കോഴിക്കോട്: ലഹരി സംഘത്തിന്റെ കെണിയില്‍നിന്ന് രക്ഷപ്പെട്ട യുവതിക്ക് വധഭീഷണിയെന്ന് പരാതി. കോഴിക്കോട് ചക്കുംകടവ് ചെന്നാലേരി സലീം എന്ന വെമ്പിളി സലീമിനെതിരെയാണ് ഒളവണ്ണ സ്വദേശിയായ യുവതിയുടെ പരാതി. കഴിഞ്ഞദിവസം ബസ് കാത്തുനില്‍ക്കുന്നതിനിടെ യുവതിയെ സലീം മര്‍ദ്ദിച്ചിരുന്നു. കൊലപ്പെടുത്തുമെന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് അക്രമം നടത്തിയതെന്നും ജയിലില്‍ കഴിയുന്ന സലീം പുറത്തിറങ്ങിയാല്‍ തന്നെ അപായപ്പെടുത്തുമെന്നുമാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതി പറയുന്നത്. 

To advertise here,

2016-ല്‍ ഫോണിലൂടെയാണ് സലീം യുവതിയെ പരിചയപ്പെട്ടത്. പിന്നീട് മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചു. 2018-ല്‍ കഞ്ചാവുമായി റെയില്‍ വേ സ്റ്റേഷനില്‍ വെച്ച് പോലീസ് യുവതിയെ പിടികൂടുകയും ചെയ്തിരുന്നു. ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം സലീമില്‍നിന്ന് അകലംപാലിച്ച യുവതിയെ ഇയാള്‍ വീണ്ടും വിളിച്ച് ഒപ്പം ചേര്‍ന്നില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭിഷണിപ്പെടുത്തുന്നുവെന്നാണ് യുവതിയുടെ പരാതി. സഹോദരിയുടെ മകനെ കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിയുണ്ട്.

ഭീഷണി പതിവായതോടെ സിറ്റിപോലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് സലീം ബസ്സ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. രണ്ട് വര്‍ഷത്തോളമായി സലീമിന്റെ ഭീഷണിയെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടും ഒരു ഫലവും ഉണ്ടാകില്ലെന്നും യുവതി പറയുന്നു. നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടിയ സലീം നിലവില്‍ ജയിലിലാണ്. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി14 കേസുകളുണ്ട്.