തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'അതിമനോഹരം' ചിത്രീകരണം പമ്പയിൽ ആരംഭിച്ചു. മോഹൻലാൽ പോലീസ് വേഷത്തിൽ ചിത്രീകരണത്തിന്റെ ഭാഗമായതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സന്നിധാനത്തെ ഷൂട്ടിങ്ങിന് വനംവകുപ്പ് അനുമതി നിഷേധിച്ചിരുന്നു.

To advertise here,

നിലവിൽ പമ്പവരെ മാത്രമേ ചിത്രീകരണത്തിന് അനുമതിയുള്ളൂ. ഏറ്റവും പുതിയ ഹൈക്കോടതി നടപടി ചൂണ്ടിക്കാട്ടിയാണ് സന്നിധാനത്തെ അനുമതി നിഷേധിച്ചത്. ശബരിമല ക്ഷേത്രം ഉൾപ്പെടുന്ന ഭാഗം പെരിയാർ കടുവ സങ്കേതത്തിലാണ്. ഇതുകൊണ്ടാണ് ചിത്രീകരണത്തിന് വനംവകുപ്പിന്റെ അനുമതി ആവശ്യമായത്.

പമ്പ വരെ റാന്നി വനംവകുപ്പ് ഡിവിഷൻ അനുമതി നൽകിയിട്ടുണ്ട്. ചിത്രീകരണത്തിന് നേരത്തെ ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നു. മുഴുവൻ സ്‌ക്രിപ്റ്റും സമർപ്പിക്കണം എന്നതാണ് ഇതിനുവേണ്ടി ദേവസ്വം ബോർഡ് വെച്ച നിബന്ധന. ശബരിമല ക്ഷേത്രത്തെയോ വിശ്വാസ പ്രമാണങ്ങളെയോ ഹനിക്കുന്ന യാതൊന്നും ചിത്രത്തിലുണ്ടായിരിക്കരുത് എന്നുമുണ്ടായിരുന്നു നിബന്ധന. ഇതിന് പുറമെ അമ്പതിനായിരം രൂപ കെട്ടിവെക്കുകയും വനംവകുപ്പിൽ നിന്ന് അനുമതി തേടണമെന്നും നിബന്ധനവെച്ചിരുന്നു.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണെന്നാണ് സൂചന. രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. എസ്.ഐ. ടി.എസ്. ലൗലജൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മീര ജാസ്മിനാണ് നായിക. മോഹൻലാലിന്റെ 366-ാമത് ചിത്രമായ 'അതിമനോഹരം' ഡിസംബർ 24-നാണ് തിയേറ്ററുകളിലെത്തുക.