ന്യൂഡൽഹി: പാകിസ്താന് കടുത്ത മുന്നറിയിപ്പുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പ്രത്യാഘാതങ്ങൾ നോക്കാതെ തന്നെ ശത്രുക്കൾക്കെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും അത്തരമൊരു നടപടിയിൽ നിന്ന് ഒരു അനന്തരഫലങ്ങളും ഇന്ത്യയെ തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ സഹിഷ്ണുതയെ ദൗർബല്യമായി ആരും തെറ്റിദ്ധരിക്കണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് വലിയ റിസ്ക് എടുക്കാനും കനത്ത തിരിച്ചടി നൽകാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന പ്രതിരോധ തന്ത്രത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് എൻഎസ്എ ഡോവൽ ചൂണ്ടിക്കാട്ടി. സായുധരല്ലാത്ത വിനോദസഞ്ചാരികൾക്കെതിരെ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് ജെയ്‌ഷെ മുഹമ്മദ്, ലഷ്കറെത്വയ്ബ എന്നിവയുടെ താവളങ്ങൾക്ക് നേരെ ഇന്ത്യ കൃത്യമായ ആക്രമണം നടത്തിയത്.

ഓപ്പറേഷൻ സിന്ദൂർ പാകിസ്താന്റെ ആണവ ഭീഷണിയെ അക്ഷരാർത്ഥത്തിൽ തകർത്തുവെന്ന് അദ്ദേഹം പറഞ്ഞു. ആണവ പരിധിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് ഒട്ടേറെ സൈനിക നീക്കങ്ങൾ നടത്താൻ സാധിക്കുമെന്ന് ഇത് തെളിയിച്ചു. പാകിസ്താന്റെ ഏത് ഭാഗത്തുമുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന് ഈ സൈനിക നീക്കം ലോകത്തിന് കാണിച്ചുകൊടുത്തു. പാകിസ്താന്റെ ഓരോ ഭാഗവും ബ്രഹ്മോസ് മിസൈലിന്റെ പരിധിയിലാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൈനിക നീക്കത്തിനിടെ പാകിസ്താന്റെ സൈനിക, സിവിലിയൻ സ്ഥാപനങ്ങളെ ഇന്ത്യ ലക്ഷ്യം വെച്ചിരുന്നില്ല എന്നത് ഇന്ത്യയുടെ നിയന്ത്രണത്തെയാണ് കാണിക്കുന്നത്, അല്ലാതെ ഒരു മടിയായല്ല ഇതിനെ കാണേണ്ടതെന്ന് ഡോവൽ വിശദീകരിച്ചു. ഒടുവിൽ പാകിസ്താന് സമാധാനത്തിനായി അപേക്ഷിക്കേണ്ടി വരികയും 88 മണിക്കൂർ നീണ്ട സംഘർഷം അവസാനിക്കുകയും ചെയ്തു. ഈ കാലയളവിൽ ഇന്ത്യൻ വ്യോമതാവളങ്ങളോ മറ്റ് പ്രധാന സൈനിക ലക്ഷ്യങ്ങളോ ആക്രമിക്കാൻ പാകിസ്താന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.