കളമശ്ശേരി: കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യപ്രതിയായി ശ്രീരാജ് കൊച്ചിയിലെ പല സ്പാകളുടെയും കാവൽക്കാരനും സംരക്ഷകനുമായിരുന്നെന്നും ഗുണ്ടാബന്ധവും ഉന്നതബന്ധവും പറഞ്ഞ് സ്പാകളിൽനിന്ന് പണം വാങ്ങിയിരുന്നെന്നും പോലീസ് പറയുന്നു. ഒരുമാസം ലക്ഷങ്ങളാണ് ഇത്തരത്തിൽ ശ്രീരാജിന് ലഭിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.
ശ്രീരാജ് സ്ഥിരം കുറ്റവാളിയാണ്. രണ്ട് എൻഡിപിഎസ് കേസുകളടക്കം അഞ്ച് കേസുകൾ ശ്രീരാജിനെതിരേയുണ്ട്. സ്പായിൽ മാനേജറായി ജോലിചെയ്തിരുന്ന മറ്റൊരു യുവതിയോട് മോശമായി പെരുമാറിയതാണ് മറ്റൊരു കേസ്. കേസിലെ രണ്ടാംപ്രതി ശരണ്യയാണ് ആ സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടാളി. അതിജീവിതയോട് ഏറ്റവും കൂടുതൽ ലൈംഗികാതിക്രമം നടത്തിയത് ശരണ്യയാണെന്നും പോലീസ് സ്ഥിരീകരിച്ചു. ലഹരി ഇടപാടുകളും ശ്രീരാജിനുണ്ട്. ഇതിനുള്ള മയക്കുമരുന്ന് എത്തിക്കുന്നത് ബെംഗളൂരുവിൽനിന്നാണെന്നും പോലീസ് പറഞ്ഞു.
കൂട്ടബലാത്സംഗ കേസിലെ രണ്ടാം പ്രതി ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശിനി ശരണ്യ, നാലാം പ്രതി തൃശ്ശൂർ പറപ്പൂക്കര സ്വദേശി സഞ്ജയ് എന്നിവരുമായി സ്പാകളിലും ലോഡ്ജിലുമെത്തി കളമശ്ശേരി പോലീസ് കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. ചോദ്യംചെയ്യലിനോട് പ്രതികൾ കാര്യമായി സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു.
പ്രതികൾ പലകാര്യങ്ങളും മറച്ചുെവയ്ക്കുന്നതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മിഷണർ സി.കെ. ബിജോയ് ചന്ദ്രൻ പറഞ്ഞു. യുവതിക്ക് സ്പായിൽ ജോലി വാഗ്ദാനംചെയ്ത് വിളിച്ചുവരുത്തി രാസലഹരിയും മദ്യവും നൽകി അബോധാവസ്ഥയിലാക്കിയതിന് ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് കേസ്. പ്രതികളെ ഉണിച്ചിറയിലുള്ള സ്പാകളിലും ഇടപ്പള്ളിയിലെ ലോഡ്ജിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ശരണ്യ മിക്കപ്പോഴും, ധരിച്ചിരിക്കുന്ന ബനിയൻകൊണ്ട് മുഖംമറച്ചാണ് നടന്നത്. സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഇന്റർവ്യൂ നടത്തിയത് സ്പായിൽ വെച്ചായിരുന്നു. ഇവിടെ ശരണ്യയും ഉണ്ടായിരുന്നു. ഇവിടെ നടന്ന കാര്യങ്ങളാണ് ശരണ്യയിൽനിന്ന് പോലീസ് മനസ്സിലാക്കിയത്.
കൂട്ടബലാത്സംഗം നടന്ന ഇടപ്പള്ളിയിലെ ലോഡ്ജിലും അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. ശരണ്യയും സഞ്ജയും താമസിച്ചിരുന്ന സ്പായിലും പോലീസ് ഇവരെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവരെക്കുറിച്ചും തെളിവുനശിപ്പിക്കാൻ കൂട്ടുനിന്നവരെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
കേസിൽ ഒന്നാം പ്രതിയായ ആലപ്പുഴ കാർത്തികപ്പള്ളി ഇരിക്കാവ് എസ്.ആർ. നിവാസിൽ ശ്രീരാജിന്റെയും മൂന്നാം പ്രതിയായ കളമശ്ശേരി തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്തു മാർട്ടിന്റെയും തെളിവെടുപ്പ് നേരത്തേ പോലീസ് പൂർത്തിയാക്കിയിരുന്നു. കേസിൽ മൂന്നാം പ്രതിയായ ജിത്തു മാർട്ടിൻ ഉപയോഗിച്ചിരുന്ന മോട്ടോർസൈക്കിളും കണ്ടെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച തെളിവെടുപ്പ് പൂർത്തിയാകും.
Content Highlights: Prime accused Sreeraj extorted money from spas using underworld and high-profile connections., Second accused Sharanya played a major role in the sexual assault and abuse of the victim., Police conducted evidence collection at various spas and lodges in Kalamassery and Edappally., The victim was lured with a job offer, drugged with synthetic narcotics, and gang-raped.
Published: 16 Oct 2026, 10:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented