തിരൂർ: ശബരിമലയിലെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് അപകീർത്തി പ്രസംഗം നടത്തിയെന്ന ആരോപണത്തിൽ ആക്ടിവിസ്റ്റ് സണ്ണി എം. കപിക്കാടിനെതിരെ തിരൂർ പോലീസ് കേസെടുത്തു. ഹിന്ദു ഐക്യവേദി വെട്ടം പഞ്ചായത്ത് കമ്മിറ്റിയുടെ പരാതിയിലാണ് കേസെടുത്തത്. ഹിന്ദു ഐക്യവേദി തിരൂർ താലൂക്ക് സെക്രട്ടറി ഇടത്തോട്ടിൽ മനോജ് കുമാറും തിരൂർ എസ്.എസ്.എച്ച്.ഒ.യ്ക്ക് പരാതി നൽകിയിരുന്നു.

To advertise here,

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയുടെ മുന്നിൽ സമരം നടത്തുന്ന സർവകലാശാലയിലെ ഗവേഷക വിദ്യാർഥി അനഘ ശശിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ പരിപാടിയിലാണ് സണ്ണി എം. കപിക്കാട് അയ്യപ്പനെതിരെ മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചത് എന്നാണ് പരാതി.

വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ പ്രധാന ആക്ഷേപം. പ്രസംഗത്തിൽ അയ്യപ്പനെയും മാളികപ്പുറത്തമ്മയേയും കുറിച്ച് അശ്ലീല പരാമർശം നടത്തിയെന്നാണ് ആക്ഷേപം. കപിക്കാടിന്റെ വാക്കുകൾ ഭക്തരുടെ മനസിൽ ആഴത്തിലുള്ള മുറിവേൽപിച്ചുവെന്ന് പരാതിയിൽ പറയുന്നു.

വിഷയത്തിൽ പ്രതിഷേധവുമായി നിരവധി സംഘടനകൾ രംഗത്തുവരികയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പന്തളം കൊട്ടാരം ഭാരവാഹികളും ബിജെപി തിരൂർ മണ്ഡലം കമ്മിറ്റിയും കപിക്കാടിന്റെ പ്രസ്താവനയെ അപലപിക്കുകയും കേസെടുക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.

വിഷയത്തിൽ കപിക്കാടിനെതിരെ കേസെടുത്തതായി ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സംഭവം വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് കപിക്കാടും രംഗത്തെത്തി. അയ്യപ്പനെക്കുറിച്ചോ മാളികപ്പുറത്തമ്മയെക്കുറിച്ചോ മോശമായ പരാമർശം നടത്തിയിട്ടില്ലെന്നും പ്രസംഗത്തിൽ ഉപയോഗിച്ച വാക്കുകളിൽ ഖേദമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.