മൂന്നാർ: തേനിയിൽനിന്ന് കൊണ്ടുവന്ന 8.185 കിലോ വൈക്കോൽ കറുപ്പുമായി (പോപ്പി സ്ട്രോ) ഒരാൾ പിടിയിൽ. ഇടമലക്കുടി സ്വദേശിയായ മോഹൻരാജിനെ (41)യാണ് അറസ്റ്റുചെയ്തത്.

To advertise here,

മൂന്നാർ എക്സൈസ് സർക്കിൾ ഓഫീസും ദേവികുളം എക്സൈസ് റെയ്‌ഞ്ച് ഓഫീസും ചേർന്ന് നടത്തിയ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായാണ് ലഹരിവേട്ട. സംസ്ഥാനത്ത് ആദ്യമായാണ് വൈക്കോൽ കറുപ്പ് പിടികൂടുന്നതെന്ന് എക്സൈസ് സംഘം അറിയിച്ചു. അതിനാൽ വിശദമായിത്തന്നെ അന്വേഷിക്കാനാണ് തീരുമാനം. കറുപ്പ് വേർതിരിച്ചശേഷം അവശേഷിക്കുന്ന തൊണ്ടാണ് വൈക്കോൽ കറുപ്പ്.‌

വ്യാഴാഴ്ച അർ‍ധരാത്രി 12.45-ന് മൂന്നാർ ടൗണിൽനിന്നാണ് ഇയാളെ പിടികൂടിയത്. തേനിയിൽനിന്നുള്ള ബസിൽ പ്ലാസ്റ്റിക് കവറുകളിലാക്കി വൈക്കോൽ കറുപ്പ്, മറ്റൊരു ബിഗ്ഷോപ്പറിൽ പൊതിഞ്ഞ് കൊണ്ടുവരുകയായിരുന്നു. ഇയാൾ ലഹരിവസ്തുക്കൾ കടത്തുന്നതായി നേരത്തേതന്നെ എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. രണ്ടുമാസമായി പ്രതിയെ നിരീക്ഷിച്ചുവരുകയായിരുന്നു.

‌ഇടുക്കി അസി. എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം എൻഫോഴ്‌സ്‌മെന്റ്-ഇന്റലിജൻസ് ബ്യൂറോ അന്വേഷണം നടത്തി പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. തേനിയിൽനിന്ന് ബസിൽ എത്തിക്കുന്ന ലഹരിവസ്തുക്കൾ മറ്റെന്തെങ്കിലും മാർഗത്തിൽ ഇടമലക്കുടിയിലേക്ക് കൊണ്ടുപോകുകയാണ് പതിവെന്നും കണ്ടെത്തി.

എത്രകാലമായി ഈ ലഹരി മൂന്നാറിൽ എത്തിച്ചിരുന്നുവെന്നും മറ്റുസ്ഥലങ്ങളിൽ എത്തിച്ചിട്ടുണ്ടോ എന്നും വകുപ്പ് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ സാമ്പത്തികസ്ഥിതിയും അന്വേഷിക്കും.

മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഹരികൃഷ്ണൻ, ദേവികുളം എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) നെബു, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജേഷ്, സുജിൻ, പ്രവീൺകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമ്യ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.