
കോട്ടയം: സംസ്ഥാനത്തെ ഏറ്റവുംവലിയ മാസപ്പടി പരാതിയുയർന്നത് 2020-ൽ കണ്ണൂരിലായിരുന്നു. ജില്ലയിലെ 34 ബാറുകളിൽനിന്നായി എക്സൈസ് ഉദ്യോഗസ്ഥർ പ്രതിമാസം എട്ടരമുതൽ 11.9 ലക്ഷം രൂപവരെ കൈക്കൂലി വാങ്ങുന്നുവെന്നായിരുന്നു അന്നത്തെ പരാതി. 2022-ൽ പാലക്കാട് നിന്ന് വിജിലൻസ് പിടിച്ചെടുത്ത 10.23 ലക്ഷം രൂപയാണ് എക്സൈസിലെ വലിയ കൈക്കൂലി തുക.
രണ്ട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഓഫീസുകളിൽനിന്ന് വിജിലൻസ് പരിശോധനയിൽ പിടിച്ചതായിരുന്നു പണം. ഡെപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ 14 ഉദ്യോഗസ്ഥരെയാണ് അന്ന് സസ്പെൻഡ് ചെയ്തത്. ചിറ്റൂരിൽ പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണത്തിൽ മൂന്ന് ഉദ്യോഗസ്ഥർ സസ്പെൻഷനിലായതിനു പിന്നാലെയായിരുന്നു ഇതും.
ആലപ്പുഴ എരമല്ലൂരിലെ ബാറിൽനിന്ന് പ്രതിമാസം 3.56 ലക്ഷം രൂപ എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകിയതായി ബാർ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നു. 2019-ൽ പെരുമ്പാവൂരിൽ കുന്നത്തുനാട് സർക്കിളിലെ 16 ബാറുകളിൽനിന്ന് പ്രതിമാസം 60,000 വാങ്ങിയെന്ന പരാതിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, റേഞ്ച് ഇൻസ്പെക്ടർ, പ്രിവന്റീവ് ഓഫീസർ എന്നിവെരെ സസ്പെൻഡ് ചെയ്തു, പിന്നീട് 20 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.
2024-ൽ തൃപ്പൂണിത്തുറ പേട്ടയിൽ മദ്യക്കുപ്പികൾ കൈക്കൂലിയായി വാങ്ങിയെന്ന കേസിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ വിജിലൻസ് അറസ്റ്റ് ചെയ്തു. 2025-ൽ ബാറുകളിൽനിന്ന് പണം പിരിച്ചെന്ന ആരോപണത്തിൽ ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടറെയും വിജിലൻസ് പിടികൂടി. തൃശ്ശൂരിൽ 2024-ൽ നടത്തിയ പരിശോധനയിൽ 70,470 രൂപയും 12 മദ്യക്കുപ്പികളും കേക്കുകളും പിടിച്ചെടുത്തു.
വിവിധ ബാറുകളിൽനിന്ന് കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലൻസ് റിപ്പോർട്ട്. എക്സൈസ് ഉദ്യോഗസ്ഥർക്ക് വർഷത്തിൽ 15 തവണ 30,000 രൂപവീതം മാസപ്പടി നൽകുന്നുവെന്നതായായിരുന്നു തൃശ്ശൂരിലെ ബാർ ഉടമകളുടെ പരാതി. 2025–ൽ ചാലക്കുടിയിൽ ബാറുടമകളിൽനിന്നും കള്ളുഷാപ്പ് കോൺട്രാക്ടർമാരിൽ നിന്നും മാസപ്പടിയായി വാങ്ങിയ 32,500 രൂപയുമായി പടിയിലായത് റേഞ്ച് ഇൻസ്പെക്ടറായിരുന്നു.
കോട്ടയത്ത് 20-ലേറെ ബാറുകളിൽനിന്ന് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങിയതിന്റെ രേഖകളാണ് ഓപ്പറേഷൻ ബീജാപ്പൂരിൽ തെളിഞ്ഞത്. ഒരുബാറിൽനിന്ന് 15,000 വരെ ഡെപ്യൂട്ടി കമ്മിഷണർ വാങ്ങിയിരുന്നു. ഏഴ് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. ഈ കേസിൽ തുടരന്വേഷണം വിജിലൻസിന് കൈമാറാനുള്ള നടപടികളാണ് നടന്നുവരുന്നത്.
പടിയില്ലെങ്കിൽ ‘അടി’ ഉറപ്പ്
പണം നൽകിയില്ലങ്കിൽ മദ്യത്തിന്റെ സ്റ്റോക്ക് പിടിച്ചുവെയ്ക്കുക, ആവശ്യമായ ക്ലിയറൻസ് നൽകുന്നതിൽ കാലതാമസം വരുത്തുക, പരിശോധനകളിലൂടെ ബാറുടമകളെ സമ്മർദ്ദത്തിലാക്കുക, വ്യാജ സാമ്പിളുകളെടുത്ത് ലൈസൻസ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങി പ്രതികാരനടപടികൾ ഉണ്ടാകുമെന്നാണ് ബാറുടമകൾ പറയുന്നത്.
ഓപ്പറേഷൻ ബീജാപ്പുർ – അവസാനിച്ചു
(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
Content Highlights: Extensive bribery allegations have emerged against excise officials in Kerala, with significant sums reportedly collected from bars across various districts, including Kannur, Palakkad, and Kottayam. Multiple excise officials have been suspended or arrested following vigilance operations, with accusations of accepting monthly bribes and other illicit benefits from bar owners.
Published: 04 Sept 2026, 10:57 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented