ശ്രീകാര്യം: അഭിരാമിന്റെ കൊലപാതകത്തിൽ തെളിവുകൾ പൂർണമായും നശിപ്പിക്കുന്നതിനായി മൃതദേഹം വിദൂരസ്ഥലത്ത് ഉപേക്ഷിക്കാനാണ് പ്രതികൾ ആസൂത്രണംചെയ്തതെന്ന് പോലീസ് കണ്ടെത്തൽ. കൊലപാതകത്തിനുശേഷം മൃതദേഹം സമീപത്തെ കായലിലോ മറ്റു സ്ഥലങ്ങളിലോ കൊണ്ടിട്ട് തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ രക്ഷപ്പെടാനായിരുന്നു പ്രതികളുടെ നീക്കം. മൃതദേഹം പൊതിഞ്ഞു കടത്തുന്നതിനായി 17 വയസ്സുകാരനായ ഒന്നാം പ്രതി കാര്യവട്ടത്തുള്ള ആക്രിക്കടയിൽ നേരിട്ടെത്തി 30 രൂപയ്ക്ക് വലിയ പ്ലാസ്റ്റിക് ചാക്ക് വാങ്ങിയതായി പോലീസ് കണ്ടെത്തി.
ആക്രിക്കട ഉടമ പ്രതിയെ തിരിച്ചറിയുകയും ഇയാൾക്ക് ചാക്ക് വിറ്റത് താനാണെന്ന് പോലീസിനു മൊഴിനൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, കൊലപാതകം നടന്ന സമയത്തെ ശക്തമായ മഴ പ്രതികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. മഴകാരണം മൃതദേഹം വിദൂരസ്ഥലങ്ങളിൽ കൊണ്ടുപോയി തള്ളാൻ പ്രതികൾക്കു സാധിച്ചില്ല. തുടർന്ന് താത്കാലിക പരിഹാരമെന്നനിലയിൽ മൃതദേഹം ചാക്കിലാക്കി സംഭവസ്ഥലത്ത് ഉപേക്ഷിച്ചുപോകുകയായിരുന്നു. പിറ്റേദിവസം മഴ മാറി സാഹചര്യം അനുകൂലമാകുമ്പോൾ മൃതദേഹം മറ്റൊരിടത്തേക്കു കടത്താനായിരുന്നു തീരുമാനം.
അതേസമയം, അഭിരാമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി ലഭിച്ച ഉടൻ പോലീസ് അന്വേഷണത്തിലേക്കു കടന്നു. അഭിരാമുമായി അവസാനമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംശയനിഴലിലായ 17 വയസ്സുകാരനായ ഒന്നാം പ്രതി ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും ശക്തമായ നിരീക്ഷണത്തിലാക്കുകയും ചെയ്തു. പ്രതികളുടെ ഓരോ നീക്കങ്ങളും പോലീസ് കർശനമായി നിരീക്ഷിക്കാൻ തുടങ്ങിയതോടെ കുറ്റിക്കാട്ടിൽ സൂക്ഷിച്ച മൃതദേഹം മാറ്റാനുള്ള പദ്ധതി പ്രതികൾക്കു പൂർണമായും ഉപേക്ഷിക്കേണ്ടിവന്നു. തുടർന്ന് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ചോദ്യംചെയ്യലിലാണ് കൊലപാതകവിവരവും കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച മൃതദേഹത്തെക്കുറിച്ചും പ്രതികൾ തുറന്നുപറഞ്ഞത്.
കൊലപ്പെടുത്തിയത് മറ്റെവിടെയോ വെച്ച്?
: അഭിരാമിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ, മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചല്ല കൊലപാതകം നടന്നതെന്നു സംശയം. പാങ്ങപ്പാറ പേരൂരിലെ മതിലുകെട്ടിത്തിരിച്ച വാഴത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ഭാഗം കാടുമൂടിക്കിടക്കുന്ന സ്ഥലമാണ്. എന്നാൽ, ഇവിടെ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ചുറ്റുമുള്ള ചെടികളോ പുല്ലുകളോ ഒടിഞ്ഞുവീണിട്ടില്ലെന്നതാണ് പ്രധാന സംശയത്തിനു കാരണം.
മൃതദേഹം കാണാൻ ആളുകൾ എത്തിയപ്പോഴും പോലീസ് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയപ്പോഴൊക്കെയാണ് ചെടികൾ ഒടിഞ്ഞത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ അഭിരാമിന്റെ ശരീരത്തിൽ മറ്റൊരു മണ്ണിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
മൃതദേഹം കിടന്നിരുന്ന പറമ്പിൽ പൂർണമായും കരിമണ്ണാണുള്ളത്. ഇതാണ് മറ്റെവിടെയോവെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഇവിടെ എത്തിച്ച് ഉപേക്ഷിച്ചതാണെന്ന സംശയം ബലപ്പെടുത്തുന്നത്. സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഈ സംശയം പോലീസിനെ അറിയിച്ചിട്ടുണ്ട്.
മൊബൈൽഫോൺ കണ്ടെത്താനായില്ല
: പതിനേഴുകാരൻ അഭിരാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന തെളിവും അന്വേഷണത്തിൽ വഴിത്തിരിവാകേണ്ടതുമായ അഭിരാമിന്റെ മൊബൈൽഫോൺ ഇതുവരെയും പോലീസിനു കണ്ടെത്താനായില്ല. കേസിന്റെ യഥാർഥ കാരണത്തിലേക്കു നയിക്കുന്ന വിവരങ്ങളും തെളിവുകളും ഈ ഫോണിൽ ഉണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തിനുശേഷം പ്രതികൾ അഭിരാമിന്റെ മൊബൈൽഫോൺ സമീപത്തെ തെറ്റിയാർ തോട്ടിലേക്ക് ഉപേക്ഷിച്ചുവെന്നാണ് പോലീസിനു നൽകിയ മൊഴി.
ഇതിന്റെ അടിസ്ഥാനത്തിൽ തോട് കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകം നടത്തുക എന്നതിനൊപ്പം അഭിരാമിന്റെ മൊബൈൽഫോൺ കൈക്കലാക്കുക എന്ന ലക്ഷ്യം പ്രതികൾക്കുണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അഭിരാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് നിരവധി സന്ദേശങ്ങളും ചാറ്റുകളും അപ്രത്യക്ഷമായതായി സൈബർസെൽ കണ്ടെത്തിയിട്ടുണ്ട്.
ഈ ചാറ്റുകൾ ഏതു സാഹചര്യത്തിലാണ് ഡിലീറ്റ് ചെയ്യപ്പെട്ടതെന്നും ആരാണ് ഇതിനു പിന്നിലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപ്പെടുത്തിയശേഷം അഭിരാമിന്റെ മൊബൈൽഫോണെടുക്കുകയും, കേസിലെ നിർണായകമായ തെളിവുകൾ ഇല്ലാതാക്കാൻ ചാറ്റുകളും വിവരങ്ങളും ഡിലീറ്റ് ചെയ്തു കളയുകയോ നശിപ്പിക്കുകയോ ചെയ്തിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.
പ്രതികൾക്ക് ഭീഷണിയാകാവുന്നതോ ഏതെങ്കിലുംതരത്തിൽ അവരെ കുടുക്കാവുന്നതോ ആയ എന്തെങ്കിലും രഹസ്യവിവരങ്ങൾ അഭിരാമിന്റെ കൈവശം ഉണ്ടായിരുന്നതാണോ കൊലപാതകത്തിലേക്കു നയിച്ച പ്രേരണയെന്ന കാര്യത്തിലും വിശദമായ പരിശോധന നടക്കുന്നുണ്ട്. മൊബൈൽഫോൺ ലഭിക്കാത്തതിനാൽ ഡിലീറ്റ് ചെയ്ത ചാറ്റുകളും വിവരങ്ങളും വീണ്ടെടുക്കാനാകാത്ത അവസ്ഥയിലാണ് പോലീസും. മൂന്നാംപ്രതി ആനന്ദയുടെ സ്വകാര്യദൃശ്യങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചതിനെത്തുടർന്നുള്ള വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിനു വഴിവെച്ചതെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം.
ഒന്നാംപ്രതി പതിനേഴുകാരന്റെ സുഹൃത്താണ് ആനന്ദ. ഈ സ്വകാര്യദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചത് അഭിരാമിന്റെ അടുത്ത സുഹൃത്താണെന്ന് ഒന്നാംപ്രതിയും ആനന്ദയും വിശ്വസിച്ചിരുന്നതായി പോലീസ് പറയുന്നു. അഭിരാം വഴി ഈ സുഹൃത്തിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്താൻ ഇരുവരും പദ്ധതിയിടുകയായിരുന്നുവെന്ന് പ്രതികളുടെ സുഹൃത്തുക്കൾ പോലീസിനു മൊഴിനൽകിയിട്ടുണ്ട്. ഒന്നാംപ്രതിയുടെ മുൻ സുഹൃത്തായ മൺവിള സ്വദേശിനിയായ പെൺകുട്ടിക്ക് ആനന്ദയുടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിച്ചതുമായി പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Content Highlights: Accused planned to destroy evidence by dumping Abhiram's body in a distant location., Heavy rain foiled the plan, forcing them to temporarily hide the body in bushes., Missing mobile phone and deleted Instagram chats remain crucial missing links for the police., Motive points to a grudge over leaked private videos of third accused Ananda.
Published: 07 Nov 2026, 09:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented