ഹൈദരാബാദ്: തിരുപ്പതി തിരുമല ദേവസ്ഥാനം ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഓഫീസർക്കെതിരേ അനധികൃത സ്വത്തുസമ്പാദനത്തിന് കേസ്. ഓഫീസറായ മേന്ദു ലോകനാഥത്തിനെതിരേയാണ് ആന്ധ്രാപ്രദേശ് അഴിമതി വിരുദ്ധ ബ്യൂറോ കേസെടുത്തിരിക്കുന്നത്. ലോകനാഥത്തിന്റെ വീട്ടിലുൾപ്പെടെ നടത്തിയ റെയ്ഡിൽ അഞ്ച് കോടി രൂപയുടെ സ്വത്തുവകകളാണ് കണ്ടെത്തിയത്.

To advertise here,

ചൊവ്വാഴ്ച പുലർച്ചെ ലോകനാഥത്തിന്റെയും ബന്ധുക്കളുടെയും വീടുകളിൽ അന്വേഷണത്തിന്റെ ഭാഗമായി പരിശോധനകൾ നടന്നുവെന്ന് എ.സി.ബി പ്രസ്താവനയിലൂടെ അറിയിച്ചു. ലോകനാഥത്തിന്റെ വീട്ടിൽ നിന്നുലഭിച്ച രേഖകൾ പ്രകാരം അദ്ദേഹം തിരുപ്പതിയിലെ പി.കെ ലേഔട്ടിൽ ഭാര്യയുടെ പേരിൽ ഒരു വീട് വാങ്ങി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ തിരുപ്പതി നഗരത്തിലെ ഗൊല്ലവാനിഗുണ്ട പ്രദേശത്ത് ഭാര്യയുടെ പേരിൽ തന്നെ രണ്ട് പ്ലോട്ടുകളും ഒരു കെട്ടിടവും വാങ്ങിയിട്ടുണ്ട്. തിരുപ്പതി ജില്ലയിലെ പാദിരേട് അരണ്യം ഗ്രാമത്തിൽ വാങ്ങിയ ഒരു പ്ലോട്ടിന്റെ രേഖകളും തിരുപ്പതി അർബനിലെ ശ്രീനിവാസ നഗറിൽ മകന്റെ പേരിൽ രജിസ്റ്റർ ചെയ്ത മറ്റൊരു പ്ലോട്ടിന്റെ രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ലോകനാഥത്തിന്റെയും മകന്റെയും പേരിലുള്ള നാല് ഫിക്‌സഡ് ഡെപ്പോസിറ്റുകളും റെയ്ഡിൽ കണ്ടെത്തിയിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ സഹോദരന്മാരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഭാര്യയുടെയും മറ്റുള്ളവരുടെയും പേരിൽ 31.9 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തിന്റെ ആധാരവും കണ്ടെടുത്തു. പരിശോധനയിൽ മൊത്തം 2 കിലോഗ്രാം സ്വർണം, 6.5 കിലോഗ്രാം വെള്ളി, 12.5 ലക്ഷം രൂപ പണം എന്നിവയാണ് എ.സി.ബി പിടിച്ചെടുത്തത്. അഴിമതി നിരോധന നിയമത്തിലെ (Prevention of Corruption Act, 1988) പ്രസക്തമായ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തിരുപ്പതി ലഡ്ഡുവിൽ മായം ചേർത്തതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിനിടയിൽ ടി.ടി.ഡിയിലെ ചില ജീവനക്കാരുടെ അനധികൃത സ്വത്തുക്കളെക്കുറിച്ച് സി.ബി.ഐക്ക് വിവരങ്ങൾ ലഭിച്ചിരുന്നു. സി.ബി.ഐ ഈ വിവരങ്ങൾ എ.സി.ബിയുമായി പങ്കുവെച്ചതിനെ തുടർന്നാണ് ഈ റെയ്ഡ് നടന്നത്. ലഡ്ഡു വിവാദക്കേസിൽ സി.ബി.ഐ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. നേരത്തെ ഇതിന്റെ തുടർച്ചയായി അന്നത്തെ ടി.ടി.ഡി ചെയർമാൻ വൈ.വി. സുബ്ബറെഡ്ഡിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ആയിരുന്ന കെ. ചിന്ന അപ്പണ്ണയ്ക്കെതിരെയും ഏപ്രിൽ 22-ന് എ.സി.ബി കേസെടുത്തിരുന്നു.

1989 ഫെബ്രുവരി 1-നാണ് ലോകനാഥം ജൂനിയർ അസിസ്റ്റന്റായി ടി.ടി.ഡിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് സീനിയർ അസിസ്റ്റന്റ്, സൂപ്രണ്ട്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്നീ പദവികളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം നിലവിൽ തിരുമല ടി.ടി.ഡിയിൽ ഡെപ്യൂട്ടി ഇ.ഒ ആയി ജോലി ചെയ്തു വരികയായിരുന്നു.