കോട്ടയം: തിരുവാതുക്കലിലെ ദമ്പതിമാരുടെ കൊലപാതകം പുറത്തറിഞ്ഞ ചൊവ്വാഴ്ച ആദ്യ മണിക്കൂറുകളില്‍ത്തന്നെ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചു. കൊല്ലപ്പെട്ടവര്‍ ധരിച്ചിരുന്ന ആഭരണങ്ങളോ, വീട്ടില്‍നിന്ന് പണമുള്‍പ്പെടെ മറ്റ് സാധനങ്ങളോ കവര്‍ച്ച ചെയ്യാഞ്ഞത് കൊലപാതകം മോഷണത്തിനുവേണ്ടിയല്ലെന്ന് വ്യക്തമാക്കി. കൊലനടത്തിയ ക്രൂരമായ രീതി ഇതരസംസ്ഥാന കുറ്റവാളികളുടേതിന് സമാനമാണെന്നുമുള്ള നിഗമനത്തിലെത്തിയ പോലീസ് ആ നിലയ്ക്ക് അന്വേഷണം തിരിച്ചുവിട്ടു.

To advertise here,

മാസങ്ങള്‍ക്കുമുമ്പ് മോഷണം നടത്തിയതിന് പിടിയിലാകുകയും ആഴ്ചകള്‍ക്കുമുമ്പ് ജയിലില്‍മോചിതനാകുകയും ചെയ്ത മുന്‍ ജോലിക്കാരന്‍ അമിത് ഉറാങ്ങിലേക്ക് സംശയമുന നീളുന്നത് അങ്ങനെയാണ്. പോലീസിന്റെ പക്കല്‍ ഇയാളുടെ ചിത്രവും ഫോണ്‍ നമ്പരുമുണ്ടായിരുന്നത് അന്വേഷണത്തിന്റെ വേഗംകൂട്ടി. അമിത്ത് ഏതാനും ദിവസമായി കോട്ടയത്തുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതോടെ ഇയാളാണ് പ്രതിയെന്ന് ഏതാണ്ടുറപ്പിച്ച പോലീസ് ചടുലനീക്കങ്ങളിലേക്ക് കടന്നു.

സമീപസ്ഥലങ്ങളിലെ മുഴുവന്‍ സിസിടിവി ക്യാമറകളും പരിശോധിച്ചു. ഒപ്പം കൊല്ലപ്പെട്ട വിജയകുമാറിന്റെയും ഭാര്യ മീരയുടെയും കാണാതായ മൊബൈല്‍ ഫോണുകളുടെയും അമിത്തിന്റെ ഫോണിന്റെയും ലൊക്കേഷന്‍ പിന്തുടര്‍ന്നു. വീട്ടില്‍നിന്ന് കിട്ടിയ റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റും പിടിവള്ളിയായി.

എല്ലാം വേഗത്തില്‍

റെയില്‍വേ സ്റ്റേഷനുസമീപത്തെ ലോഡ്ജില്‍ പ്രതി മുറിയെടുത്തതിന്റെ തെളിവുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ശേഖരിച്ച പോലീസ് കൊലപാതകം നടന്ന പുലര്‍ച്ചെ മുറി ഒഴിഞ്ഞുപോയതായും കണ്ടെത്തി. ഇതോടെ അന്വേഷണസംഘത്തിന് കാര്യങ്ങള്‍ ഏറെക്കുറെ ഉറപ്പായി. പ്രതിയുടെ ഫോണ്‍ പലപ്പോഴും ഓഫാകുകയും ഓണാകുകയും ചെയ്തു. കൊല്ലപ്പെട്ട മീരയുടെ ഐ ഫോണ്‍ പ്രതിക്ക് ഓഫാക്കാനായിരുന്നില്ല. അതിനാല്‍ ആ ഫോണ്‍ എളുപ്പത്തില്‍ പിന്തുടരാനും പോലീസിനായി. സ്വന്തം ഫോണ്‍ ഓഫാക്കി രക്ഷപ്പെട്ട പ്രതി പെരുമ്പാവൂരെത്തി സഹോദരനെ വിളിക്കാന്‍ അത് ഓണാക്കിയത് അന്വേഷണസംഘത്തിന് ശക്തമായ പിടിവള്ളിയായി.

ഇയാള്‍ വിളിച്ച നമ്പര്‍ പിന്തുടര്‍ന്ന ഗാന്ധിനഗര്‍ എസ്‌ഐ എം.എച്ച്. അനുരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചെന്നെത്തിയത് സഹോദരന്‍ ജോലിചെയ്യുന്ന മാളയിലെ കോഴിഫാമിലേക്ക്. അപ്പോഴേക്കും അന്തിയുറങ്ങാന്‍ അഭയംതേടി പ്രതിയും കോഴിഫാമിലെത്തിയിരുന്നു. തൊട്ടുപിന്നാലെ അന്വേഷണസംഘം മാളയിലെത്തി.

ഡാന്‍സാഫിന്റെ സഹായവും

കോട്ടയം ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് തൃശ്ശൂര്‍ ജില്ലാ റൂറല്‍ പോലീസ് മേധാവിയുമായി ബന്ധപ്പെട്ട് ഡാന്‍സാഫ് സംഘത്തിന്റെ സഹായം തേടി. ഡാന്‍സാഫ് സംഘത്തിലെ എസ്‌ഐ പി. ജയകൃഷ്ണന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ മുരുകേഷ് കടവത്ത് എന്നിവരുടെ സഹായത്തോടെ പോലീസ് പ്രതി തങ്ങിയ സ്ഥലം മനസ്സിലാക്കി. രാവിലെ പോലീസ് എത്തിയപ്പോഴേക്കും അമിത്ത് പുറത്തിറങ്ങി ചായകുടിച്ച് മുറിയിലേക്ക് പോയിരുന്നു. ആളെക്കണ്ട് സംശയം തോന്നിയ ചിലരും സ്ഥലത്തെത്തിയ പോലീസിന് സൂചന നല്‍കി.

അതോടെ കോഴിഫാമില്‍നിന്ന് ഒപ്പം താമസിച്ചിരുന്ന മൂന്നുപേര്‍ക്കൊപ്പം പ്രതിയെ മാള എസ്‌ഐ കെ.കെ. ശ്രീനിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.

സഹോദരനോ, സുഹൃത്തുക്കള്‍ക്കോ കൊലപാതകം സംബന്ധിച്ച് അറിവില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. കോഴിഫാമിലെത്തിയ അമിത് ഒറാങ് 'ഒരു പ്രശ്‌നമുണ്ടെന്ന്' മാത്രമാണ് സഹോദരന്‍ ഗുണ്ടുറാങ്ങിനോട് പറഞ്ഞതെന്നാണ് പോലീസ് നല്‍കുന്ന സൂചന. മൂന്നുമാസം മുമ്പാണ് കോഴി ഫാമിലെ ജോലിക്കായി ഗുണ്ടുറാങ് ആലത്തൂരെത്തിയത്.

ദമ്പതിമാരുടെ കൊലപാതകം കട്ടക്കലിപ്പില്‍

കോട്ടയം: തൊഴിലുടമയായിരുന്ന വിജയകുമാറിനെയും ഭാര്യയെയും തലയ്ക്കടിച്ച് മൃഗീയമായി കൊലപ്പെടുത്താന്‍ പ്രതിയെ പ്രേരിപ്പിച്ചത് ഇരുവരോടുമുള്ള കട്ടക്കലിപ്പ്. വിജയകുമാറിന്റെ സ്ഥാപനത്തില്‍ പ്രതിയും, വീട്ടില്‍ ഭാര്യയും മാസങ്ങളോളം ജോലിചെയ്തു. ഇരുവരും വിജയകുമാറിന്റെ വീടിന്റെ ഔട്ട് ഹൗസില്‍ ഒന്നിച്ച് താമസിച്ചിട്ടുമുണ്ട്. ആ സമയങ്ങളില്‍ ഇരുവരും തമ്മില്‍ വഴക്കടിക്കുകയും താന്‍ ഭാര്യയല്ലെന്നും തനിക്കുള്ള ശമ്പളം വേറെ നല്‍കണമെന്നും യുവതി വിജയകുമാറിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഇതിനിടെ അമിത്ത് വിജയകുമാറിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഓണ്‍ലൈനായി രണ്ടേമുക്കാല്‍ ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റി. ഫോണ്‍ മോഷണം പോയെന്ന പരാതിയില്‍ അമിത്ത് പിടിയിലായി. കോടതി റിമാന്‍ഡുചെയ്തതോടെ ജയിലിലുമായി. അതോടെ, ഇയാളുടെ ഗര്‍ഭിണിയായിരുന്ന ഭാര്യ പിണങ്ങി നാട്ടിലേക്കുപോയി. അവിടെ പ്രസവം നടന്നെങ്കിലും ജനിച്ചയുടന്‍ കുഞ്ഞ് മരിച്ചു. ജയിലില്‍ കിടന്നതിനാല്‍ തനിക്കുപിറന്ന കുഞ്ഞിനെക്കാണാന്‍ നാട്ടിലേക്കുപോകാന്‍ അമിത്തിനായില്ല. ഇതും ഇയാളില്‍ വിജയകുമാറിനോടുള്ള പക വളര്‍ത്തി.

ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയ പ്രതി നാട്ടിലേക്കുപോയെങ്കിലും വിജയകുമാറിനെ കൊലപ്പെടുത്തണമെന്ന ഉറച്ച തീരുമാനത്തോടെ വീണ്ടും കോട്ടയത്തെത്തുകയായിരുന്നു. 19-ാം തീയതി കോട്ടയം റെയില്‍വേ സ്റ്റേഷനുസമീപം ലോഡ്ജില്‍ മുറിയെടുത്തു. രണ്ടുദിവസം അര്‍ധരാത്രി 12 മണിക്കുശേഷം ഇയാള്‍ ലോഡ്ജില്‍നിന്ന് പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യം അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇത് കൊലനടത്താനുള്ള നിരീക്ഷണത്തിനായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. കൊല്ലപ്പെട്ടവരുടെ ആഭരണങ്ങളോ, പണമോ എടുക്കാഞ്ഞതിനെപ്പറ്റി, തനിക്ക് അങ്ങനെയുള്ള പണം ആവശ്യമില്ലെന്നും ജോലി ചെയ്തപ്പോള്‍ മാന്യമായ ശമ്പളം നല്‍കാഞ്ഞതിനാലാണ് ഫോണ്‍ മോഷ്ടിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്‌തെടുത്തതെന്നും പ്രതി പോലീസിനോടുപറഞ്ഞു.