തിരുവനന്തപുരം: ചാല സ്വർണക്കൊള്ളക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. മാളവിക ജുവലറി ഉടമ ജയരാമനെ കസ്റ്റഡിയിൽ എടുത്ത് അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്കെതിരേ നേരത്തെ വൈഷ്ണവി ഗോൾഡ് ഉടമ നന്ദകുമാർ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്.
തന്റെ ജുവലറിയുടെ തൊട്ടടുത്തുള്ള മറ്റൊരു സ്ഥാപനമായ മാളവിക ജുവലറിയുടെ ഉടമ ജയരാമൻ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വർണം നഷ്ടപ്പെട്ട വൈഷ്ണവി ജുവലറി ഉടമ നന്ദകുമാർ പോലീസിന് മൊഴി നൽകിയത്. കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് കുടിപ്പകയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ചാലയിലെ വൈഷ്ണവി ജൂവലറി ഉടമയിൽനിന്ന് സ്വർണം കവർന്ന കേസിലെ പ്രതികളെ 48 മണിക്കൂറിനകം നാടകീയമായി പോലീസ് പിടികൂടിയിരുന്നു. നാലുപേരെ വയനാട്ടിലെ പടിഞ്ഞാറെത്തറയിൽനിന്നും രണ്ടുപേരെ തിരുവനന്തപുരത്തുനിന്നുമാണ് പിടികൂടിയത്.
തിരുവനന്തപുരം സ്വദേശികളായ അനിൽ(37), അനൂപ്(37), രാജീവ് കാട്ടാക്കട(45), വിനോദ്(38) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 488 ഗ്രാം സ്വർണം പിടിച്ചെടുത്തു. കർണാടകത്തിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ അറസ്റ്റിലായത്. പിടിയിലായ പ്രതികളിൽ ചിലർ ചാലയിലെ വൈഷ്ണവി ജൂവലറി ഉടമ നന്ദകുമാറുമായി ബിസിനസ് പങ്കാളിത്തമുള്ളവരാണ്. പ്രതികൾ പലതവണ സ്വർണ ഇടപാടുകൾക്കായി സ്വർണക്കടയുടമയെ കണ്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു.
മാസങ്ങൾ നീണ്ട ആസൂത്രണമാണ് പ്രതികൾ കവർച്ചയ്ക്കായി നടത്തിയത്. സ്വർണവുമായി കടയുടമ വീട്ടിലേക്കു പോകുന്നതുൾപ്പെടെയുള്ള സമയം ഇവർക്ക് അറിയാമായിരുന്നു. പ്രതികളുടെ കാർ തമിഴ്നാട് ടോൾബൂത്ത് കടന്നതാണ് നിർണായകമായത്. അന്വേഷണത്തിൽ പ്രതികൾ വയനാട്ടിലേക്കു കടന്നെന്ന നിർണായക കണ്ടെത്തലിലേക്കെത്തി. കവർച്ചയ്ക്കുപയോഗിച്ച പ്രതി അനിലിന്റെ പേരിലുള്ള പുതിയ മോഡൽ ബൈക്കിനെക്കുറിച്ചുള്ള വിവരങ്ങളും പോലീസിനു ലഭിച്ചിരുന്നു. അടുത്ത ദിവസം തന്നെ പ്രതികൾ സ്വർണവുമായി കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
/
Content Highlights: Malavika Jewellery owner Jayaraman taken into custody for questioning, Vaishnavi Gold owner Nandakumar accused Jayaraman of threats and business rivalry, Earlier arrests included four suspects from Wayanad and Thiruvananthapuram with 488 grams of stolen gold, Police investigating potential business conspiracy behind the heist
Published: 15 Nov 2026, 01:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented