സേലം: ഓമല്ലൂരിൽ ഇഷ്ടിക വ്യാപാരി വി. ഭൂപതിയുടെ മൃതദേഹം കാറിനകത്ത് കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കൊലപാതകം നടത്തിയത് ഇയാളുടെ ഭാര്യ വെളഗൗണ്ടന്നൂർ സ്വദേശി സുജിതശ്രീ (31) ആണെന്ന് ഓമല്ലൂർ പോലീസ് കണ്ടെത്തി. ചൊവ്വാഴ്ച ഓമല്ലൂർ-ശങ്കരി റോഡിലാണ് കാറിനകത്ത് മൃതദേഹം കണ്ടത്.

To advertise here,

ഓമല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ മൂന്നുപേർ ചേർന്ന് ഭൂപതിയെ കുത്തിക്കൊലപ്പെടുത്തുകയും 12 പവൻ സ്വർണം കവരുകയും ചെയ്തതായി ഭാര്യ സുജിതശ്രീ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ, ഭൂപതിയുടെ സഹോദരങ്ങളും ബന്ധുക്കളും സംശയം ഉന്നയിക്കുകയായിരുന്നു. 

സുജിതശ്രീയും ഭർത്താവും ഇടയ്ക്കിടെ വഴക്കിടുന്നത് പതിവാണെന്ന് ഇവർ വെളിപ്പെടുത്തി. ഇതോടെ പോലീസ് സുജിതശ്രീയെ ചോദ്യംചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നതെന്ന് ഓമല്ലൂർ ഇൻസ്‌പെക്ടർ എസ്.എം. ഷൺമുഖം പറഞ്ഞു.

സുജിതശ്രീക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും ഇതിനെ ഭൂപതി ചോദ്യം ചെയ്തതിലുള്ള ദേഷ്യത്തിൽ അയാളെ വീട്ടിനകത്തുവെച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

പിന്നീട് മൃതദേഹം കാറിൽ കിടത്തി കവർച്ചക്കിടെയുള്ള കൊലപാതകമാണെന്ന് ചിത്രീകരിക്കുകയായിരുന്നു. കൊലപാതകം നടത്താൻ സുജിതശ്രീയെ സഹായിച്ചവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.