പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയെ പോത്തുണ്ടി മാട്ടായിയില്‍ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപക തിരച്ചില്‍. മാട്ടായി ക്ഷേത്രത്തിന് സമീപം ചെന്താമരയെപ്പോലെ ഒരാളെ കണ്ടുവെന്ന് പോലീസിനോട് പ്രദേശവാസി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ ശക്തമാക്കിയത്. സഞ്ചിയുമായി ഒരാള്‍ ഓടിപ്പോകുന്നത് കണ്ടതായി വോളിബോള്‍ കളിക്കുന്ന കുട്ടികള്‍ പോലീസിനോട് പറയുകയുണ്ടായി. പോലീസിനൊപ്പം നാട്ടുകാരും തിരച്ചിലില്‍ പങ്കെടുക്കുകയാണ്. 

To advertise here,

മട്ടായി കുന്നിന് സമീപത്തടക്കം തിരച്ചില്‍ നടക്കുന്നു. പ്രദേശത്ത് പഞ്ചായത്തിന്റെ വലിയ വാട്ടര്‍ ടാങ്കില്‍ അടക്കം തിരച്ചില്‍ നടത്തി. കാടു കയറിയതിനാല്‍ മറഞ്ഞിരിക്കാന്‍ എളുപ്പമുള്ള പ്രദേശമാണിത്. ചെന്താമരയെ കണ്ടെത്താതെ സമാധാനമായി ജീവിക്കാന്‍ സാധിക്കില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇയാളെ പിടികൂടാതെ പിന്‍മാറില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. താന്‍ ഇനിയും ആളുകളെ കൊല്ലുമെന്ന് ചെന്താമര പറഞ്ഞതായി ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ഒരാള്‍ വെളിപ്പെടുത്തിയിരുന്നു. ഇതു തന്നെയാണ് ആശങ്ക സൃഷ്ടിക്കുന്നത്. 

തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു നെന്മാറയിലെ ഇരട്ടക്കൊലകപാതകം. 2019-ല്‍ സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.  ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞുവെന്നും തുടര്‍ന്ന് സജിതയെ സംശയിക്കുകയായിരുന്നുവെന്നും കരുതപ്പെടുന്നു. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്. 

ചെന്താമര തങ്ങളെ ഉപദ്രവിക്കുമെന്ന് കൊല്ലപ്പെട്ട സുധാകരന് ഭയമുണ്ടായിരുന്നു. ചെന്താമര ജാമ്യത്തിലിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 29-ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് സുധാകരന്റെ മക്കള്‍ അതുല്യയും അഖിലയും പറയുന്നു. 

ജയിലില്‍നിന്നിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിലെ വീട്ടിലെത്തിയത്. സജിത വധക്കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ, പ്രതിയുടെ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പോലീസിനും പ്രോസിക്യൂഷനുമായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ നെന്മാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും നെന്മാറ ഗ്രാമപ്പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയേ ഉള്‍പ്പെടുത്തിയുള്ളൂ. ഈ വ്യവസ്ഥ ലംഘിച്ചാണ് ഡിസംബര്‍ 29-ന് ചെന്താമര സ്വന്തം വീട്ടിലെത്തിയതും  സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയതും.