
കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗക്കേസിലെ മുഖ്യസൂത്രധാരനായ ആലപ്പുഴ സ്വദേശി ശ്രീരാജ് സ്പാ ജോലി വാഗ്ദാനം ചെയ്ത് കൂടുതൽ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇത്തരത്തിൽ ഇയാൾ വിളിപ്പിച്ച 10 മുതൽ 15 വരെ യുവതികളുടെ പട്ടിക പോലീസ് ശേഖരിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ യുവതികൾ അതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യത്തിൽ വിപുലമായ അന്വേഷണത്തിനാണ് പോലീസ് ഒരുങ്ങുന്നത്.
ശ്രീരാജിന്റെ പക്കൽനിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകളിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട നിർണായക ചാറ്റ് വിവരങ്ങൾ പോലീസിന് ലഭിച്ചത്. മോശം ഉദ്ദേശ്യത്തോടുകൂടിയാണ് ഇയാൾ യുവതികളെ അഭിമുഖത്തിനെന്ന പേരിൽ വിളിച്ചുവരുത്തിയിരുന്നത്. നിലവിൽ അതിക്രമത്തിന് ഇരയായ യുവതിയെയും സമാനമായ രീതിയിലാണ് ഇയാൾ അഭിമുഖത്തിനെന്ന് പറഞ്ഞ് ക്ഷണിക്കുകയും പിന്നീട് വീണ്ടും വിളിച്ചുവരുത്തുകയും ചെയ്തത്.
പട്ടികയിലുള്ള 15 യുവതികളെയും പോലീസ് നേരിട്ട് സമീപിച്ച് കാര്യങ്ങൾ അന്വേഷിക്കും. ശ്രീരാജിൽനിന്നോ ഇയാളുടെ സംഘത്തിൽനിന്നോ ലൈംഗിക അതിക്രമമോ മോശം പെരുമാറ്റമോ നേരിടേണ്ടി വന്നിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇവരിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ശ്രീരാജിനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
സ്പായുടെ മറവിൽ ആവശ്യക്കാർക്ക് യുവതികളെ കൈമാറുന്ന റാക്കറ്റാണ് ഇതെന്ന് പോലീസ് വ്യക്തമാക്കി. പല സ്പാ ഇടപാടുകളുടെയും മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് ശ്രീരാജ് നടത്തിയിരുന്നത്. പ്രതികളുടെയും ഇവർ നടത്തിയിരുന്ന സ്പാകളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനായി പോലീസ് കത്തുനൽകും. കൂടാതെ പ്രതികളിൽനിന്ന് പിടിച്ചെടുത്ത ഫോണുകൾ കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്.
കേസുമായി ബന്ധപ്പെട്ട് ശ്രീരാജ്, ജിത്ത് മാർട്ടിൻ, ശരണ്യ, സഞ്ജു എന്നീ നാലുപേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. ഇതിൽ ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നിവർ പോലീസ് കസ്റ്റഡിയിലാണ്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് അതിജീവിതയുടെ ഭർത്താവ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. രാസലഹരി നൽകി മയക്കിയ ശേഷമാണ് അതിജീവിതയെ പീഡനത്തിന് ഇരയാക്കിയത്. ഈ രാസലഹരി വിതരണംചെയ്ത ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ശ്രീരാജ് വഴിയാണ് ഇവിടെ രാസലഹരി എത്തിയതെന്നും ഇയാളാണ് ഇതിന്റെ പ്രധാന ഉറവിടമെന്നും വ്യക്തമായിട്ടുണ്ട്.
ഇതിനുപുറമേ, സ്പാകളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യം ചെയ്യപ്പെടാതിരിക്കാൻ ശ്രീരാജ് ഗുണ്ടകളുടെ സഹായം തേടിയിരുന്നതായും വിവരമുണ്ട്. ശ്രീരാജ് നേരിട്ടും പങ്കാളികളുമായി ചേർന്നും നടത്തിയിരുന്ന സ്പാകൾക്ക് ഗുണ്ടാ സംരക്ഷണം ഉണ്ടായിരുന്നു. ഈ ഗുണ്ടാ ബന്ധങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കും. നിലവിൽ അറസ്റ്റിലായ നാലുപേരിൽമാത്രം ഈ കേസ് ഒതുങ്ങില്ലെന്നും കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Published: 09 Oct 2026, 09:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented