കളമശ്ശേരി: കളമശ്ശേരി കൂട്ടബലാത്സംഗക്കേസിലെ ഒന്നാംപ്രതി ശ്രീരാജ് സ്പായുടെ മറവിൽ പെൺകുട്ടികളെ പീഡിപ്പിക്കുന്നത് പതിവാക്കിയ ക്രിമിനലെന്ന് പോലീസ്. പീഡനത്തിനിരയായ പെൺകുട്ടികൾ പല കാരണങ്ങളാൽ പരാതി നൽകാൻ മുന്നോട്ടുവരുന്നില്ലെന്ന് തൃക്കാക്കര അസിസ്റ്റൻറ് പോലീസ് കമ്മിഷണർ സി.കെ. ബിജോയ് ചന്ദ്രൻ പറഞ്ഞു. ഇയാളുമായി ബന്ധപ്പെട്ട സ്പാകളിൽ ഇയാളാണ് പെൺകുട്ടികളെ ജോലിക്ക് എത്തിച്ചുകൊടുക്കുന്നത്.

To advertise here,

ഇയാൾ ജോലിക്ക് പെൺകുട്ടികളെ ആവശ്യമുണ്ടെന്നുള്ള രീതിയിൽ പതിവായി പരസ്യം നൽകിയിരുന്നു. പരസ്യം കണ്ട് അഭിമുഖത്തിന് എത്തുന്ന പെൺകുട്ടികളുടെ വീട്ടിലെ സാഹചര്യം ആദ്യം ചോദിച്ചു മനസ്സിലാക്കും.

വീട്ടിൽനിന്ന് പെൺകുട്ടിക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലെന്ന് മനസ്സിലാക്കിയാൽ പിന്നീട് സാമ്പത്തിക നിലയെ കുറിച്ചായിരിക്കും ചോദ്യം. സാമ്പത്തികനിലയും മോശമാണെന്ന് അറിഞ്ഞാൽ മാനേജർ, പ്രൈവറ്റ് സെക്രട്ടറി, സ്പാ ജീവനക്കാരി തുടങ്ങിയ ജോലികൾ ഓഫർ ചെയ്യും. ജോലിക്ക് കയറുന്നവരോട്, ഇയാൾ തനിക്ക് പോലീസുമായി അടുത്ത ബന്ധമുണ്ടെന്നും നാട്ടിലെ ഗുണ്ടകൾ ഒക്കെ തന്റെ ചങ്ങാതിമാരാണെന്നും പറയും. ഇങ്ങനെ പെൺകുട്ടികളെ ഭയപ്പെടുത്തി തന്റെ വരുതിയിലാക്കും.

ജോലി തുടങ്ങി ദിവസങ്ങൾക്കുള്ളിൽ സ്പായിൽ മസാജ് ചെയ്യാൻ പറയും. പറ്റില്ലെന്ന് പറഞ്ഞ യുവതികളോട് ഇവിടെ എല്ലാവരും മസാജ് ചെയ്യുമെന്ന് പറഞ്ഞ് മറ്റു പെൺകുട്ടികളെ വിളിച്ച് മസാജ് ചെയ്യിച്ച് കാണിച്ചുകൊടുക്കും. മദ്യം വേണ്ടവർക്ക് മദ്യവും ജ്യൂസ് വേണ്ടവർക്ക് ജ്യൂസും മയക്കുമരുന്ന് വേണ്ടവർക്ക് അതും സാമ്പത്തിക സഹായം വേണ്ടവർക്ക് അതും ഇയാൾ കൊടുക്കും. ഇത്തരത്തിൽ വലയിൽ ആയാൽ പിന്നീട് പീഡനത്തിന് ഇവരെ ഇരയാക്കുകയും സ്പാകളിലേക്ക് പതിവായി നിയോഗിക്കുകയും ചെയ്യുമെന്ന് എ.സി.പി. പറഞ്ഞു.