
തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം മടങ്ങിയ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ED) ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വന്തം നിലയ്ക്ക് കേസ് എടുത്തു.
പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിനെ (പ്രെഡിക്കേറ്റഡ് ഒഫൻസ്) അടിസ്ഥാനമാക്കിയാണ് ഇഡി പിഎംഎൽഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോലീസ് കേസിൽ പ്രതികളായ എല്ലാവരും ഇഡി കേസിലും പ്രതികളാണ്. പിണറായി വിജയന്റെ മകൾ വീണയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം തടസ്സപ്പെടുത്താനാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് ഇഡിയുടെ നിഗമനം.
ഈ ഗൂഢാലോചനയിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടോ എന്ന കാര്യവും കേന്ദ്ര ഏജൻസി വിശദമായി പരിശോധിക്കുന്നുണ്ട്. പോലീസിന്റെ വധശ്രമക്കേസ് ആധാരമാക്കിയാണ് ഇഡി ഇപ്പോൾ ഈ സംഭവത്തിൽ സ്വന്തമായി കേസെടുത്ത് മുന്നോട്ട് പോകുന്നത്. ഇതോടൊപ്പം അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയനും കുടുംബത്തിനുമെതിരെ കേസെടുക്കാനുള്ള നീക്കങ്ങളും സമാന്തരമായി നടക്കുന്നുണ്ട്.
കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഈ കേസുമായി ബന്ധപ്പെട്ട പലർക്കും ഇതിനോടകം തന്നെ ഇഡി നോട്ടീസ് നൽകിക്കഴിഞ്ഞു. കള്ളപ്പണക്കേസിലെ പ്രതികളെ സഹായിക്കാനും സിഎംആർഎൽ-എക്‌സാലോജിക് കേസിലെ അന്വേഷണം തടസ്സപ്പെടുത്താനുമാണ് ആക്രമണം നടത്തിയത് എന്നാണ് ഇഡിയുടെ പ്രധാന വാദം. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയും സാമ്പത്തിക ഇടപാടുകളും ഇഡി വിശദമായി പരിശോധിക്കും.
കേസിൽ ഗൂഢാലോചന മുൻപ് കാര്യമായി അന്വേഷിച്ചില്ലെന്ന് ആരോപിക്കുന്ന ഇഡി, അന്വേഷണം സിപിഎം നേതാക്കളിലേക്ക് അടക്കം വ്യാപിപ്പിക്കും. നേരത്തെ കേസിൽ പ്രതിയായ ഐ.പി. ബിനു ഉൾപ്പെടെയുള്ളവർ സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.
പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന് ഇഡി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ സർക്കാരിന്റെ നിലപാടിനായി കാക്കുകയാണ് ഇഡി. വിജിലൻസ് കേസ് എടുക്കുകയാണെങ്കിൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും.
സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവ് ശേഖരിക്കുന്നതിനായി സിഎംആർഎൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴോളം പേർക്ക് ഇഡി ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടുണ്ട്.
Content Highlights: The Enforcement Directorate (ED) has filed a case following an attack on its officials after a search at the residence of opposition leader Pinarayi Vijayan, linking it to an ongoing investigation involving his daughter Veena. The ED is investigating potential involvement of CPM leaders in the conspiracy and has registered a case under the Prevention of Money Laundering Act (PMLA), based on a police-registered murder attempt case.
Published: 09 Sept 2026, 06:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented