
ന്യൂഡൽഹി: ലഷ്‌കറെ തൊയ്ബ ഭീകരർ പാകിസ്താനിലെ കറാച്ചിക്കടുത്തുള്ള ഒരു പ്രദേശത്ത് വിനോദസഞ്ചാരത്തിന്റെ മറവിൽ സമുദ്രമേഖലയിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്നുവെന്ന് ഇന്റലിജൻസ് വിവരം. കറാച്ചിയിൽ നിന്ന് വെറും 50 കിലോമീറ്റർ അകലെയുള്ള ചർണ ദ്വീപിൽ ഭീകരർക്ക് സ്കൂബ ഡൈവിങ് കോംബാറ്റ് സ്വിമ്മിംഗ്, വെള്ളത്തിനടിയിലെ മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ പരിശീലനം നൽകിവരികയാണെന്ന് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ലഷ്കറിന്റെ 'ദാവ മറൈൻ വിംങ്' അല്ലെങ്കിൽ 'സദാ-ഇ-ഹുറിയത്ത്' എന്ന് വിളിക്കുന്ന സംഘമാണ് പരിശീലനം നടത്തുന്നത്.
പാക് അധിനിവേശ കാശ്മീരിലെ മംഗ്ല അണക്കെട്ടിലും, പ്രത്യേക നീന്തൽക്കുളങ്ങളിലും ഈ ഭീകര സംഘടന പരിശീലനം നടത്തുന്നതായി നേരത്തെ കണ്ടെത്തലുണ്ടായിരുന്നു. ഇതിൽ ചില കേന്ദ്രങ്ങൾക്കുനേരെ ബോംബുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് ഇന്ത്യ ആക്രമണം നടത്തിയിരുന്നു.
കറാച്ചിക്ക് സമീപമുള്ള ദ്വീപിൽ സമുദ്രതല പ്രവർത്തനങ്ങൾക്കായി പരിശീലനം നേടുന്ന ലഷ്‌കർ ഭീകരരുടെ സംഘം വിനോദസഞ്ചാരികളെന്ന പേരിലാണ് ഇങ്ങോട്ടേക്കെത്തിയിരിക്കുന്നതെന്നും ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു.
ലഷ്‌കറിന്റെ തന്നെ ഒരു പ്രോക്‌സി ഗ്രൂപ്പായ പാകിസ്താൻ മർക്കസി മുസ്ലിം ലീഗിന്റെ (PMML) അംഗങ്ങളാണ് പരിശീലകർ. സമുദ്ര മേഖലയിൽ പ്രവർത്തിക്കാൻ ലഷ്‌കർ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
26/11 മുംബൈ ആക്രമണം നടത്തിയ ലഷ്കർ ഭീകരർ കടൽമാർഗ്ഗമാണ് നഗരത്തിൽ എത്തിച്ചേർന്നത്. കടൽ മാർഗ്ഗം വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്താൻ ഇപ്പോൾ സജീവമായി പ്രവർത്തിച്ചുവരികയാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. ഇക്കാര്യത്തിൽ രാജ്യത്തെ സുരക്ഷാ ഏജൻസികൾ പൂർണ്ണമായും ജാഗ്രത പുലർത്തുന്നുണ്ടെന്നും ഏത് ഭീഷണിയും നേരിടാൻ ഒരുക്കമാണെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Lashkar-e-Taiba is conducting marine combat and scuba diving training near Karachi., Training is taking place on Charna Island under the guise of tourism., The proxy group Pakistan Markazi Muslim League is facilitating the training., Indian security agencies are on high alert following intelligence warnings regarding maritime threats.
Published: 06 Nov 2026, 05:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented