കൊച്ചി:  മോഡലായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികളെയും നവംബര്‍ 26 വരെ പോലീസ് കസ്റ്റഡിയില്‍വിട്ടു. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്‍, നിധിന്‍ മേഘനാഥന്‍, സുദീപ്, രാജസ്ഥാന്‍ സ്വദേശി ഡിംപിള്‍ ലാമ്പ(ഡോളി) എന്നിവരെയാണ് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്. 

To advertise here,

പ്രതികളുടേത് ആസൂത്രിതവും മൃഗീയവുമായ പ്രവൃത്തിയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. പരാതിക്കാരിക്ക് മദ്യം വാങ്ങിനല്‍കി അബോധാവസ്ഥയിലാക്കിയാണ് പീഡിപ്പിച്ചത്. ഹോട്ടലിന് പുറത്ത് പാര്‍ക്കിങ് ഏരിയയില്‍വെച്ചും വാഹനത്തില്‍വെച്ചും ക്രൂരമായ കൂട്ടബലാത്സംഗം നടന്നു. കേസില്‍ ഒന്നുമുതല്‍ മൂന്നുവരെയുള്ള പ്രതികളുടെ മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ പാസ് വേര്‍ഡ് ലോക്കുള്ളതിനാല്‍ ഇത് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. നാലാംപ്രതി ഡിംപിളിന്റെ ഫോണും കണ്ടെടുക്കാനുണ്ട്. മറ്റൊരു സംസ്ഥാനത്തുനിന്നെത്തി ഇവിടെ ഒറ്റയ്ക്ക് താമസിച്ചുവരുന്ന ഡിംപിളിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് 26-ാം തീയതി വരെ നാലുപ്രതികളെയും കസ്റ്റഡിയില്‍ വിട്ട് ഉത്തരവിട്ടത്. 

അതേസമയം, പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിമുറി നാടകീയരംഗങ്ങള്‍ക്കും വേദിയായി. ഡിംപിളിന് വേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായതാണ് കോടതിമുറിയിലെ തര്‍ക്കത്തിന് കാരണമായത്. അഡ്വ. അഫ്‌സലും അഡ്വ. ബി.എ. ആളൂരും ഡിംപിളിന് വേണ്ടി കോടതിയില്‍ എത്തിയിരുന്നു. അഡ്വ. അഫ്‌സലിനെയാണ് ഡിംപിള്‍ വക്കാലത്ത് ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ വക്കാലത്ത് ഇല്ലാതെ അഡ്വ. ആളൂരും കോടതിയില്‍ ഹാജരാവുകയായിരുന്നു. തുടര്‍ന്ന് അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ തര്‍ക്കിക്കാന്‍ ഇത് ചന്തയല്ലെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. താന്‍ വക്കാലത്ത് ഏല്‍പ്പിച്ചത് അഫ്‌സലിനാണെന്ന് ഡിംപിളും വ്യക്തമാക്കി.