
കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിലുള്ള കോസ്മോസിൻ ലോഞ്ചിൽ അതൊരു സാധാരണ രാത്രിയായിരുന്നു. വാരാന്ത്യം ആഘോഷിക്കുന്നതിനായി ഒത്തുകൂടിയവർക്കായി സ്പീക്കറുകളിൽ വലിയ ശബ്ദത്തിൽ പാട്ടുയർന്നു, ഡിസ്‌കോ ലൈറ്റുകൾ തെളിഞ്ഞു മിന്നി, ഡിജെ പ്രശസ്തമായ ഹിന്ദി ഗാനങ്ങൾ പ്ലേ ചെയ്തു. മറ്റുള്ളവരെപ്പോലെ പാട്ടിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു ഷാലു മിനോച്ചയും. അതേസമയം, ഇന്ദിരാനഗറിലെ ഫ്ളാറ്റിൽ അവളുടെ ഭർതൃപിതാവ് മുൻ ജോലിക്കാരന്റെയും കൂട്ടാളിയുടേയും കുത്തേറ്റ് ചോരയിൽക്കിടന്ന് പിടയുകയായിരുന്നു.
കാൺപുരിയെ അതിസമ്പന്നർ താമസിക്കുന്ന പ്രദേശമാണ് ഇന്ദിരാനഗർ. അവിടെ, കഴിഞ്ഞ ശനിയാഴ്ചയാണ് പ്രമുഖ ഫാർമസ്യൂട്ടിക്കൽ വ്യവസായിയായിരുന്ന വിനീത് മിനോച്ച സ്വന്തം ഫ്ളാറ്റിനുള്ളിൽവെച്ച് അതിദാരുണമായി കൊല്ലപ്പെട്ടത്. അതിന് ക്വട്ടേഷൻ കൊടുത്തതാകട്ടെ സ്വന്തം മകന്റെ ഭാര്യയും. തന്റെ സ്വകാര്യതയ്ക്കും വിനോദങ്ങൾക്കും ഭർത്താവിന്റെ പിതാവ് തടസ്സം നിൽക്കുന്നു എന്നാരോപിച്ചാണ് അദ്ദേഹത്തിന്റെ മരുമകളായ ഷാലു മിനോച്ച ഈ ക്രൂരമായ കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
തന്റെ പദ്ധതി പ്രകാരം സ്വന്തം വീട്ടിൽ കൊലപാതകം നടക്കുമ്പോൾ ഷാലു ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം പാർട്ടിയിൽ നൃത്തം ചെയ്യുകയും ഫോണിലൂടെ കൊലയാളികൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുകൊണ്ടിരുന്നു. ഈ ഫോൺകോളുകളാണ് പോലീസിന് ലഭിച്ച ഏറ്റവും സുപ്രധാന തെളിവ്. കുടുംബത്തിലെ പഴയൊരു ജോലിക്കാരനും കൂട്ടാളിയും ചേർന്നാണ് 63-കാരനായ വ്യവസായി വ്യവസായിലെ കൊലപ്പെടുത്തിയത്. 26 തവണയാണ് ഇവർ വിനീതിനെ കുത്തിയത്.
കൊലപാതകത്തിന് പിന്നിലെ പ്രധാന സൂത്രധാര ഷാലുവാണെന്നും, പിന്നീട് കുറ്റകൃത്യത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന് അവർ അഭിനയിക്കുകയായിരുന്നു എന്നും പോലീസ് അവകാശപ്പെടുന്നു. സംഭവദിവസം രാത്രി വീട്ടിൽ കൊലപാതകം നടക്കുമ്പോൾ ശാലു കൂട്ടുകാരോടൊപ്പം പാർട്ടി നടത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാൽ വീട്ടിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് കൃത്യമായ വിവരമുണ്ടായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്ത ശേഷം ശാലു വീട്ടിൽ നിന്ന് പോയെങ്കിലും ഫോണിലൂടെ കൊലയാളിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് പറയുന്നു.
കൊലപാതക അന്വേഷണത്തിന്റെ പ്രധാന ഭാഗമായി പോലീസ് ഇപ്പോൾ പാർട്ടിയുടെ സമയക്രമം, സിസിടിവി ദൃശ്യങ്ങൾ, ഫോൺ കോൾ വിവരങ്ങൾ, പ്രതികൾ തമ്മിലുള്ള സംഭാഷണങ്ങൾ എന്നിവ പരിശോധിച്ചു വരികയാണ്. കൊലപാതക ഗൂഢാലോചനയിലെ പങ്ക് മറയ്ക്കാനുള്ള ഷാലുവിന്റെ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ പാർട്ടി എന്ന് പോലീസ് സംശയിക്കുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കുടുംബത്തിലെ മുൻ ജീവനക്കാരനായ വിശാലും സുഹൃത്ത് രാജ് കിഷോറുമാണ് ആദ്യം അറസ്റ്റിലായത്.
ഒരു ഏറ്റുമുട്ടലിനൊടുവിൽ കാലിൽ വെടിവെച്ച് വീഴ്ത്തിയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതികൾ ഷാലുവിന്റെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തിയത്. കൊലപാതകം നടത്തുന്നനായി ഷാലു തനിക്ക് ആറുലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായി വിശാൽ പോലീസിനോട് വെളിപ്പെടുത്തി. 36-കാരിയായ ഷാലു കസ്റ്റഡിയിലെടുത്ത ആദ്യഘട്ടത്തിൽ നിരപരാധിയായി നടിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
പണത്തിനുമേലുള്ള അധികനിയന്ത്രണവും രാത്രി വൈകി പാർട്ടി നടത്താൻ അനുവദിക്കാത്തതിലുള്ള കടുത്ത അമർഷവും നിരന്തരമായ നിരീക്ഷണവുമാണ് ഷാലുവിനെ ഇത്തരമൊരു ക്രൂരകൃത്യംചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. വീട്ടിലെ സിസിടിവി ക്യാമറകൾ വഴി ഭർതൃപിതാവ് തന്റെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നുവെന്നും വൈകി വരുന്നത് എതിർത്തിരുന്നുവെന്നും ഷാലു അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം.
ഗാർഹിക ചെലവുകളിൽ തനിക്കുമേൽ കടുത്ത നിയന്ത്രണമുണ്ടായിരുന്നുവെന്നും ചെറിയ കാര്യങ്ങൾക്ക് പോലും ഭർതൃപിതാവിനോട് പണം ചോദിക്കേണ്ടി വന്നിരുന്നുവെന്നും അവർ പറഞ്ഞു. ജൂലൈ 28-ന് വൈകി വീട്ടിലെത്തിയ ഷാലു ഭർതൃപിതാവുമായി വഴക്കിട്ടതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതായിരുന്നു കേസിലെ ഇതായിരുന്നു പ്രധാന വഴിത്തിരിവ്. കൊലപാതകത്തിനായി വിശാലിന് ആറുലക്ഷം രൂപയാണ് ഷാലു വാഗ്ദാനം ചെയ്തിരുന്നത്. ഞായറാഴ്ച രണ്ടു ലക്ഷം രൂപ നൽകി.
ബാക്കി തുക 15 ദിവസത്തിന് ശേഷം നൽകാം എന്ന് ഉറപ്പുനൽകിയ ശേഷമാണ് വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഷാലു കൊലപാതകികൾക്ക് കൈമാറിയത്. വീട്ടുകാരോട് എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞ് വെള്ളിയാഴ്ച വിശാലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഷാലു കൊലപാതക കരാർ ഉറപ്പിച്ചത്. തൊട്ടടുത്ത ദിവസം, ശനിയാഴ്ച ഭർത്താവിനെയും കുട്ടിയേയും കൂട്ടി ഷാലു പാർട്ടിക്ക് പോയി, ഇതിന് പിന്നാലെയാണ് വിശാലും കിഷോറും ഇവരുടെ വീട്ടിലെത്തിയത്.
മരുന്ന് നൽകാൻ വന്നതാണെന്ന് സെക്യൂരിറ്റി ഗാർഡിനോട് പറഞ്ഞ് ഷാലു തന്നെയാണ് പ്രതികൾക്ക് അകത്തുകടക്കാൻ സഹായം നൽകിയത് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുതിർന്ന വ്യക്തിയെ ശ്വാസം മുട്ടിച്ച് കൊന്ന് ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു സംഘത്തിന്റെ ആദ്യ പദ്ധതി. എന്നാൽ വയോധികൻ റൂമിന് പുറത്തെത്തുകയും അക്രമികളുടെ മുന്നിൽ പെടുകയും ചെയ്തതോടെ അവർ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. പിന്നാലെ അപ്പാർട്ട്മെന്റിൽ നിന്ന് ഓടിരക്ഷപ്പെട്ടു.
പുലർച്ചെ മൂന്നുമണിയോടെ ഷാലുവും ഭർത്താവും തിരിച്ചെത്തിയപ്പോളാണ് കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വിനീത് മിനോച്ചയെ കണ്ടത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞതും അവരിലൂടെ ഷാലുവിന്റെ പങ്കിനെക്കുറിച്ച് അറിയുന്നതും. പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഷാലു റിമാൻഡിലാണ്.
അതേസമയം, ഷാലു നിരപരാധിയാണെന്ന് അവകാശപ്പെട്ട് അവരുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. കുടുംബത്തെ ഒന്നിച്ചുനിർത്തിയ നല്ലൊരു മരുമകളും ഭാര്യയും അമ്മയുമായിരുന്നു ഷാലു എന്നും കേസിൽ നിഷ്പക്ഷമായ പോലീസ് അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. ഷാലുവിന് ഭർത്താവിന്റെ പിതാവുമായി സൗഹാർദ്ദപരമായ ബന്ധമായിരുന്നുവെന്നും, അദ്ദേഹത്തിന് പ്രമേഹമുള്ളതിനാൽ ഭക്ഷണകാര്യങ്ങളിൽ വരെ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും ഷാലുവിന്റെ മൂത്ത സഹോദരൻ ധീരജ് അറോറയും സഹോദരി സോണിയ മെഹ്റോത്രയും പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസമായി ജയിലിൽ കഴിയുന്ന ഷാലുവിനെ താൻ രണ്ടുതവണ സന്ദർശിച്ചുവെന്നും, അപ്പോഴെല്ലാം അവൾ മകനെയും ഭർത്താവിനെയും കുറിച്ചാണ് വീണ്ടും വീണ്ടും അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്നും ധീരജ് പറയുന്നു. ഭർത്താവും മകനും ഇതുവരെ ഷാലുവിനെ ജയിലിൽ വന്ന് കാണാൻ കൂട്ടാക്കിയിട്ടില്ല. അതേസമയം, കേസിലെ പ്രതികളിലൊരാളായ വിശാൽ ഷാലുവിന്റെ പേര് എടുത്തുപറഞ്ഞത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, അതിന്റെ കാരണം പോലീസ് തന്നെ കണ്ടെത്തണമെന്നാണ് ധീരജ് പറഞ്ഞത്.
വീട്ടിലെ ചെറിയ ജോലികൾക്കായി ബന്ധപ്പെടാൻ സുബ്രത് എന്ന പരിചയക്കാരനാണ് വിശാലിന്റെ ഫോൺ നമ്പർ ഷാലുവിന് നൽകിയതെന്നും, ഒരു ജീവനക്കാരൻ എന്ന നിലയിൽ മാത്രമേ ഷാലുവിന് അവനെ അറിയാമായിരുന്നുള്ളൂവെന്നും ധീരജ് അവകാശപ്പെട്ടു. ഷാലുവിനെതിരായ ഈ ആരോപണത്തിൽ തന്റെ മറ്റൊരു സഹോദരിയായ സോണിയയും അത്ഭുതപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഷാലുവിന് വീട്ടുചെലവുകൾക്ക് ആവശ്യത്തിന് പണം നൽകിയിരുന്നില്ലെന്ന വാദങ്ങൾ അവരുടെ സഹോദരി തള്ളി. ആവശ്യമുള്ളപ്പോഴെല്ലാം ഷാലുവിന് പണം ലഭിച്ചിരുന്നുവെന്നും വീട്ടിൽ യാതൊരുവിധ നിയന്ത്രണങ്ങളും നേരിട്ടിരുന്നില്ലെന്നുമാണ് സോണിയ പറയുന്നത്.
Content Highlights: Shalu Minocha is accused of orchestrating the murder of her father-in-law, Vineet Minocha, in Kanpur, Uttar Pradesh, due to personal grievances, including financial control and restrictions on her lifestyle. The murder was executed by a former employee and an accomplice, who were allegedly hired by Shalu for six lakh rupees; crucial evidence includes phone calls made by Shalu during the crime.
Published: 12 Sept 2026, 08:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented