കഴിഞ്ഞ മാസം അമിതാഭ് ബച്ചന്റെ മുംബൈ വസതിയായ 'ജൽസ'യെ ലക്ഷ്യമാക്കി മൂന്ന് വ്യത്യസ്ത ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചിരുന്നു.

അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും അധോലോകനായകൻ ഗോൾഡി ധില്ലന്റെ വധഭീഷണി. അമിതാഭ് ബച്ചന്റെ മുംബൈയിലെ 'ജൽസ' എന്ന വസതി ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള പദ്ധതി ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ പരാജയപ്പെടുത്തുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തതിന് പിന്നാലെയാണീ ഭീഷണി. രണ്ടുപേരെ അറസ്റ്റ് ചെയ്താലും അമിതാഭ് ബച്ചനെ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽനിന്ന് പിന്മാറില്ലെന്ന് ധില്ലൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു. 'ജൽസ' ആക്രമിക്കാൻ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്ണോയ് സംഘത്തിലെ രണ്ട് ഷാർപ്പ് ഷൂട്ടർമാരെ ശനിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ ജലന്ധർ സ്വദേശിയായ വികാസ് ഠാക്കൂർ എന്ന വിക്കി, തരൺ താരൻ സ്വദേശിയായ ദീപക് സിങ് എന്ന ദീപ് എന്നിവരാണ് പിടിയിലായത്.
വികാസ് ഠാക്കൂർ, ദീപക് സിങ് എന്നിവരുടെ അറസ്റ്റുകൾ ഈ പദ്ധതിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും മുംബൈയിൽ തങ്ങളുടെ 200-ഓളം കൂട്ടാളികൾ സജീവമായി തയ്യാറാണെന്നുമാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഗോൾഡി ധില്ലൻ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. സിഖ് സമൂഹത്തിനെതിരെ സംസാരിക്കുന്നവർക്ക് പോസ്റ്റിൽ ഭീഷണി മുഴക്കിയിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾക്ക് പോലും അവരെ രക്ഷിക്കാൻ കഴിയില്ലെന്നാണ് അമിതാഭ് ബച്ചന്റെയും അഭിഷേകിന്റെയും പേരുകൾ എടുത്തുപറഞ്ഞുകൊണ്ടുള്ള മുന്നറിയിപ്പ്. അതേസമയം സോഷ്യൽ മീഡിയ പോസ്റ്റിന്റെയും അതിലെ അവകാശവാദങ്ങളുടെയും ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ മാസം അമിതാഭ് ബച്ചന്റെ മുംബൈ വസതിയായ 'ജൽസ'യെ ലക്ഷ്യമാക്കി മൂന്ന് വ്യത്യസ്ത ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഈ പുതിയ സംഭവവികാസങ്ങൾ. മുംബൈയിലെ വസതിക്ക് പുറത്ത് ആരാധകരുമായി അമിതാഭ് ബച്ചൻ പതിവായി നടത്തുന്ന പ്രതിവാര കൂടിക്കാഴ്ചയിലും സുരക്ഷ ശക്തമാക്കിയത് വ്യക്തമായിരുന്നു. നവംബർ ഒന്നിന് 'ജൽസ'യ്ക്ക് പുറത്ത് ആരാധകരെ അഭിവാദ്യം ചെയ്യാനായി അമിതാഭ് ബച്ചനെത്തിയത് ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന്റെ സുരക്ഷയിലാണ്. വീടിന് പുറത്ത് തടിച്ചുകൂടുന്ന ആളുകൾക്ക് തന്നെ കൂടുതൽ വ്യക്തമായി കാണാൻ കഴിയുന്ന രീതിയിൽ ചക്രങ്ങൾ ഘടിപ്പിച്ച ഒരു പീഠത്തിൽ നിന്നാണ് ബച്ചൻ പരമ്പരാഗതമായി ആരാധകരെ അഭിവാദ്യം ചെയ്യാറുള്ളത്. എന്നാൽ കഴിഞ്ഞതവണ ഈ പീഠം മൂന്ന് വശവും ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കൊണ്ട് അടച്ചുവെച്ചാണ് അദ്ദേഹം എത്തിയത്.
Also Read: വീണ്ടും ബോംബ് ഭീഷണി, കൂസാതെ അമിതാഭ് ബച്ചൻ; ഇത്തവണ ആരാധകരെ കണ്ടത് ബുള്ളറ്റ് പ്രൂഫ് സുരക്ഷയില്ലാതെ
1984-ലെ സിഖ്‌വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചൻ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രസ്താവനയുടെ പേരിലാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്നാണ് വിവരം. ഇതിന് പുറമെ ഡൽഹിയിലെ ഒരു വ്യവസായിയെ ആക്രമിക്കാനും ഇവർ പദ്ധതിയിട്ടിരുന്നുവെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു. പോലീസ് നടപടിക്ക് പിന്നാലെ അമിതാഭ് ബച്ചൻ എക്‌സിൽ പങ്കുവെച്ച പോസ്റ്റ് സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. 'ബച്ച് ഗയേ' (രക്ഷപ്പെട്ടു) എന്നുമാത്രമാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്.
Also Read: അമിതാഭ് ബച്ചന് വീണ്ടും ബോംബ് ഭീഷണി; മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണ
രഹസ്യവിവരത്തെ തുടർന്ന് ആദ്യം വികാസിനെയും തുടർന്ന് മുംബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ദീപക്കിനെയും പോലീസ് പിടികൂടുകയായിരുന്നു. അമിതാഭ് ബച്ചനെ ആക്രമിക്കാനുള്ള ചുമതല ദീപക്കിനായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഗൂഢാലോചനയ്ക്ക് പിന്നിലെ കൃത്യമായ ലക്ഷ്യം, പ്രതികൾ തമ്മിലുള്ള ബന്ധം, ഇവർക്ക് നിർദേശങ്ങൾ ലഭിച്ച ഉറവിടം എന്നിവയെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
Content Highlights: Bollywood actors Amitabh Bachchan and Abhishek Bachchan have received fresh death threats via a social media post from gangster Goldy Dhillon, who claimed that the recent Delhi Police arrest of two Lawrence Bishnoi gang shooters has not derailed their Mumbai plot and warned that even bulletproof glass outside Jalsa will not protect them.
Published: 16 Nov 2026, 05:40 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented