ജയ്പുർ: പാകിസ്താനുവേണ്ടി ചാരപ്പണി നടത്തിയ ഇന്ത്യൻ നാവിസേനാ ജീവനക്കാരൻ അറസ്റ്റിൽ. ഡൽഹിയിലെ വ്യോമസേനയുടെ ആസ്ഥാനത്ത് ഡയറക്ടറേറ്റ് ഓഫ് ഡോക്‌യാര്‍ഡിലെ ക്ലർക്ക് വിശാൽ യാദവ് ആണ് അറസ്റ്റിലായത്. ഹരിയാണ സ്വദേശിയാണ് വിശാൽ. അതീവ രഹസ്യാത്മക പ്രതിരോധ വിവരങ്ങളും അടുത്തിടെ ഇന്ത്യ വിജയകരമായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റേതടക്കമുള്ള വിവരങ്ങൾ ഇയാൾ പാകിസ്താന് ചോർത്തിയെന്നാണ് റിപ്പോർട്ട്.

To advertise here,

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയതിന് ഇയാൾക്ക് 50,000 രൂപ പ്രതിഫലം ലഭിച്ചെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ചയാണ് ഇയാളെ രാജസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. 1923-ലെ ഒദ്യോഗിക രഹസ്യനിയമപ്രകാരമാണ് അറസ്റ്റ്.

ഇന്ത്യൻ സ്ത്രീ എന്ന നിലയിൽ ഇയാളെ സമീപിച്ച പാകിസ്താൻ യുവതിക്കാണ് വിവരങ്ങൾ കൈമാറിയത്. രണ്ട് ലക്ഷം രൂപയാണ് ചാരപ്പണിക്ക് ഇയാൾക്ക് പ്രതിഫലം ലഭിച്ചത്. ഇതിൽ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയതിന് മാത്രം 50000 രൂപ ലഭിച്ചെന്ന് ഐജി വിഷ്ണു കാന്ത് ഗുപ്ത പറഞ്ഞു.

പ്രിയ ശർമ എന്ന ഫേസ്ബുക്ക് ഐഡിയിൽനിന്ന് ലഭിച്ച റിക്വസ്റ്റിലാണ് തുടക്കം. ആദ്യഘട്ടത്തിൽ ഇരുവരുംതമ്മിൽ ചാറ്റിങ് മാത്രമായിരുന്നു. തുടർന്ന്, ബന്ധം കൂടുതൽ വളർന്നതോടെ വാട്സാപ്പിലൂടെയായി ചാറ്റിങ്. ഇതിനിടെ ചെറുരഹസ്യങ്ങൾ ഇയാളിൽനിന്ന് പ്രിയ ശർമ്മ ശേഖരിച്ചു. ഇവർ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ ഏജന്‍റാണെന്നാണ് സൂചന.

ഓരോ വട്ടവും തന്ത്രപ്രധാനവിവരങ്ങൾ ഇയാൾ പങ്കുവെച്ചപ്പോൾ അയ്യായിരം, ആറായിരം രൂപ വീതം നൽകിയിരുന്നു. തുടർന്ന് ബന്ധം കൂടുതൽ അടുത്തതോടെ കൂടുതൽ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോർത്തി നൽകാൻ തുടങ്ങി. ഇതിനായി കൂടുതൽ സുരക്ഷിതമെന്ന് കരുതപ്പെടുന്ന ടെലഗ്രാമിലൂടെയായി ബന്ധം. ഓപ്പറേഷൻ സിന്ദൂറിന്റേതടക്കമുള്ള രഹസ്യവിവരങ്ങൾ ഇയാൾ ഇങ്ങനെ പാകിസ്താന് ചോർത്തിയെന്നാണ് റിപ്പോർട്ട്.

ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടിരുന്ന യാദവ് കടബാധ്യതയിലകപ്പെട്ടിരുന്നതായാണ് വിവരം. കടബാധ്യത തീർക്കാനുള്ള മാർഗമെന്ന നിലയിലാണ് ഇയാൾ ചാരപ്പണിയിലേക്ക് ഇറങ്ങിയത്. രഹസ്യം ചോർത്തിക്കൊടുത്തതിനുള്ള പ്രതിഫലം, ട്രേഡിങ് അക്കൗണ്ടുകള്‍ വഴിയും ബാങ്ക് അക്കൗണ്ട് വഴി നേരിട്ടും ഇയാൾ സ്വീകരിച്ചതായി പോലീസ് പറയുന്നു. 

ഇയാളെ രഹസ്യാന്വേഷണ വിഭാഗം ചോദ്യംചെയ്തുവരികയാണ്. എത്രത്തോളം വിവരങ്ങളാണ് ഇയാൾ പാകിസ്താന് ചോർത്തി നൽകിയത് എന്നത് ഇനിയും വ്യക്തമല്ല. ഇതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

സാമൂഹിക മാധ്യമങ്ങൾ വഴിയും വീഡിയോ ക്രിയേറ്റർമാരെ ഉപയോഗിച്ചും പാക് രഹസ്യാന്വേഷണ ഏജൻസികൾ ഇന്ത്യയിൽനിന്ന് വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണത്തെത്തുടർന്ന് ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ യൂട്യൂബർമാരെ അടക്കം അറസ്റ്റ് ചെയ്തിരുന്നു. ഹരിയാണയിൽനിന്ന് അറസ്റ്റ് ചെയ്ത ജ്യോതി മൽഹോത്രയ്ക്കെതിരേയും ചാരവൃത്തിക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.