കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത്ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 14-ാം പ്രതി കെ. മണികണ്ഠന് തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്. ആറുവർഷത്തേക്കാണ് വിലക്കെന്ന് ഉത്തരവിൽ പറയുന്നു. തിരഞ്ഞെടുപ്പിൽ ആറുവർഷത്തേക്ക് മത്സരിക്കുന്നതിന് മണികണ്ഠനെ അയോഗ്യനാക്കിയ വിധിയിലാണ് കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന മണികണ്ഠൻ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻപാകെ കേസ് വിസ്താരം നടക്കുന്ന വേളയിൽ പ്രസിഡന്റ് സ്ഥാനവും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും രാജിവെച്ചിരുന്നു. രാജിവെച്ചെന്നും അതിനാൽ തുടർനടപടികൾ ഒഴിവാക്കണമെന്നുമുള്ള മണികണ്ഠന്റെ അഭ്യർഥന കമ്മിഷൻ സ്വീകരിച്ചിരുന്നില്ല.
മണികണ്ഠൻ സ്ഥാനത്തില്ലെങ്കിലും വിസ്താരം തുടരുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത കല്പിച്ചുള്ള വിധി പറയുകയുമായിരുന്നു. കോൺഗ്രസ് നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗവും കൊല്ലപ്പെട്ട ശരത്ലാലിന്റെ ബന്ധുവുമായ അഡ്വ. എം.കെ. ബാബുരാജാണ് മണികണ്ഠനെതിരേ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. സിബിഐ കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിച്ച മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമനുൾപ്പെടെയുള്ള നാലുപേരിലൊരാളാണ് മണികണ്ഠൻ.
ആനുകൂല്യങ്ങൾ തിരിച്ചടയ്ക്കണം-പി.കെ. ഫൈസൽ
കാഞ്ഞങ്ങാട്: ഇരട്ടക്കൊലക്കേസിലെ പ്രതി മണികണ്ഠൻ അയോഗ്യനാക്കപ്പെട്ടത് 2025 ജനുവരി മൂന്നിന് സിബിഐ കോടതി വിധി വന്നപ്പോൾ മുതലാണെന്നും അതിനുശേഷം ആറുമാസം കഴിഞ്ഞാണ് അദ്ദേഹം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതെന്നും അതിനാൽ അത്രയും മാസം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിരുന്ന് കൈപ്പറ്റിയ സകല ആനൂകൂല്യങ്ങളും തിരിച്ചടയ്ക്കണമെന്നും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ആവശ്യപ്പെട്ടു. കൊലക്കേസിൽ പ്രതിയായി ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രതി കെ.വി. കുഞ്ഞിരാമനും ഫോക്ലോർ അക്കാദമിയുടെ വൈസ് ചെയർമാൻ എന്ന നിലയിൽ സർക്കാരിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ട്. ഈ സർക്കാർ കൊലപാതകികളെ സംരക്ഷിക്കുകയും സർക്കാരിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയുമാണ്-ഫൈസൽ ആരോപിച്ചു.
Content Highlights: periya double murder case accused election commission ban
Published: 03 Sept 2025, 07:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented