തിരുവനന്തപുരം: പാങ്ങാപ്പാറ അഭിരാം വധക്കേസിൽ പ്രതി ഉമറുമായി വീണ്ടും പോലീസിന്റെ തെളിവെടുപ്പ്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. കൊല നടന്ന സ്ഥലത്തിന് സമീപത്തെ കിണറ്റിലെ വെള്ളം വറ്റിച്ചാണ് പരിശോധന നടത്തുന്നത്.

To advertise here,

കഴക്കൂട്ടം അഗ്‌നിരക്ഷാ സേനയും ചെങ്കൽചൂളയിൽ നിന്നും സ്‌കൂബാ സംഘവും എത്തിയിട്ടുണ്ട്. കിണറ്റിൽ ബെൽറ്റും ഫോണും മറ്റും ഉണ്ടെന്നാണ് സംശയം. ആദ്യം ഒമർ കാണിച്ചുകൊടുത്ത സ്ഥലത്തിന് എതിർവശത്തെ മറ്റൊരു പുരയിടത്തിലാണ് ഈ കിണർ.

കേസിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതികൾ ഉൾപ്പെടെയുള്ളവരുടെ ആസൂത്രിതമായ നീക്കങ്ങളും പരസ്പരവിരുദ്ധമായ മൊഴികളും അന്വേഷണസംഘത്തെ കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് പോലീസ് വീണ്ടും തെളിവെടുപ്പിനെത്തിയത്. കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് നിർണായക തൊണ്ടിമുതലുകളോ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല.

കൊല്ലപ്പെട്ട അഭിരാം സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ, കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റ്, അഭിരാമിന്റെയും സുഹൃത്ത് ആനന്ദിന്റെയും മൊബൈൽ ഫോണുകൾ എന്നിവ കണ്ടെത്തെണ്ടതുണ്ട്. തെളിവുകൾ നശിപ്പിക്കുന്നതിനായി പ്രതികൾ പലവിധ മാർഗങ്ങൾ സ്വീകരിച്ചതായാണ് പോലീസ് കരുതുന്നത്. തൊണ്ടിമുതലുകൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നായിരുന്നു 17-കാരനായ ഒന്നാം പ്രതിയുടെ ആദ്യമൊഴി. എന്നാൽ, ഇവ കുറ്റിക്കാട്ടിലേക്കാണ് എറിഞ്ഞതെന്നായിരുന്നു മറ്റൊരു പ്രതിയായ ഉമർ അന്വേഷണസംഘത്തോട് പറഞ്ഞത്.

കഴിഞ്ഞദിവസം കാടുമൂടിയ പ്രദേശങ്ങളിൽ വിശദമായ പരിശോധന പോലീസ് നടത്തിയിരുന്നു. പിന്നാലെ സമീപത്തെ തെറ്റിയാർ തോട്ടിൽ സ്‌കൂബ ഡൈവിങ് സംഘത്തിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട തിരച്ചിലും നടത്തിയെങ്കിലും യാതൊരു തെളിവും കണ്ടെത്താനായില്ല. തെളിവുകൾ മറ്റെവിടെയെങ്കിലും കൊണ്ടുപോയി നശിപ്പിച്ചിരിക്കാമെന്നുള്ള സംശയത്തിലാണ് പോലീസ്.

അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ നാല് പ്രതികളും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. നാല് പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇതിനായി ഉടൻതന്നെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.