കോഴിക്കോട്: ഒന്നിച്ച് മരിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഭാര്യാ സഹോദരിയെ യുവാവ് കൊലപ്പെടുത്തി. കഴിഞ്ഞദിവസം എലത്തൂരിൽ മരിച്ച യുവതിയുടേത് കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഒന്നിച്ച് മരിക്കാനായി വിളിച്ചുവരുത്തി തന്ത്രപരമായി യുവതിയെ ആൺ സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

To advertise here,

ഈ മാസം 24-നാണ് യുവതിയെ എലത്തൂരിലെ വർക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വർക് ഷോപ്പാണിത്. വർഷങ്ങളായി ഇയാളും ഭാര്യയുടെ സഹോദരിയായ യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചെറിയ പ്രായം മുതൽതന്നെ പ്രതി ഇവരെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും ചോദ്യംചെയ്യലിൽ വ്യക്തമായി.

അടുത്ത കാലത്ത്, തന്നെ വിവാഹംകഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രതി ഒഴിഞ്ഞുമാറി. ഒന്നിച്ചു ജീവിക്കാൻ പറ്റില്ലെങ്കിലും ഒന്നിച്ചു മരിക്കാമെന്ന് പറഞ്ഞ്  ഇയാൾ യുവതിയെ വർക് ഷോപ്പിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. രണ്ടുപേർക്കും മരിക്കാനായി കുരുക്ക് തയ്യാറാക്കിയ പ്രതി, യുവതി കഴുത്തിൽ കുരുക്കിട്ടയുടൻ സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. മരണം ഉറപ്പിച്ചതിനു പിന്നാലെ ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും പൊലീസ് പറയുന്നു.