ചെന്നൈ: ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയെ മറവുചെയ്തെന്ന മൊഴിയെത്തുടർന്ന് വ്യവസായപ്രമുഖൻ ആർ. വീരമണിയുടെ വീട്ടുവളപ്പിൽ പ്രത്യേകാന്വേഷണ സംഘം(എസ്.ഐ.ടി.) മണ്ണുകുഴിച്ച് പരിശോധനതുടങ്ങി. കൊല്ലപ്പെട്ടെന്നുകരുതുന്ന കുട്ടിയെപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

To advertise here,

ജെം ഗ്രാനൈറ്റ്‌സ് ഉടമ വീരമണിക്കെതിരേ പരാതി നൽകിയ അതിജീവിതമാരിൽ ഒരാളാണ്, ഒരു ബാലികയുടെ മൃതദേഹം റോയപ്പേട്ടയിലെ വീട്ടുവളപ്പിൽ കുഴിച്ചിടുന്നത് കണ്ടെന്ന് അന്വേഷണ സംഘത്തിന് മൊഴിനൽകിയത്. കൂടുതൽ വിവരങ്ങളെന്തെങ്കിലും നൽകാൻ കുട്ടിക്കുകഴിഞ്ഞില്ല. വീരമണിയുടെ ഡ്രൈവർമാരിൽ ഒരാളും ഇതേക്കുറിച്ച് സൂചനനൽകിയതായി സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വീട്ടുവളപ്പിൽ പരിശോധന നടത്താൻ എസ്.ഐ.ടി. തീരുമാനിച്ചത്. ശനിയാഴ്ച രാവിലെ വീരമണിയുടെ വീട്ടിലെത്തിയ പോലീസ് സംഘം മണ്ണുമാന്തൽയന്ത്രം കൊണ്ടുവന്ന് പരിശോധന തുടങ്ങുകയായിരുന്നു. വീട്ടുമതിലിനുള്ളിൽ ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ സ്ഥലവും കുഴിച്ചുനോക്കാനാണ് തീരുമാനം.

പ്രായപൂർത്തിയായിട്ടില്ലാത്ത കുട്ടികളെ പീഡിപ്പിച്ചെന്ന പരാതികളിൽ വീരമണിക്കെതിരേ ഒൻപതു പോക്സോകേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒൻപതുപേരെ അറസ്റ്റുചെയ്തു. പതിന്നാലുകാരിയുടെ പരാതിയിലെടുത്ത ആദ്യ കേസിൽ കുറ്റപത്രം സമർപ്പിച്ചു. വീരമണി ലൈംഗികാതിക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മൂന്നു വീഡിയോകൾ കണ്ടെടുത്തിട്ടുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. മറ്റുകേസിലും കുറ്റപത്രങ്ങൾ സമർപ്പിച്ചശേഷം അന്വേഷണപുരോഗതി മാധ്യമപ്രവർത്തകരുമായി പങ്കുവെക്കുമെന്ന് എസ്.ഐ.ടി. വ്യക്തമാക്കി.

ആദ്യകേസിൽ 720 പേജുള്ള കുറ്റപത്രമാണ് പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി.) കോടതിയിൽ സമർപ്പിച്ചത്. കുറ്റവാളികൾക്കെതിരേ നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തിയ ഏഴ് പോലീസ് ഉദ്യോഗസ്ഥരുടെ പേര് കുറ്റപത്രത്തിലുണ്ട്. മുൻ ചെന്നൈ പോലീസ് കമ്മിഷണർ എ. അരുൺ ഇതിലുൾപ്പെടുന്നു. കൃത്യവിലോപം കാണിച്ച മൂന്ന് വനിതാപോലീസുകാരെ ചുമതലകളിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.