാവുമുണ്ടായിരുന്നുവെന്ന് വാർഡ് അംഗം സേതുമോൻ ചിറ്റേത്ത് പറഞ്ഞു. തുടക്കം മുതൽ ഇയാളുടെ നീക്കങ്ങളിൽ ദുരൂഹത തോന്നിയതോടെയാണ് പോലീസ് ചോദ്യം ചെയ്തത്. കുളത്തിൽ വീഴുന്നത് കണ്ടുവെന്നായിരുന്നു ആദ്യത്തെ മൊഴി. കൂടുതൽ ചോദ്യം ചെയ്തപ്പോൾ മുക്കിക്കൊന്നതായി സമ്മതിക്കുകയായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള യുവാവ് നേരത്തേ ബോസ്റ്റൽ സ്കൂളിൽ (യുവജന നവീകരണ കേന്ദ്രം) ആയിരുന്നു.

താണിശ്ശേരി സെയ്ന്റ് സേവിയേഴ്സ് സ്‌കൂളിലെ യുകെജി വിദ്യാർഥിയാണ് ഏബൽ. സഹോദരങ്ങൾ: ആഷ്വിൻ, ആരോൺ.

മൃതദേഹം കുഴിക്കാട്ടുശ്ശേരി മറിയംത്രേസ്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.