കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പത്താംപ്രതി രഞ്ജിത്തിന് വീണ്ടും പരോൾ. രണ്ട് മാസം മുൻപും പ്രതിക്ക് പരോൾ ലഭിച്ചു. ഇത് കടുത്ത വിമർശനത്തിന് വഴിവച്ചിരുന്നു. കേസിലെ മറ്റു പ്രതികളായ പീതാംബരൻ, ജിജിൻ, എന്നിവരും പരോളിലാണ്. സിപിഎം ബന്ധമുള്ള ക്രിമിനലുകൾക്ക് തോന്നും പടി പരോൾ അനുവദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് നിയമസഭയിൽ ആരോപിച്ചിരുന്നു. അനധികൃത പരോളിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഈ പശ്ചാത്തലത്തിലാണ് പത്താം പ്രതിക്ക് പരോൾ അനുവദിച്ച വിവരം പുറത്തുവരുന്നത്.

To advertise here,

കേസിൽ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികളിലൊരാളായ സുബീഷിന് കഴിഞ്ഞ വർഷം പരോൾ അനുവദിച്ചത് വലിയ ചർച്ചയായിരുന്നു. ശിക്ഷ മരവിപ്പിക്കണമെന്നഭ്യർഥിച്ച് സുബീഷ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതി ഇതു തള്ളിയതിന് പിന്നാലെയാണ് സർക്കാർ പരോൾ അനുവദിച്ചത്.

ശരതിന്റെയും കൃപേഷിന്റെയും കേസിൽ മാത്രമല്ല. സിപിഎം പ്രതിസ്ഥാനത്ത് വരുന്ന കേസിലെല്ലാം ഇതേ നടപടിയാണ് തുടർന്ന് പോകുന്നതെന്ന് ശരത്‌ലാലിന്റെ പിതാവ് സത്യനാരായണൺ പറഞ്ഞു. ഇതിനെതിരേ നിയമപരമായി പോരാടാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നിങ്ങൾക്ക് എന്തും ചെയ്യാം, നോക്കാൻ ഞങ്ങളുണ്ട് എന്ന സന്ദേശമാണ് ക്രിമിനലുകൾക്ക് ഈ സർക്കാർ നൽകുന്നത്. തികച്ചും നീചവും നികൃഷ്ടവുമായ പ്രവൃത്തിയാണിത്. ടൂറ് പോകുന്ന പോലെയാണ് പ്രതികൾ ജയിലിൽ പോയി വരുന്നത്. ജനങ്ങളുടെ പണമെടുത്താണ് ക്രിമിനലുകൾക്ക് നിയമസഹായം സർക്കാർ നൽകുന്നത്’- ശരത്‌ലാലിന്റെ അച്ഛൻ സത്യനാരായണൺ പറഞ്ഞു.

2019 ഫെബ്രുവരി 17 നാണ് കാസർഗോഡ് പെരിയ കല്യാട് സ്വദേശികളായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. വിവിധ വാഹനങ്ങളിലെത്തിയ കൊലയാളി സംഘം ഇരുവരും യാത്ര ചെയ്തിരുന്ന ബൈക്ക് തടഞ്ഞുനിർത്തിയ ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്.

സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരുമടക്കം 14 പേരാണ് കേസിലെ പ്രതികൾ. പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനാണ് ഒന്നാം പ്രതി.