വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇത്

കാസർകോട്/മഞ്ചേശ്വരം:കാസർകോട്ടും മഞ്ചേശ്വരത്തും ലഹരിവേട്ട. രണ്ടുസംഭവങ്ങളിലായി നാല് യുവാക്കളെയും യുവതിയെയും പോലീസ് അറസ്റ്റുചെയ്തു. ഇവരിൽനിന്ന് 182.65 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. മഞ്ചേശ്വരം കടമ്പാർ ബട്ടിപ്പദവിലെ വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തിയതുമായി ബന്ധപ്പെട്ട മൂന്നുപേരാണ് അറസ്റ്റിലായത്. ലോഡ്ജിൽ എംഡിഎംഎ ഉപയോഗിക്കാനായി മുറിയെടുത്ത യുവാവും യുവതിയുമാണ് കാസർകോട്ട് അറസ്റ്റിലായത്.
മഞ്ചേശ്വരത്തുനിന്ന് പിടിച്ചത് 182.12 ഗ്രാം എംഡിഎംഎ വില്പനയ്ക്കായി വാടക ക്വാർട്ടേഴ്സിൽ സൂക്ഷിച്ച 182.12 ഗ്രാം എംഡിഎംഎയുമായാണ് മൂന്നുപേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നതാണിത്. ക്വാർട്ടേഴ്സിൽ താമസക്കാരനായ മഞ്ചേശ്വരം കുണ്ടുകോളടുക്കയിലെ മുഹമ്മദ് ശിഹാബ് (33), മംഗളൂരു മാലാൾ ക്രോസ് റോഡിലെ മുഹമ്മദ് സഫുവാൻ (23), മംഗളൂരു ഫാത്തിമ അപ്പാർട്മെന്റിൽ മുഹമ്മദ് റസൽ അലി (21) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ. എസ്.വി. ജിയോ സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് യുവാക്കൾക്കും വിദ്യാർഥികൾക്കും രാസലഹരി വിതരണം ചെയ്യുകയായിരുന്ന സംഘമാണ് പോലീസിന്റെ പിടിയിലായത്. ഒട്ടേറെ കവർച്ചക്കേസുകളിൽ പ്രതിയായ ശിഹാബ്, അതിർത്തിമേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിവിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണെന്നു പോലീസ് പറഞ്ഞു. വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് ഇവരുടെ താമസസ്ഥലത്ത് പരിശോധന നടത്തിയത്.
ക്വാർട്ടേഴ്സിൽ എത്തിയ പോലീസ് വാതിലിൽ മുട്ടിയെങ്കിലും അകത്തുനിന്ന് തുറക്കാൻ തയ്യാറായില്ല. തുടർന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ മുൻവാതിൽ തുറന്ന് അകത്തുകടക്കുകയായിരുന്നു. അകത്തെ ഒരു മുറി അടച്ച നിലയിലായിരുന്നു. ഈ മുറി ബലംപ്രയോഗിച്ച് തുറന്നപ്പോഴാണ് മൂവരും കട്ടിലിൽ ഇരിക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി ഉത്പന്നങ്ങൾ കണ്ടെടുത്തത്. ബെംഗളൂരൂവിൽനിന്ന് കാസർകോട്, കണ്ണൂർ ജില്ലകളിലേക്ക് വില്പനയ്ക്കായി എത്തിച്ചതാണ് എംഡിഎംഎ എന്നാണ് പോലീസ് സംശയിക്കുന്നത്. ലഹരിമരുന്ന് എത്തിച്ചതിന്റെ ഉറവിടത്തെക്കുറിച്ചും ഇടപാടിലെ മറ്റു കണ്ണികളെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മുറിയിൽനിന്ന് മൊബൈൽ ഫോണുകൾ, ഡിജിറ്റൽ ത്രാസ്, പണം തുടങ്ങിയ സാധനങ്ങളും പോലീസ് കണ്ടെടുത്തു. എ.എസ്.ഐ. ഗോപകുമാർ, സിവിൽ പോലീസ് ഓഫിസർമാരായ പ്രമോദ്, സജിത്ത്, വിമല, സുധാകര എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം
കാസർകോട് നഗരത്തിലെ ലോഡ്ജിൽ എംഡിഎംഎ ഉപയോഗിക്കാനായി മുറിയെടുത്ത കാഞ്ഞങ്ങാട് ഐങ്ങോത്ത് കരുവളത്തെ മുഹമ്മദ് റാഫി (31), ബേള കടമ്പളയിലെ ഷെരീഫ (35) എന്നിവരെയാണ് കാസർകോട് ടൗൺ എസ്.ഐ. പി.വി. മനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 0.59 ഗ്രാം എംഡിഎംഎയും പിടിച്ചു. ഷെരീഫയുടെ പാന്റ്സിന്റെ പോക്കറ്റിൽനിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.
ലോഡ്ജിൽ മുറിയെടുത്ത ഇവർ ലഹരി ഉപയോഗിക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘമെത്തിയത്. മുറിയിൽ കയറിയ പോലീസ് അലമാരയിലും മേശവലിപ്പിലും ബാഗിലുമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് യുവതി ധരിച്ച ജീൻസ് പാന്റ്സ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്നു കണ്ടെത്തിയത്. കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോൾ മുഹമ്മദ് റാഫി തന്റെ പോക്കറ്റിലേക്ക് ഇട്ടതാണ് എംഡിഎംഎ എന്നാണ് യുവതിയുടെ മൊഴി. മാങ്ങാട് സ്വദേശിയായ യുവാവിൽനിന്ന് 3,000 രൂപ നൽകിയാണ് എംഡിഎംഎ വാങ്ങിയതെന്നാണ് റാഫിയുടെ മൊഴി.
Content Highlights: Police arrested five individuals, including a woman, across Kasaragod and Manjeshwar in two separate raids, seizing 182.65 grams of MDMA intended for sale and consumption.
Published: 30 Oct 2026, 07:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented