ഭോപാല്‍: ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് യുവതി ഭര്‍തൃസഹോദരിക്കൊപ്പം ഒളിച്ചോടിയെന്ന് പരാതി. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. അമര്‍പത്താന്‍ സ്വദേശി അശുതോഷ് ആണ് ഭാര്യ സന്ധ്യ തന്റെ കസിനായ മാന്‍സിക്കൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും യുവതികളെ കണ്ടെത്താനായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.

To advertise here,

ഏഴുവര്‍ഷം മുന്‍പാണ് അശുതോഷും സന്ധ്യയും വിവാഹിതരായത്. ദമ്പതിമാര്‍ക്ക് അഞ്ചുവയസ്സുള്ള മകനുണ്ട്. ഏറെ സന്തോഷത്തോടെയാണ് തങ്ങളുടെ കുടുംബജീവിതം മുന്നോട്ടുപോയിരുന്നതെന്നാണ് അശുതോഷ് പറയുന്നത്. ജബല്‍പുരിലെ വീട്ടിലായിരുന്നു ഇവരുടെ താമസം. അശുതോഷിന്റെ കസിനായ മാന്‍സി ജബല്‍പുരിലെ വീട്ടില്‍ ഇവരെ കാണാനെത്തുന്നത് പതിവായിരുന്നു. സന്ധ്യയും മാന്‍സിയും മാര്‍ക്കറ്റിലേക്കടക്കം സ്ഥിരമായി ഒരുമിച്ചാണ് പോയിരുന്നത്. സന്ധ്യയും മാന്‍സിയും നല്ല സുഹൃത്തുക്കളായിരുന്നുവെന്നും അശുതോഷ് പറഞ്ഞു.

എന്നാല്‍, ഓഗസ്റ്റ് 12-ാം തീയതി സന്ധ്യയെ വീട്ടില്‍നിന്ന് കാണാതായി. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ ജബല്‍പുര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പരാതിക്കാരന്‍ ഭാര്യയെ കണ്ടെത്തിയത്. ഇതിനുശേഷം ഓഗസ്റ്റ് 22-നും സന്ധ്യയെ സമാനരീതിയില്‍ വീട്ടില്‍നിന്ന് കാണാതായി. ഇത്തവണ മൊബൈല്‍ഫോണ്‍ വീട്ടില്‍വെച്ചിട്ടാണ് സന്ധ്യ വീടുവിട്ടിറങ്ങിയത്. തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സന്ധ്യയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെയാണ് മാന്‍സിയുമായി സന്ധ്യ പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞതെന്നും അശുതോഷ് പറഞ്ഞു. മാന്‍സിയുമായുള്ള സന്ധ്യയുടെ ചാറ്റുകള്‍ കണ്ടതോടെയാണ് ഇരുവരും ഒരുമിച്ച് ഒളിച്ചോടിയതാണെന്ന് മനസിലായതെന്നും യുവാവ് വ്യക്തമാക്കി.

അതേസമയം, യുവതി മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തത് അന്വേഷണത്തില്‍ വെല്ലുവിളിയാണെന്ന് എഎസ്പി സൂര്യകാന്ത് ശര്‍മ പറഞ്ഞു. ചില സൈബര്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.