തിരുവനന്തപുരം: മണ്ണന്തല രഞ്ജിത്ത് വധക്കേസിൽ പ്രതികൾക്ക് ശിക്ഷവിധിച്ചു. ഒന്നാംപ്രതിക്കും 11-ാം പ്രതിക്കും ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. സിപിഎം നേതാവും ഒന്നാം പ്രതിയുമായ അമ്പലമുക്ക് കൃഷ്ണകുമാർ, പതിനൊന്നാം പ്രതി കരാട്ടെ സുരേഷ് എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. മറ്റ് പ്രതികൾക്ക് ജീവപര്യന്തം തടവും വിധിച്ചു. തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആകെ 12 പ്രതികളുള്ള കേസിൽ 10 പേർക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞിരുന്നു. പ്രതികളിൽ ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല. ആക്രമണം നടന്ന് 18-ാം വർഷത്തിലാണ് വിധിവരുന്നത്. പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു.
2008 ഒക്ടോബർ 17-ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണ്ണന്തലയിലെ കോട്ടമുകളിലെ തന്റെ ബേക്കറിയിൽ രഞ്ജിത്ത് നിൽക്കവെ രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
സിപിഎം നേതാവും ഒന്നാം പ്രതിയുമായ അമ്പലമുക്ക് കൃഷ്ണകുമാറിന്റെ ഉറ്റസുഹൃത്തായ വഞ്ചിയൂർ വിഷ്ണു കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്ത്. 2008 ഏപ്രിൽ ഒന്നിനാണ് പാസ്പോർട്ട് ഓഫീസിന് മുന്നിൽ വെച്ച് വഞ്ചിയൂർ വിഷ്ണു കൊല്ലപ്പെടുന്നത്. ഈ കേസിലെ 13 പ്രതികളെയും പിന്നീട് ഹൈക്കോടതി വെറുതെ വിട്ടിരുന്നു. വിഷ്ണുവിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് രഞ്ജിത്തിനെ വെട്ടിക്കൊന്നതെന്നാണ് പ്രോസിക്യൂഷൻ കേസ്.
സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും നേതാവുമായ വഞ്ചിയൂർ ഹരിപ്രസാദ്, അമ്പലമുക്ക് കൃഷ്ണകുമാർ അടക്കം 11 പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്. കേസിലെ രണ്ടാം പ്രതി പാൽക്കുളങ്ങര സ്വദേശിയായ 'വെള്ളി നാരായണൻ' എന്ന നാരായണൻകുട്ടിയാണ്. കൊലപാതകം നടന്ന് 18 വർഷമായിട്ടും ഇയാളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾ ഇപ്പോഴും ഒളിവിലാണ്.
Content Highlights: Court pronounces verdict in the 18-year-old Mannanthala Ranjith murder case., Prime accused Ambalamukku Krishnakumar and 11th accused Karate Suresh given double life imprisonment., Other convicted defendants sentenced to life imprisonment by Thiruvananthapuram Additional District Sessions Court., Murder was allegedly committed as revenge for Vanchiyoor Vishnu's murder.
Published: 18 Nov 2026, 03:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented