
കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടെ വിധി പകർപ്പ് പുറത്ത്. 307 പേജുകളുള്ള കോടതിയുടെ വിധി പകർപ്പാണ് പുറത്തുവന്നത്. കേസിൽ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും നാല് പ്രതികൾക്ക് അഞ്ച് വർഷം തടവിനുമാണ് കോടതി ശിക്ഷ വിധിച്ചത്.
കൊലപാതകവും ഗൂഢാലോചനയും സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. ഒന്നുമുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10,14 പ്രതികൾക്കും കൊലപാതകത്തിലുള്ള പങ്ക് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടുണ്ടെന്നും വിധി പകർപ്പിൽ വ്യക്തമാക്കുന്നു. കേസ് തെളിയിക്കുന്നതിന് ശാസ്ത്രീയ തെളിവുകൾ നിർണായകമായി. മരിച്ച കൃപേഷിന്റേയും ശരത് ലാലിന്റേയും ഡി.എൻ.എ സാംപിളുകൾ കൊല ചെയ്യാൻ ഉപയോഗിച്ച വാളിൽ നിന്നും കണ്ടെത്തി. 2,3,5 പ്രതികളുടെ രക്തം കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തിലും കണ്ടെത്താൻ സാധിച്ചു.
അതേസമയം കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്നും കൊലപാതക കേസുകളിൽ കൊടുക്കാവുന്ന പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് ശിക്ഷയാണെന്നും വിധി പകർപ്പിൽ പറയുന്നു.
പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും 2 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഒന്നു മുതൽ എട്ടുവരെ പ്രതികളായ എ.പീതാംബരൻ, സജി സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ (അബു), ഗിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു), സുബീഷ് (മണി) എന്നിവരാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. കൊലപാതകം ചെയ്യുന്നതിനുള്ള ഗൂഢാലോചനയടക്കം നടത്തിയത് ഇവരാണ്. ഇവർക്ക് സഹായം ചെയ്തുകൊടുത്തവരാണ് പത്താം പ്രതി ടി. രഞ്ജിത്ത്(അപ്പു), 15–ാം പ്രതി എ.സുരേന്ദ്രൻ എന്നിവർ.
ഈ പത്ത് പ്രതികൾക്കും കൊലപാതകത്തിന് പ്രത്യേകം ജീവപര്യന്തം ശിക്ഷയും ഗൂഡാലോചനക്ക് പ്രത്യേകം ജീവപര്യന്തം ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്. അങ്ങനെയാണ് പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത്. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ഇതെല്ലാം.
കെ വി കുഞ്ഞിരാമൻ എം എൽ എ അടക്കമുള്ള നാല് പേർക്ക് അഞ്ച് വർഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. 4-ാം പ്രതി കെ. മണികണ്ഠൻ, 20–ാം പ്രതി മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി, 22–ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരെയാണ് അഞ്ച് വർഷം കഠിനതടവിന് ശിക്ഷിച്ചിരിക്കുന്നത്. പിഴത്തുക കൃപേഷിന്റെയും ശരത് ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു.
കേസിന്റെ അന്തിമവിധിയുടെ വാദത്തിനിടെ ശിക്ഷയിളവ് തേടിക്കൊണ്ട് മിക്ക പ്രതികളും കോടതിക്ക് മുമ്പാകെ ഉന്നയിച്ചിരുന്നത് പ്രായമായ മാതാപിതാക്കൾ ഉള്ള കുടുംബം, കുടുംബത്തിന്റെ ഏക അത്താണി തുടങ്ങിയവയാണ്. ബിരുദം പൂർത്തിയാക്കണമെന്നും പട്ടാളക്കാരൻ ആകണമെന്നുമായിരുന്നു ആഗ്രഹമെന്നും ഏഴാം പ്രതി അശ്വിൻ കോടതിയിൽ പറഞ്ഞു. പ്രതികളെ പ്രായമായ തങ്ങളുടെ കുടുംബാംഗങ്ങൾക്ക് കാണാനായി എറണാകുളത്തെ ജയിലിലേക്ക് വരാൻ സാധിക്കില്ലെന്നും അതിനാൽ കണ്ണൂർ സെൻട്രൽ ജയിലിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായും വിധി പകർപ്പിൽ വ്യക്തമാക്കുന്നു.
2019 ഫെബ്രുവരി 17ന് രാത്രി 7.45നായിരുന്നു പെരിയ കല്യോട്ടുവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്കു മടങ്ങവേ ജീപ്പിലെത്തിയ അക്രമികൾ ഇവരെ ഇടിച്ചിട്ട ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
ലോക്കൽ പൊലീസിന്റെ അന്വേഷണത്തിനു ശേഷം ക്രൈംബ്രാഞ്ച് 14 പേരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐ 24 പേരെ പ്രതി ചേർത്ത് പുതിയ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. സി.ബി.ഐ കോടതി ഇതിൽ 14 പേര്‍ കുറ്റക്കാരാണെന്നു കണ്ടെത്തുകയും 10 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയ 14 പേരിൽ 10 പേരും സിബിഐ അധികമായി ചേർത്ത പത്ത് പ്രതികളിൽ നാല് പേരെയുമാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
Content Highlights: periya double murder cbi court verdict
Published: 03 Jan 2025, 05:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented