തിരുവനന്തപുരം: പത്രപ്രവർത്തകൻ കെ.എം. ബഷീർ വാഹനം ഇടിച്ച് മരിച്ച കേസിൽ വിചാരണ ഓഗസ്റ്റ് ഒന്നിന് തുടങ്ങും. ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണ് ഏകപ്രതി. നിലവിൽ കൃഷിവകുപ്പ് ഡയറക്ടറാണ് ശ്രീറാം. രണ്ടാം പ്രതിയായിരുന്ന വഫാ ഫിറോസിനെ കോടതി കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.

To advertise here,

ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന സാക്ഷിവിസ്താരം സെപ്റ്റംബർ പത്തിനാണ് അവസാനിക്കുന്നത്. സാക്ഷിവിസ്താരത്തിൽ പ്രോസിക്യൂഷൻ 100 സാക്ഷികളുടെ പട്ടികയാണ് നൽകിയിട്ടുള്ളത്. 37 ദിവസത്തിനകം കോടതി 100 സാക്ഷികളെയും വിസ്തരിക്കും.

പോലീസ് ഹാജരാക്കിയ കുറ്റപത്രം വായിച്ചുകേൾപ്പിച്ചപ്പോൾ ശ്രീറാം കുറ്റം നിഷേധിച്ചിരുന്നു. തുടർന്നാണ് കേസിൽ സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കോടതി ആരംഭിച്ചത്.പ്രതിക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യ, അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കൽ, തെളിവ് നശിപ്പിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ചുമത്തിയത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീർ മരിച്ചത്.

സംഭവം നടന്നിട്ട് ഏഴുവർഷം തികയാറാവുമ്പോഴാണ് വിചാരണ ആരംഭിക്കുന്നത്. നരഹത്യ കേസ് നിലനിൽക്കില്ലെന്ന് പറഞ്ഞ് ശ്രീറാം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. സമാനമായ നിലപാട് ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. പിറ്റേദിവസമാണ് പോലീസ് ശ്രീറാമിന്റെ രക്തസാമ്പിൾ എടുത്തത്. മണിക്കൂറുകൾ വൈകിയുള്ള രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. ആദ്യം ശ്രീറാമിനെ പരിശോധിച്ച ജനറൽ ആശുപത്രിയിലെ ഡോക്ടർ നൽകിയ ആക്സിഡന്റ് കം വൂണ്ട് സർട്ടിഫിക്കറ്റിൽ ശ്രീറാമിന്റെ ശ്വാസോച്ഛാസത്തിൽ മദ്യത്തിന്റെ മണമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.