കോഴിക്കോട്: പതിനേഴുകാരി ദുരൂഹസാഹചര്യത്തിൽ ചാലിയാർ പുഴയിലെ മുട്ടുങ്ങൽ കടവിൽ മരിച്ച സംഭവത്തിൽ കോഴിക്കോട് ക്രൈംബ്രാഞ്ച് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകി.
വിദ്യാർഥിനി മരിക്കാനിടയായത് ശാരീരികപീഡനംകൊണ്ടുണ്ടായ മാനസികപ്രയാസംമൂലമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഡിവൈ.എസ്.പി.മാരായ പി. ചന്ദ്രമോഹൻ, എൻ. രാജേഷ്‌കുമാർ, എസ്.ഐ. എം.എ. പ്രസാദ് എന്നിവരുൾപ്പെട്ട ക്രൈംബ്രാഞ്ച് സംഘമാണ് കേസന്വേഷിച്ചത്.
അതേസമയം ഇത് കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. പെൺകുട്ടിയുടെ മരണമുൾപ്പെടെ പ്രതിയുടെപേരിൽ നാല് കേസുകൾ നിലവിലുണ്ടെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കെ.കെ. സമദ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചതിനുള്ള കേസുകളിൽ വിചാരണ തുടരുകയാണ്. വൈകിയതിനാൽ മൂന്നുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. പതിനേഴുകാരി മരിച്ച കേസിൽ കൗൺസലിങ് കേന്ദ്രത്തിലെ ഡോക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിലും അല്ലാതെയും രണ്ട് കേസുകളാണുള്ളത്. ഇതിൽ ഒന്ന് പോക്‌സോ കേസാണ്. രണ്ടാമത്തേത് പ്രേരണാക്കുറ്റമാണ്. 89 സാക്ഷികളാണ് ഈ കേസിലുൾപ്പെട്ടത്. ഈ കേസുകൾകൂടാതെ നേരത്തേ പരാതി പിൻവലിച്ച മറ്റൊരു പെൺകുട്ടികൂടി പ്രതിക്കെതിരേ വന്നിട്ടുണ്ടെന്നും കേസുമായി മുന്നോട്ടുപോകാൻ സന്നദ്ധത അറിയിച്ചെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അറിയിച്ചു.
2024 ഫെബ്രുവരി 19-നാണ് കോഴിക്കോട് നഗരത്തിലെ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥിനിയെ മരിച്ചനിലയിൽ പുഴയിൽ കണ്ടെത്തിയത്. വൈകീട്ട് ആറിനുശേഷം വീട്ടിൽനിന്ന് കാണാതാവുകയും കടവിൽ മരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു. മരണവുമായി ബന്ധപ്പെട്ട് പോക്‌സോ, പ്രേരണാക്കുറ്റം എന്നിവ ചുമത്തി കരാട്ടെ പരിശീലകൻ ഊർക്കടവ് സ്വദേശി വി. സിദ്ദിഖ് അലി(44)യെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.
വാഴക്കാട് പോലീസായിരുന്നു ആദ്യഘട്ടത്തിൽ കേസന്വേഷിച്ചത്. എന്നാൽ, ഈ അന്വേഷണത്തിൽ ബന്ധുക്കൾക്കും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്കും വിശ്വാസം നഷ്ടപ്പെട്ടതിനെത്തുടർന്ന് കേസ് കോഴിക്കോട് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു.
Content Highlights: Crime Branch files charges in the mysterious death of a 17-year-old girl in Chaliyar River. Uncover the case details and ongoing investigation.
Published: 08 Feb 2026, 08:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented