ഒട്ടാവ/ന്യൂഡല്‍ഹി: പഞ്ചാബി ഗായകന്‍ തേജി കഹ്‌ലോന് കാനഡയില്‍ വെടിയേറ്റതായി റിപ്പോര്‍ട്ട്. കുപ്രസിദ്ധ ഗുണ്ടാത്തലവനായ രോഹിത് ഗോദാരയുടെ കൂട്ടാളികളാണ് ഗായകനെ ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ രോഹിതിന്റെ സംഘാംഗങ്ങളായ മഹേന്ദര്‍ സരണ്‍ ദിലാന, രാഹുല്‍ റിനോ, വിക്കി പഹല്‍വാന്‍ എന്നിവര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തി.

To advertise here,

തേജിയുടെ വയറിനാണ് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വെടിവെപ്പിന് കാരണമായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തങ്ങളുടെ എതിര്‍സംഘത്തില്‍പ്പെട്ടവര്‍ക്ക് ആയുധങ്ങളും പണവും വിതരണംചെയ്യുന്നത് തേജിയാണെന്നാണ് രോഹിതിന്റെയും കൂട്ടാളികളുടെയും ആരോപണം. മാത്രമല്ല, ഗായകന്‍ ഒറ്റുകാരനായി പ്രവര്‍ത്തിച്ചെന്നും അധികൃതര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്നും ഇവര്‍ ആരോപിച്ചു. ഇതാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം.

സംഭവത്തിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത രോഹിതും കൂട്ടരും ഗായകനെതിരേ ഭീഷണി മുഴക്കുകയുംചെയ്തു. 'തേജി കഹ്‌ലോനെതിരേ കാനഡയില്‍ വെടിവെപ്പ് നടത്തിയത് ഞങ്ങളാണ്. അദ്ദേഹത്തിന്റെ വയറിനാണ് വെടിയേറ്റത്. ഇതുകൊണ്ട് അദ്ദേഹം എല്ലാം മനസിലാക്കിയെങ്കില്‍ നല്ലത്. അല്ലെങ്കില്‍ അടുത്ത തവണ അദ്ദേഹത്തെ തീര്‍ക്കും', എന്നായിരുന്നു പ്രതികളുടെ സന്ദേശം. സംഭവത്തില്‍ കാനഡയിലെ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

അടുത്തിടെ രാജസ്ഥാനിലെ ജിംനേഷ്യത്തില്‍ ബിസിനസുകാരനായ രമേഷ് റുലാനിയയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നിലും രോഹിതും സംഘവുമാണെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ രാജസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ ഗുണ്ടാസംഘമാണ് ഇയാളുടേതെന്നും മേഖലയിലെ ഒട്ടേറെ ബിസിനസുകാര്‍ക്ക് ഇയാളുടെ ഭീഷണിയുണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

പ്രശസ്ത പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിലും 2023-ല്‍ കര്‍ണിസേന നേതാവ് സുഖ്‌ദേവ് സിങ് ഗോഘാമേഡിയെ കൊലപ്പെടുത്തിയ സംഭവത്തിലും രോഹിത്തിന് പങ്കുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.