ന്യൂഡൽഹി: വ്യാജ അമേരിക്കൻ പ്രതിരോധക്കരാറിന്റെപേരിലെ നിക്ഷേപത്തട്ടിപ്പിന് വി.പി.വി.വി. കമ്പനി മേധാവിമാരുടെപേരിൽ ഡൽഹി പോലീസെടുത്ത കേസ് ഒത്തുതീർപ്പായി. കേസിൽ അറസ്റ്റിലായിരുന്ന വി.പി.വി.വി. കമ്പനി ചെയർമാൻ കൊല്ലം സ്വദേശി വെങ്കിട വെങ്കിട്, ഡയറക്ടർമാരായ ഡൽഹി സ്വദേശി ഹിതേഷ് കുമാർ, മലയാളി രാഹുൽ രാജീവ് നായർ എന്നിവർക്ക് ഡൽഹി പട്യാല ഹൗസ് കോടതി ജാമ്യം നൽകി.

To advertise here,

പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് 1.5 കോടി രൂപ തട്ടിച്ചെന്ന കേസ് രണ്ടുകോടി രൂപയ്ക്ക് ഒത്തുതീർപ്പാക്കിയെന്ന് പരാതിക്കാരും വി.പി.വി.വി. കമ്പനി പ്രതിനിധികളും കോടതിയെ അറിയിച്ചത്.

പരാതിക്കാർക്ക് എതിർപ്പില്ലാത്തതും വിഷയം ഒത്തുതീർപ്പിലേക്ക് പോകുന്നതും പരിഗണിച്ചാണ് ജാമ്യം അനുവദിക്കുന്നതെന്ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഭവ്യ കരായിൽ ഉത്തരവിൽ പറഞ്ഞു. ഡൽഹി പോലീസും ജാമ്യത്തെ എതിർത്തില്ല.

ബെംഗളൂരുവിലെ ഐ.ടി. സ്ഥാപനത്തെ വഞ്ചിച്ച് നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സൗത്ത് വെസ്റ്റ് ഡൽഹി പോലീസിന്റെ ഡിസ്ട്രിക്ട്‌ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എടുത്ത കേസാണിത്. ഒത്തുതീർപ്പിലൂടെ പരസ്പര ധാരണയിലെത്തിയെന്നും കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇരുകക്ഷികളും പട്യാല ഹൗസ് കോടതിയെ ബുധനാഴ്ച അറിയിച്ചു.

ഒത്തുതീർപ്പുവ്യവസ്ഥയുടെ ഭാഗമായി ഒരുകോടി രൂപ തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വി.പി.വി.വി. കൈമാറിയിട്ടുണ്ടെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. തുക മുഴുവൻ കൈമാറിയശേഷം കേസ് പിൻവലിക്കാൻ സംയുക്തമായി ഡൽഹി ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും അറിയിച്ചു.

അതേസമയം, വെങ്കിട വെങ്കിട് ഉൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിക്കരുതെന്ന നിക്ഷേപത്തട്ടിപ്പിലെ മറ്റൊരു പരാതിക്കാരനായ എ.എം. മുനീറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇതിനെതിരേ ഡൽഹി ഹൈക്കോടതിയെ സമീപിക്കുമെന്ന് മുനീറിന്റെ അഭിഭാഷകൻ പറഞ്ഞു.

വി.പി.വി.വി. കമ്പനിയുടെ അക്കൗണ്ടുകളിൽ സംശയകരമായ ഒട്ടേറെ ഇടപാടുകൾ നടന്നത് കണ്ടെത്തിയെന്നും ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാനിടയുണ്ടെന്നും പോലീസ് വാദിച്ചു. കേസ് പ്രാരംഭഘട്ടത്തിലാണെന്നും വേറെയും പ്രതികളെ പിടികൂടാനുണ്ടെന്നും ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് വാദിച്ചിരുന്നു.

എന്നാൽ, അന്വേഷണം ബാക്കിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് ജാമ്യാപേക്ഷയെ എതിർത്തിട്ടില്ലെന്ന് കോടതി ഉത്തരവിൽ നിരീക്ഷിച്ചു. കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതിന്റെ ആവശ്യമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ ജാമ്യാപേക്ഷയ്ക്ക് നൽകിയ മറുപടിയിൽ വ്യക്തമാകുന്നത്.

കൂട്ടുപ്രതികളെ പിടികൂടാനായിട്ടില്ലെന്നതിന്റെ പേരിലാണ് ജാമ്യാപേക്ഷയെ പോലീസ് എതിർത്തിരിക്കുന്നത്. എന്നാൽ, അവരുടെ പങ്കെന്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു. രണ്ടുലക്ഷം രൂപയുടെ ആൾജാമ്യമടക്കമുള്ള വ്യവസ്ഥകളിലാണ് ജാമ്യം നൽകിയിരിക്കുന്നത്.