
ജെ.ഇ.ഇ. ജയിക്കണം, രാജ്യത്തെ മികച്ച ഐ.ഐ.ടി.കളിലൊന്നില് പ്രവേശനം നേടണം, ബഹിരാകാശ ശാസ്ത്രജ്ഞയാകണം, അങ്ങനെ കുന്നോളം സ്വപ്നങ്ങളുള്ള മിടുക്കിയായിരുന്നു ആ 17-കാരി. പഠനത്തിലും പാഠ്യേതര പ്രവര്ത്തനങ്ങളിലും ഒരുപോലെ മികവ് കാട്ടിയിരുന്ന അവള് ആ ലക്ഷ്യങ്ങള് കൈവരിക്കുമെന്നതില് കുടുംബാംഗങ്ങള്ക്കും അധ്യാപകര്ക്കും തെല്ലും സംശയമുണ്ടായിരുന്നില്ല. പക്ഷേ, സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കി അവള് യാത്രയായി. ഫെബ്രുവരി 19-ന് ചാലിയാറില് 17-കാരിയുടെ മൃതദേഹം കണ്ടെത്തിയപ്പോള് ബന്ധുക്കളും നാട്ടുകാരും ഒരുപോലെ വിങ്ങിപ്പൊട്ടി. കരാട്ടെ അധ്യാപകനില്നിന്ന് താന് നേരിട്ട ലൈംഗികാതിക്രമത്തിനെതിരേ നിയമപരമായി പോരാടാന് ഉറച്ചുനിന്ന അവളുടെ മരണം ഏവരെയും ഞെട്ടിച്ചു.
സംഭവത്തില് അടിമുടി ദുരൂഹതയുണ്ടെന്ന് കുടുംബവും നാട്ടുകാരും അന്നേ തറപ്പിച്ചുപറഞ്ഞു. പക്ഷേ, മരണം ആത്മഹത്യയാണെന്നായിരുന്നു ലോക്കല് പോലീസിന്റെ കണ്ടെത്തല്. ഏറെ പ്രതിസന്ധികള് തരണംചെയ്ത് ജീവിതത്തിലേക്ക് തിരികെയെത്തിയ വേളയില് അവള് ആത്മഹത്യ ചെയ്യില്ലെന്നാണ് അവളെ അറിയുന്നവരെല്ലാം ഇപ്പോഴും ഉറപ്പിച്ച് പറയുന്നത്. അതൊരു ആത്മഹത്യയല്ലെന്ന് അവര് ആണയിടുന്നു. കൊലപാതകമാണെങ്കില് അതിനുപിന്നിലുള്ളവരെ കണ്ടെത്തണമെന്നും ഇവര് ആവശ്യപ്പെടുന്നു.
Also Read
ഫെബ്രുവരി 19-ലെ ദുരൂഹമരണം....
2023 ഫെബ്രുവരി 19-നാണ് എടവണ്ണപ്പാറയിലെ പ്ലസ് വണ് വിദ്യാര്ഥിനിയെ ചാലിയാറില് മരിച്ചനിലയില് കണ്ടെത്തിയത്. വീട്ടില്നിന്ന് കാണാതായ പെണ്കുട്ടിയെ മണിക്കൂറുകള്ക്കുള്ളില് ചാലിയാറില് മരിച്ചനിലയില് കണ്ടെത്തുകയായിരുന്നു. കരാട്ടെ അധ്യാപകനായ ഊര്ക്കടവ് സ്വദേശി സിദ്ദീഖലിക്കെതിരേ പെണ്കുട്ടിയുടെ പീഡനപരാതി നിലനില്ക്കെയായിരുന്നു ഈ സംഭവം. അതിനാല്തന്നെ പെണ്കുട്ടിയുടെ മരണത്തില് നിരവധി സംശയങ്ങളുയര്ന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സാഹചര്യങ്ങളും സംശയത്തിനും ദുരൂഹതയ്ക്കും ആക്കംകൂട്ടി.
സിദ്ദീഖലിക്കെതിരായ കേസില് മൊഴി നല്കാന് തയ്യാറായിരിക്കെയായിരുന്നു പെണ്കുട്ടിയുടെ മരണം. ഇതോടെ പ്രതിയായ കരാട്ടെ അധ്യാപകന് സിദ്ദീഖലിക്കെതിരേ വ്യാപക പ്രതിഷേധമുയര്ന്നു. കരാട്ടെ പരിശീലകന് പോക്സോ നിയമപ്രകാരം അറസ്റ്റിലുമായി.
പെണ്കുട്ടിയുടെ മരണത്തില് ഇയാള്ക്ക് പങ്കില്ലെന്നും സംഭവം ആത്മഹത്യയാണെന്നുമായിരുന്നു പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്. എന്നാല്, കുട്ടിയുടെ കുടുംബത്തിനോ നാട്ടുകാര്ക്കോ ഇത് ഉള്ക്കൊള്ളാനാകുന്നില്ല. അത്രയേറെ ദുരൂഹതകള് ബാക്കിനില്ക്കെ അതിനെക്കുറിച്ചൊന്നും അന്വേഷണം നടത്താതെ ആത്മഹത്യയാണെന്ന് പോലീസ് ഉറപ്പിച്ച് പറയുന്നത് വിശ്വസിക്കാന് പ്രയാസമുണ്ടെന്നാണ് ഇവരുടെ പ്രതികരണം. സംഭവത്തില് വിപുലമായ അന്വേഷണത്തിന് മുറവിളിയുയര്ന്നതോടെ കേസ് ഇപ്പോള് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. ചാലിയാറിലെ ദുരൂഹമരണം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നതടക്കമുള്ള ചോദ്യങ്ങള്ക്ക് ക്രൈംബ്രാഞ്ച് അന്വേഷണത്തില് വ്യക്തമായ ഉത്തരം കണ്ടെത്താനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
കരാട്ടെ പരിശീലനത്തിന്റെ മറവില് ലൈംഗികാതിക്രമം...
കരാട്ടെ പരിശീലനത്തിന്റെ മറവില് പ്രായപൂര്ത്തിയാകാത്ത കുട്ടികള്ക്ക് നേരേ നടന്ന ലൈംഗികാതിക്രമത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് 17-കാരിയുടെ മരണത്തിന് പിന്നാലെ പുറംലോകമറിഞ്ഞത്. കരാട്ടെ പരിശീലനത്തിനെത്തുന്ന കുട്ടികളെ 'താന് പരമഗുരു'വാണെന്ന് വിശ്വസിപ്പിച്ചായിരുന്നു ഊര്ക്കടവ് സ്വദേശിയായ സിദ്ദീഖലി അതിക്രമം കാട്ടിയിരുന്നത്. വര്ഷങ്ങളായി തുടരുന്ന ഇത്തരം ലൈംഗികാതിക്രമം ഒരിക്കലും പുറത്തറിയില്ലെന്നും ഇയാള് വിശ്വസിച്ചു. എടവണ്ണപ്പാറയിലെ 17-കാരി കരാട്ടെ പരിശീലകനില്നിന്നുണ്ടായ അതിക്രമം വെളിപ്പെടുത്തിയതോടെ സിദ്ദീഖലിയുടെ മുഖംമൂടി അഴിഞ്ഞുവീഴുകയായിരുന്നു.

ഊര്ക്കടവിലെ സ്വന്തം വീട്ടിലെ ടെറസിന് മുകളിലായിരുന്നു സിദ്ദീഖലിയുടെ കരാട്ടെ ക്ലാസ്. അഞ്ച് വയസ്സുള്ള കുട്ടികള് മുതല് മധ്യവയസ്കര് വരെ ഇവിടെ കരാട്ടെ പരിശീലത്തിനെത്തിയിരുന്നു. കരാട്ടെ ക്ലാസിന്റെ മറവില് ലൈംഗികചൂഷണവും കുട്ടികള്ക്ക് നേരേയുള്ള അതിക്രമവുമായിരുന്നു ഇവിടെ നടന്നിരുന്നതെന്നാണ് പ്രധാന ആരോപണം. നേരത്തെ ഒരു പോക്സോ കേസില് സിദ്ദീഖലി അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് ആ കേസില്നിന്ന് കുറ്റവിമുക്തനായെന്നാണ് വിവരം. ഇതിനുപിന്നാലെയാണ് 17-കാരിയുടെ മരണത്തിലും സിദ്ദീഖലി ആരോപണവിധേയനായത്.
എട്ടാംക്ലാസ് മുതല് കരാട്ടെ ക്ലാസില്
ചാലിയാറില് മരിച്ച 17-കാരി എട്ടാംക്ലാസ് മുതല് സിദ്ദീഖലിയുടെ കരാട്ടെ ക്ലാസില് പോയിരുന്നതായാണ് പെണ്കുട്ടിയുടെ മൂത്തസഹോദരി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞത്. മൂന്നുവര്ഷത്തിലേറെയായി പതിവായി അവള് കരാട്ടെ ക്ലാസില് പോയിരുന്നു. 2023 സെപ്റ്റംബറിലാണ് കരാട്ടെ അധ്യാപകന്റെ അതിക്രമത്തെക്കുറിച്ച് പെണ്കുട്ടി വീട്ടുകാരോട് വെളിപ്പെടുത്തിയത്. പെണ്കുട്ടി കടന്നുപോയ വിഷമഘട്ടങ്ങളെക്കുറിച്ചും അവള് നേരിട്ട അതിക്രമങ്ങളെക്കുറിച്ചും സഹോദരി പറയുന്നത് ഇങ്ങനെ:-
''ഞങ്ങള് നാലുപെണ്മക്കളാണ്. അതില് ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ടായിരുന്ന പെണ്കുട്ടിയായിരുന്നു അവള്. എട്ടാംക്ലാസ് മുതലാണ് സിദ്ദീഖലിയുടെ ഊര്ക്കടവിലെ കരാട്ടെ ക്ലാസില് അവള് പോകുന്നത്. അയാളെക്കുറിച്ചുള്ള പ്രശ്നങ്ങളൊന്നും അന്നൊന്നും ഞങ്ങളുടെ ചെവിയിലെത്തിയിരുന്നില്ല. കുട്ടി പതിവായി ക്ലാസിന് പോകുന്നു. കരാട്ടെയില് പല ബെല്റ്റുകള് സ്വന്തമാക്കുന്നു. ഇതിനൊപ്പം പഠനത്തിലും ഏറെ മികവ് പുലര്ത്തിയിരുന്നു.
2023 സെപ്റ്റംബര് മാസത്തിലാണ് അവള് ഈ സംഭവം പറയുന്നത്. അത് പറയുന്ന സമയത്ത് പോലും തന്നോട് എന്തുകൊണ്ടാണ് മാഷ് ഇങ്ങനെ പെരുമാറിയതെന്ന് അവള്ക്ക് അറിയില്ലായിരുന്നു. മാഷിന്റെ പെരുമാറ്റം തനിക്ക് ഭയങ്കര സങ്കടമായി എന്നരീതിയിലാണ് അക്കാര്യങ്ങളെല്ലാം അവള് വിശദീകരിച്ചത്. പിന്നീട് സംസാരിച്ചപ്പോളാണ് ലൈംഗികാതിക്രമത്തെക്കുറിച്ചും അവള് വെളിപ്പെടുത്തിയത്. ആ സ്ഥാപനത്തില് ഇതെല്ലാം സാധാരണ നടക്കുന്നതാണെന്നും അവളില്നിന്ന് മനസിലായി. അതോടെയാണ് ഇത് ഗൗരവമേറിയ സംഭവമാണെന്ന് വ്യക്തമായി. അന്നുവരെ കുട്ടി ഇതേക്കുറിച്ചൊന്നും ഞങ്ങളോട് പറഞ്ഞിരുന്നില്ല.
സ്വന്തം വീടിന്റെ ടെറസ്സിലായിരുന്നു സിദ്ദീഖലിയുടെ കരാട്ടെ ക്ലാസ്. അഞ്ച് വയസ്സ് മുതലുള്ള ഒരുപാട് കുട്ടികള് അവിടെ ക്ലാസിനുണ്ട്. ഭൂരിഭാഗവും കൗമാരക്കാരായിരുന്നു. പൊതുവെ അയാളെക്കുറിച്ച് ആര്ക്കും ഇത്തരം സംശയങ്ങളുണ്ടായിരുന്നില്ല. പുറത്ത് കാണുമ്പോള് ഭയങ്കര ദൈവഭക്തിയുള്ളപോലെയാണ് പെരുമാറ്റം. ഒരു അനാഥാലയത്തിന്റെ രക്ഷാധികാരിയാണ്. നാട്ടുകാരുമായി വളരെ നല്ല പെരുമാറ്റം. ഒപ്പം സ്വാധീനവും.
2023 സെപ്റ്റംബറില് കുട്ടി കാര്യങ്ങള് പറഞ്ഞപ്പോളാണ് കരാട്ടെ ക്ലാസില് നടക്കുന്നതെല്ലാം അറിയുന്നത്. പിന്നീട് പലകാര്യങ്ങളും ചോദിച്ചപ്പോള് ഘട്ടംഘട്ടമായി അവള് ഓരോന്നും വെളിപ്പെടുത്തി. ഇതോടെ സംഭവത്തെക്കുറിച്ച് ചോദിക്കാനായി അയാളുടെ അടുത്തേക്ക് പോയി. കുട്ടികളുടെ മുന്നില്വെച്ചാണ് അന്ന് അയാളോട് ഇതേക്കുറിച്ച് ചോദിച്ചത്. ആ കുട്ടികളും ഇത് മനസിലാക്കാന് വേണ്ടി തന്നെയാണ് ഇങ്ങനെ ചെയ്തത്.
കാര്യങ്ങള് ചോദിച്ചതിന് പിന്നാലെ അയാള് ക്ഷമാപണം നടത്തി. അയാളുടെ ഭാര്യയും സംസാരിക്കാനെത്തി. തന്റെ മക്കളോട് ചെയ്യുന്നത് പുറത്തുള്ളവരോട് ചെയ്യരുതെന്ന് ഭര്ത്താവിനോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു കരഞ്ഞുകൊണ്ട് അയാളുടെ ഭാര്യ പറഞ്ഞത്. അന്ന് കരാട്ടെ ക്ലാസില്നിന്ന് തിരികെ ബസ് സ്റ്റോപ്പിലെത്തിയപ്പോള് അവിടെയുണ്ടായിരുന്ന രണ്ട് കുട്ടികള് എന്നെ കാണാനെത്തി. ഇത്താത്ത ചെയ്തത് വളരെ നന്നായെന്നായിരുന്നു അവര് പറഞ്ഞത്. അയാള് ഇങ്ങനെയെല്ലാം ചെയ്യുന്നത് വീട്ടില് പറഞ്ഞപ്പോള് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നായിരുന്നു അതിലൊരു പെണ്കുട്ടിയുടെ വാക്കുകള്.
സഹോദരിയെ ഞങ്ങള് പിന്നീട് കൗണ്സിലിങ്ങിന് വിധേയയാക്കി. കുട്ടി മാനസികമായി വളരെ തകര്ന്നനിലയിലായിരുന്നു. ഇത്രകാലം അവളെയും ബാക്കിയുള്ളവരെയും ഇയാള് ഇത്തരത്തില് അതിക്രമം കാട്ടിയതായി കുട്ടി പറഞ്ഞു. അവിടെ ഇതെല്ലാം നോര്മലായിരുന്നു. കാരണം അയാള് പരമഗുരുവാണെന്നും ദൈവതുല്യനാണെന്നും പറഞ്ഞാണ് കുട്ടികളെ ചൂഷണംചെയ്തിരുന്നത്. രക്ഷിതാക്കളെക്കാള് അയാളെ വിശ്വസിക്കണമെന്നായിരുന്നു കല്പന. അതിനാല് നേരിട്ട അതിക്രമങ്ങള് പുറത്തുപറയാന് പോലും കുട്ടികള്ക്ക് കഴിഞ്ഞിരുന്നില്ല. ഇത് അതിക്രമമാണെന്ന് തിരിച്ചറിയാനും പലര്ക്കും കഴിഞ്ഞില്ല.
ക്ലാസില് പോയത് മുതല് കുട്ടികളെ 'ബ്രയിന്വാഷ്' ചെയ്യുകയാണ് അയാളുടെരീതി. ഇതിന് പിന്തുണയുമായി കുറച്ച് സീനിയര് വിദ്യാര്ഥിനികളുമുണ്ട്. മോശം പെരുമാറ്റം ഉണ്ടായപ്പോള് കുട്ടി ഈ സീനിയര് വിദ്യാര്ഥിനികളോട് ആദ്യം പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ, അവരെല്ലാം അത് നോര്മലാണെന്നരീതിയിലാണ് മറുപടി നല്കിയത്. മാഷിനെതിരേ പറഞ്ഞാല് ഗുരുനിന്ദയാണെന്നും ധരിപ്പിച്ചു. ഏതാണ് കരാട്ടെ ഏതാണ് തെറ്റ് എന്ന് പോലും കുട്ടികള്ക്ക് തിരിച്ചറിയാന് കഴിഞ്ഞിരുന്നില്ല.
റിലാക്സേഷനെന്ന് പറഞ്ഞ് പെണ്കുട്ടികളുടെ ദേഹത്ത് കയറികിടക്കുന്നതായിരുന്നു അയാളുടെ രീതി. കരാട്ടെ കഴിഞ്ഞാല് അങ്ങനെ റിലാക്സ് ചെയ്യണമെന്നാണത്രേ അയാള് പറഞ്ഞിരുന്നത്. മാറില് തൊട്ടാലേ മാഷിന് മനസ്സറിയാന് പറ്റുകയുള്ളൂ. പള്സ് നോക്കണമെങ്കില് സ്വകാര്യഭാഗത്ത് തൊടണം. അതില്നിന്ന് മാറിനിന്നാല് കരാട്ടെ ക്ലാസില് കുട്ടി ഒറ്റപ്പെടും. അതായിരുന്നു അവിടത്തെ അവസ്ഥ.

കൗണ്സിലിങ്ങില് കരാട്ടെ അധ്യാപകനില്നിന്ന് നേരിട്ട അതിക്രമങ്ങള് കുട്ടി വിശദമായി പറഞ്ഞു. തുടര്ന്ന് ചൈല്ഡ് വെല്ഫയര് കമ്മിറ്റിയില് പരാതി നല്കി. ആ സമയത്തും കുട്ടിക്ക് ഭയങ്കര പേടിയായിരുന്നു. താന് വലിയ സംഭവമാണെന്നാണ് അയാള് സ്വയം ചിത്രീകരിച്ചിരുന്നത്. ഇത്രയും സ്വാധീനമുള്ള വ്യക്തിയായതിനാല് പരാതിയുമായി മുന്നോട്ടുപോയാല് അയാള് ഇനിയും ഉപദ്രവിക്കുമെന്ന് കുട്ടി ഭയന്നു. അവളെ ഇല്ലാതാക്കുമെന്ന് വരെ ഭയമുണ്ടായിരുന്നു. പക്ഷേ, മാഷ് ചെയ്തത് ലൈംഗികാതിക്രമമാണെന്ന് അവള് തിരിച്ചറിഞ്ഞിരുന്നു. കൗണ്സിലിങ്ങില് എല്ലാം വെളിപ്പെടുത്തി. കൗണ്സിലര് വഴി ചൈല്ഡ് വെല്ഫയര് കമ്മിറ്റിയിലും പരാതി നല്കി. അതിനുശേഷം അവള് കുറച്ച് ഓക്കെയായി. എന്നാലും കുട്ടിക്ക് മൊഴി കൊടുക്കാന് പേടിയായിരുന്നു. കുട്ടി ഓക്കെ ആയശേഷം മൊഴി നല്കാമെന്ന് രക്ഷിതാവും കൗണ്സിലറും പരാതിയില് സൂചിപ്പിച്ചിരുന്നു. കൗണ്സിലിങ്ങിന് ശേഷം കുട്ടിയുടെ മാനസികനില മെച്ചപ്പെട്ടു. കേസ് കൊടുക്കണമെന്ന് കുട്ടി തന്നെ ഇങ്ങോട്ട് പറഞ്ഞു. കുടുംബം അതിന് പൂര്ണ പിന്തുണ നല്കി''- സഹോദരി പറഞ്ഞു.
മരണം, ദുരൂഹതകള്...
സിദ്ദീഖലിക്കെതിരേയുള്ള പരാതിയില് മൊഴി കൊടുക്കല് അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാനിരിക്കെയാണ് 17-കാരിയുടെ മരണം സംഭവിച്ചതെന്നായിരുന്നു സഹോദരിയുടെ പ്രതികരണം. ''പോക്സോയില് കുട്ടിയുടെ മൊഴിയാണ് പ്രധാനം. കേസുമായി ഞങ്ങള് മുന്നോട്ടുപോകാനിരിക്കെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. കുട്ടി മൊഴി നല്കാന് കാത്തിരിക്കാതെ പോലീസിനും ചൈല്ഡ് വെല്ഫയര് കമ്മിറ്റിക്കും അന്വേഷണം നടത്താമായിരുന്നു. പക്ഷേ, കുട്ടിയുടെ മൊഴി കിട്ടാന് അവര് കാത്തിരുന്നു. നേരത്തെ പോക്സോ കേസില് ഉള്പ്പെട്ടയാള്ക്കെതിരേ ഇങ്ങനെയൊരു പരാതി ഉണ്ടായിട്ടും യാതൊന്നും അന്വേഷിച്ചില്ല. അവസാനം മൊഴി നല്കാന് അവളും ബാക്കിയുണ്ടായില്ല''.
''പ്ലസ് വണ്ണില് പഠിക്കുമ്പോള് തന്നെ ജെ.ഇ.ഇ. എന്ട്രന്സ് കോച്ചിങ്ങിനും അവള് പോയിരുന്നു. ബഹിരാകാശ ശാസ്ത്രജ്ഞയാവുക എന്നതായിരുന്നു അവളുടെ ആഗ്രഹം. ഐ.ഐ.ടി. അഡ്മിഷനായിരുന്നു ലക്ഷ്യം. ഈ സംഭവത്തോടെ ക്ലാസിന് പോകാന് പറ്റാത്ത മാനസികാവസ്ഥയിലായി. ക്ലാസില് പഴയതുപോലെ ശ്രദ്ധിക്കാന് ബുദ്ധിമുട്ടായി. തുടര്ച്ചയായി ക്ലാസ് നഷ്ടമായതോടെ അടുത്തവര്ഷം വീണ്ടും റീഅഡ്മിഷന് എടുത്ത് പഠനം തുടരാമെന്നായിരുന്നു തീരുമാനം. അധ്യാപകരും അതിന് പിന്തുണനല്കി. പക്ഷേ, ആ സമയത്തും എന്ട്രന്സ് കോച്ചിങ്ങിന് പോയിരുന്നു.
സ്കൂളിലെ പാദവാര്ഷിക പരീക്ഷയില് ടോപ്പറായിരുന്നു അവള്. അതിനാല് തന്നെ ഒരു ബ്രേക്ക് വേണമെങ്കില് അതെടുക്കാമെന്നും അടുത്തവര്ഷം ഏകജാലകം വഴി അപേക്ഷിച്ച് വീണ്ടും ചേരാമെന്നുമാണ് അധ്യാപകരും പറഞ്ഞത്. മരണം സംഭവിച്ച ഫെബ്രുവരി 19-ന് രാവിലെ പോലും സുഹൃത്തുമായി പഠനകാര്യങ്ങളും ചര്ച്ചചെയ്തിരുന്നു''
അവള്ക്ക് നീതി വേണം...
''20 വര്ഷത്തോളമായി സിദ്ദീഖലി കരാട്ടെ പരിശീലന സ്ഥാപനം നടത്തുന്നുണ്ട്. ഒരുപാട് പേരെ ഇയാള് ഇത്തരത്തില് ഉപദ്രവിച്ചതായി രഹസ്യമായ പരസ്യമാണ്. എന്നിട്ടുപോലും ഒരു കുട്ടിക്കും പരാതിയുമായി നിയമപരമായി മുന്നോട്ടുപോകാന് ധൈര്യമില്ല. മുന്നോട്ടുപോകുന്നവരെ പലരും ഇടപെട്ട് പിന്വലിപ്പിക്കുകയാണ്'- 17-കാരിയുടെ സഹോദരി ആരോപിച്ചു.
''ഇതില്നിന്ന് വ്യത്യസ്തമായി എന്റെ സഹോദരി കേസുമായി മുന്നോട്ടുപോകാനിരിക്കെയാണ് അവളുടെ മരണം സംഭവിച്ചത്. അതില് ഞങ്ങള്ക്ക് എല്ലാരീതിയിലും ദുരൂഹതയും സംശയങ്ങളുമുണ്ട്. അയാളുടെ ഒരുപാട് ഇരകളില് ഒരാളായിരുന്നു അവളും. അവള്ക്ക് ആദ്യം ഇയാളെ ഭയങ്കര പേടിയുണ്ടായിരുന്നു. അവസാനനാളുകളിലും അതേ പേടിയുണ്ടായിരുന്നു. അയാള് നമ്മളെ ഉപദ്രവിക്കുമെന്ന് പലവട്ടം അവള് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവളുടെ ശാരീരിക-മാനസികനില മെച്ചപ്പെട്ട്, ധൈര്യം വീണ്ടെടുത്തശേഷം കേസിന്റെ കൂടുതല് നടപടികളുമായി മുന്നോട്ടുപോകാനായിരുന്നു തീരുമാനം. അവള്ക്ക് അതിനുള്ള എല്ലാവിധ പിന്തുണയും നല്കി. അവളും നീതി ആഗ്രഹിച്ചിരുന്നു. പക്ഷേ, അയാള് ഇത്ര 'ഭീകരനാണെന്ന്' ആ സമയത്തും ഞങ്ങള്ക്ക് വ്യക്തമായിരുന്നില്ല. അയാളെക്കുറിച്ചുള്ള ഇതിന് മുന്പുള്ള ഒരുകാര്യവും ആരുമുഖേനയും ഞങ്ങളുടെ ചെവിയിലെത്തിയിരുന്നില്ല. അതെല്ലാം മൂടിവെച്ചിരുന്നതിനാലാണ് അതൊന്നും ആരും അറിയാതിരുന്നത്.

പോലീസിനെ തുടക്കംമുതല് ഒരുപാട് വിശ്വസിച്ചു. തുടക്കംമുതലേ പോലീസ് ആത്മഹത്യ എന്ന് പറഞ്ഞപ്പോഴും അത് പ്രതിയെ പിടിക്കാനുള്ള പോലീസിന്റെ തന്ത്രമായിരിക്കാം എന്നാണ് കരുതിയത്. പക്ഷേ, ആദ്യദിവസവും രണ്ടാംദിവസവും പറഞ്ഞ അതേകാര്യങ്ങള് തന്നെയാണ് ആഴ്ചകള് കഴിഞ്ഞിട്ടും പോലീസ് ആവര്ത്തിച്ച് പറയുന്നത്.
എന്തുകൊണ്ട് വസ്ത്രം ഊരി എന്നതും എന്തുകൊണ്ട് കുട്ടിയുടെ രണ്ടുകാലുകളിലും ചെരിപ്പുണ്ടായിരുന്നു എന്നതും ഇത്രയും കുറഞ്ഞ വെള്ളത്തില് ഒരു കുട്ടി എങ്ങനെയാണ് മരിക്കുക എന്നതുമാണ് ഞങ്ങളും നാട്ടുകാരും ഉന്നയിച്ച സംശയങ്ങള്. പക്ഷേ, ഈ സംശയം ഉന്നയിക്കുന്നവരെയെല്ലാം പോലീസ് അവരുടേതായ സത്യം കണ്ടുപിടിച്ച് ന്യായീകരിക്കുകയാണ്.
ഒരുരീതിയിലും പോലീസിന്റെ ഭാഗത്തുനിന്ന് നീതിയുണ്ടായില്ല. പ്രതിക്ക് രാഷ്ട്രീയമായും സാമൂഹികമായും സ്വാധീനമുണ്ട്. ഒരുസമൂഹം മുഴുവന് ഇയാളെയും ഇയാളുടെ കൂട്ടരെയും ഭയന്നുനില്ക്കുന്ന അവസ്ഥയാണ്.''
പോലീസ് പറഞ്ഞു, ഒരു ചിരട്ടയോളം വെള്ളത്തിലും മുങ്ങിമരിക്കാമെന്ന്...
പെണ്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും സാഹചര്യവും ഏറെ സംശയങ്ങളുണ്ടാക്കുന്നതാണെങ്കിലും ഇതുസംബന്ധിച്ചെല്ലാം പോലീസ് നല്കിയത് വിചിത്രമായ മറുപടിയാണെന്നായിരുന്നു സഹോദരിയുടെ ആരോപണം. ''മൃതദേഹം കണ്ട ആര്ക്കും അത് ആത്മഹത്യയാണെന്ന് പറയാന് പറ്റില്ല. അവളുടെ മൃതദേഹം കാണുന്നത് കരയുടെ അത്രയും അടുത്തായിട്ടായിരുന്നു. പോലീസ് പറഞ്ഞത് അത് കരയ്ക്കടിഞ്ഞതാണെന്നാണ്. എന്തായാലും മുട്ടോളംപോലും വെള്ളമില്ലാത്ത അവിടെ കിടന്ന് ഒരാള്ക്ക് മരിക്കാന് പറ്റില്ല. കൈ എത്തിപ്പിടിക്കാന് പാകത്തില് അവിടെ ചാക്കുകളെല്ലാമുണ്ട്.
ആദ്യം പോലീസ് പറഞ്ഞത് ഒരു ചിരട്ടയോളമുള്ള വെള്ളത്തിലും മുങ്ങിമരിക്കാമെന്നാണ്. ചിരട്ടയോളം വെള്ളംമതി ഒരാള്ക്ക് മുങ്ങിമരിക്കാനെന്നായിരുന്നു പോലീസിന്റെ വിശദീകരണം. ആ കുട്ടിക്ക് ബോധമുണ്ടെങ്കില് അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചോദിച്ചപ്പോള് പോലീസ് അത് മാറ്റിപ്പറഞ്ഞു. കുറച്ചപ്പുറത്ത് കയങ്ങളുണ്ട്. ആ കയത്തില് കുട്ടി പെട്ടിരിക്കാം. എന്നിട്ട് പിന്നീട് കരയ്ക്കടിഞ്ഞതാകാം എന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്.
അങ്ങനെ കരയ്ക്കടിഞ്ഞതാണെങ്കില് എങ്ങനെയാണ് കുട്ടിയുടെ കാലില് ചെരിപ്പുണ്ടാവുക എന്നതായിരുന്നു ഞങ്ങളുടെ ചോദ്യം. ഇത്ര ഒഴുക്കില് കരയ്ക്കെത്തിയ മൃതദേഹത്തില്നിന്ന് കാലിലെ ചെരിപ്പ് മാത്രം എന്തുകൊണ്ട് പോയില്ല. കാലിട്ടടിക്കൂലെ, അപ്പോ ചെരിപ്പ് പോകൂലെ എന്ന് ചോദിച്ചപ്പോള് കൈയിട്ടടിക്കുന്നത് പോലെ കാലിട്ടടിക്കില്ലെന്നായിരുന്നു പോലീസിന്റെ മറുപടി. മുങ്ങിമരിക്കുന്ന ഒരാള് മരണവെപ്രാളത്തില് കാണിക്കുന്നതിന്റെ യാതൊന്നും മൃതദേഹത്തിലുണ്ടായിരുന്നില്ല. കൈ മുന്നോട്ടുവെച്ച രീതിയിലായിരുന്നു മൃതദേഹം. പോലീസിന് ഇതിനൊന്നും വ്യക്തതയില്ല. പറഞ്ഞ കാര്യങ്ങള് ആവര്ത്തിച്ച് പറഞ്ഞ് പോലീസ് നാട്ടുകാരെയും അത് വിശ്വസിപ്പിക്കാന് ശ്രമിക്കുകയാണ്.
സംഭവദിവസം അവള് മറ്റൊരു സഹോദരിക്ക് മെസേജ് അയച്ചിരുന്നു എന്നത് ശരിയാണ്. അത് വീട്ടില് ഉണ്ടായിരുന്ന സമയത്തുതന്നെ അയച്ചതാണ്. കുട്ടി ഏതുസമയത്താണ് വീട്ടില്നിന്ന് പോയതെന്ന് അറിയില്ല. ആ മെസേജ് വന്നതിന്റെ ശേഷം നോക്കിയപ്പോഴും കുട്ടി വീട്ടിലുണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്നവര്ക്ക് അവള് തന്നെയാണ് അന്ന് ചായയും ഉണ്ടാക്കികൊടുത്തത്. അത് കഴിഞ്ഞ് എപ്പോഴാണ് കുട്ടി വീട്ടില്നിന്ന് പോയതെന്ന് അറിയില്ല. ഭീഷണിപ്പെടുത്തി വീട്ടില്നിന്ന് ആരെങ്കിലും ഇറക്കിയതാണോ എന്നതൊന്നും അറിയില്ല.

പെണ്കുട്ടിയുടെ വസ്ത്രം പുഴയില്നിന്ന് കണ്ടെത്തിയപ്പോള്, അറസ്റ്റിലായ സിദ്ദീഖ് അലി(വലത്ത്)
ഈ കേസിലും സിദ്ദീഖലി പുറത്തിറങ്ങുമെന്നാണ് ഏവരുടെയും ഭയം. അയാള്ക്കാണെങ്കില് ഏറെ സ്വാധീനവുമുണ്ട്. ഇരകളെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പല പ്രചരണങ്ങളുമാണ് ഇപ്പോള് നടക്കുന്നത്. എന്തിന് അവിടെ പോയി, എന്തിന് കരാട്ടെ ക്ലാസിന് പറഞ്ഞയച്ചു, വസ്ത്രധാരണം ശരിയാകാത്തതിനാലാണ് അങ്ങനെയൊക്കെ പലരും കുറ്റപ്പെടുത്തുന്നു.
ഇത്രവര്ഷമായിട്ടും ആര്ക്കും ഇയാള്ക്കെതിരേ പരാതിയില്ല. മരണത്തിന് ശേഷം പലരും വെളിപ്പെടുത്തല് നടത്തിയെങ്കിലും അവര്ക്കും കേസുമായി മുന്നോട്ടുപോകാന് ധൈര്യമില്ല. അവര്ക്കും പേടിയാണ്. പറഞ്ഞാല് സ്വന്തം ജീവിതം ഇല്ലാതാകുമോ എന്ന് പോലും പലരും ഭയക്കുന്നു.എന്തായാലും കുടുംബം കേസുമായി മുന്നോട്ടുപോകും. ഞങ്ങള്ക്കും അവള്ക്കും നീതി കിട്ടണം. സംഭവത്തില് ആക്ഷന് കമ്മിറ്റി പ്രവര്ത്തിക്കുന്നുണ്ട്. നല്ലരീതിയില് അവരുടെ പിന്തുണയുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തില് എല്ലാവരും പ്രതീക്ഷയിലാണ്''- സഹോദരി പറഞ്ഞു.
''അവള് ആത്മഹത്യ ചെയ്യില്ല'', ഉറപ്പിച്ച് പറയുന്നു, ഡോക്ടറും അധ്യാപകനും...
എടവണ്ണപ്പാറയിലെ പെണ്കുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് കുട്ടിയെ കൗണ്സിലിങ്ങിന് വിധേയമാക്കിയ മനോരോഗ വിദഗ്ധനും കുട്ടിയുടെ ക്ലാസ് അധ്യാപകനും.
മരണം സംഭവിക്കുന്നതിന് ഒരാഴ്ച മുന്പ് വരെ പരാതിയുമായി മുന്നോട്ടുപോകാനുള്ള ഉറച്ചതീരുമാനത്തിലായിരുന്നു കുട്ടിയെന്ന് കൗണ്സിലിങ്ങിന് നേതൃത്വം നല്കിയ കോഴിക്കോട്ടെ മനോരോഗ വിദഗ്ധന് ഡോ. മനോജ് മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന്റെ അനുവാദത്തോടെ ഡോക്ടര് പറയുന്നത് ഇങ്ങനെ:-
''ഏതാനും മാസങ്ങള്ക്ക് മുന്പാണ് കുട്ടി കൗണ്സിലിങ്ങിന് വന്നത്. അന്നുതന്നെ ചൈല്ഡ് വെല്ഫയര് കമ്മിറ്റിയെ വിവരമറിയിച്ചു. മാനസികമായി സ്റ്റേബിള് ആയശേഷം ആയതിന് ശേഷം കേസിന്റെ കാര്യങ്ങളുമായി മുന്നോട്ടുപോകാമെന്ന് പറഞ്ഞു. മൊഴി കൊടുക്കല് കുട്ടി 'സ്റ്റേബിള്' ആയിട്ട് മതിയെന്ന് പറഞ്ഞിരുന്നു. പോലീസിന് മുന്നില് മൊഴി കൊടുക്കുക എന്നതൊന്നും എളുപ്പമല്ലല്ലോ. അതിനുവേണ്ടി കുട്ടി തയ്യാറാവണമല്ലോ, അന്ന് കുട്ടി 'സ്റ്റേബിള്' അല്ലായിരുന്നു.
സ്ഥിരമായി ഫോളോഅപ്പ് ചെയ്തിരുന്നു. പതുക്കെ കുട്ടി ഭേദപ്പെട്ടുവന്നു. അടുത്ത് തന്നെ മൊഴികൊടുക്കാന് തയ്യാറാകുമെന്ന് പറഞ്ഞിരിക്കെയാണ് മരണം സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ആത്മഹത്യയാണെന്ന് വിശ്വസിക്കാന് ബുദ്ധിമുട്ടുണ്ട്. ആത്മഹത്യാപ്രവണതയുടെ യാതൊരു ലക്ഷണവും കുട്ടി കാണിച്ചിരുന്നില്ല. അങ്ങനെയൊന്നും ഒരിക്കലും തോന്നിയിട്ടില്ല. കുട്ടി പലപ്പോഴും കുട്ടിയുടെ വിഷമം തുറന്നുപറയാറുണ്ട്, പക്ഷേ, അത് ആത്മഹത്യയിലേക്ക് എത്തുമെന്നൊന്നും ഒരിക്കലും തോന്നിയിരുന്നില്ല. കുട്ടി ആത്മഹത്യചെയ്യുമെന്ന് ഒരിക്കലും ഞങ്ങള്ക്ക് തോന്നിയിട്ടില്ല. ചില കേസുകളില് ഞങ്ങള്ക്ക് അങ്ങനെ തോന്നും. ഇത് റിസ്കാണെന്നും ആത്മഹത്യയിലേക്ക് നീങ്ങുമെന്നുമെല്ലാം മുന്കൂട്ടി മനസിലാക്കാനാകും. പക്ഷേ, ഈ കുട്ടിയില് ഇതൊന്നും തോന്നിയില്ല.
പ്രായത്തിന് അനുസരിച്ചുള്ള ടെന്ഷനും ട്രോമയും ബുദ്ധിമുട്ടും ഉണ്ടായിരുന്നുള്ളൂ. മരിക്കുന്നതിന് ഒരാഴ്ച മുന്പാണ് അവസാനം കുട്ടിയുമായി സംസാരിച്ചത്. അന്നും പരാതിയുമായി മുന്നോട്ടുപോകാനുള്ള ഉറച്ചതീരുമാനത്തിലായിരുന്നു. അതിനുള്ള സമയമായെന്നാണ് പറഞ്ഞത്. പക്ഷേ, അയാളെ കുട്ടിക്ക് ഭയങ്കര പേടിയുമായിരുന്നു. അയാള് ശക്തനാണെന്ന് കുട്ടി കരുതി. നിയമപരമായി മുന്നോട്ടുപോകുമ്പോള് പ്രശ്നമാകുമോ എന്നുപോലും ഭയന്നു''- ഡോക്ടര് വിശദീകരിച്ചു.
അവള് മിടുക്കി, പെട്ടെന്നാണ് ഒരു കാര്മേഘം വന്നത്...
പഠനത്തിലും പാഠ്യേതര വിഷയത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട വിദ്യാര്ഥിനായിരുന്നു 17-കാരിയെന്ന് അവളുടെ അധ്യാപകനും സാക്ഷ്യപ്പെടുത്തുന്നു. ''കഴിഞ്ഞ ജൂലായിലാണ് അവള് സ്കൂളിലെത്തുന്നത്. അന്നുമുതല് പഠനത്തിലും പാഠ്യേതര വിഷയത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെടുന്ന വിദ്യാര്ഥിനിയായിരുന്നു. കോഴിക്കോട് കളക്ടറേറ്റില് നടന്ന സ്കില്ഡ് ഷെയേര്ഡ് കമ്മ്യൂണിറ്റി പ്രോഗ്രാമില് അവളെ പങ്കെടുപ്പിച്ചു. അന്നത്തെ അവതരണമികവ് കണ്ട് മറ്റുസ്കൂളിലെ അധ്യാപകര് വരെ വിളിച്ച് അഭിനന്ദനമറിയിച്ചു. വടകരയില്നടന്ന എക്സ്പോയിലും തിരുവനന്തപുരത്ത് നടന്ന നാഷണല് സ്റ്റുഡന്റ് ക്ലൈമറ്റ് കോണ്ക്ലേവിലും മികച്ചരീതിയിലാണ് പങ്കെടുത്തത്. അങ്ങനെയുള്ള കുട്ടിയാണ് പെട്ടെന്ന് കാര്മേഘം വന്നത് പോലെ മൂഡ് ഓഫായത്. അത് അധ്യാപകരുടെ ശ്രദ്ധയില്പ്പെട്ടു. ക്ലാസ് അധ്യാപകനെന്നനിലയില് ഞാന് നേരിട്ട് കാര്യം തിരക്കി. അപ്പോഴാണ് കരാട്ടെ അധ്യാപകന്റെ അതിക്രമത്തെക്കുറിച്ച് വിവരമറിയിച്ചത്. അത് എനിക്കും വലിയ ഷോക്കായി. അവള് കരാട്ടെ ബ്ലാക്ക് ബെല്റ്റാണെന്നൊക്കെ അറിയാമായിരുന്നു.

അന്നുതന്നെ മുതിര്ന്ന അധ്യാപകനെ വിളിച്ച് കാര്യം പറഞ്ഞു. സംഭവം ഗുരുതരമാണെന്നും എത്രയുംവേഗം ചൈല്ഡ് ലൈനിലോ ബന്ധപ്പെട്ടവരെയോ വിവരമറിയിക്കണമെന്നും അദ്ദേഹം നിര്ദേശിച്ചു. അതോടെ പിറ്റേദിവസം തന്നെ കുട്ടിയോട് കാര്യം പറഞ്ഞു. സംഭവം പരാതിയായി അറിയിക്കണമെന്നും എല്ലാത്തിനും പരിഹാരം കാണാമെന്നും പറഞ്ഞു. ആ സമയത്തുതന്നെ കുട്ടിക്ക് കൗണ്സിലിങ് ആരംഭിച്ചിരുന്നു. സംഭവിച്ചതെല്ലാം കൗണ്സിലറോട് തുറന്നുപറയണമെന്നും ഒന്നും പേടിക്കേണ്ടെന്നും അവളോട് പറഞ്ഞു. അന്ന് വൈകിട്ട് തന്നെ അവള് കൗണ്സിലിങ്ങിന് പോയി. അതിനുശേഷം എന്നെ ഫോണില് വിളിക്കുകയും ഞാന് എല്ലാം പറഞ്ഞിട്ടുണ്ട് മാഷേ എന്നും പറഞ്ഞു.
കൗണ്സിലിങ്ങിന് പിന്നാലെ അത് പരാതിയായി പോയി. മണിക്കൂറുകള്ക്കുള്ളില് പോലീസ് സ്കൂളിലേക്ക് വിളിച്ചു. സംഭവം നാട്ടില് നടന്നതിനാല് അത് വാഴക്കാട് പോലീസിലേക്ക് കൈമാറി. ഇതെല്ലാം അറിഞ്ഞതോടെ അവള് വീണ്ടും വലിയ മാനസികപ്രയാസത്തിലായി. സംഭവം കേസായെന്നും കോടതിയില് പോകേണ്ടിവരുമെന്നെല്ലാം അറിഞ്ഞാകാം വീണ്ടും വളരെ തളര്ന്നനിലയിലായി. പോലീസ് മൊഴിയെടുക്കാന് വന്നെങ്കിലും മാനസികമായി പ്രയാസത്തിലായതിനാല് മൊഴിയെടുക്കല് അപ്പോള് വേണ്ടെന്നുവെച്ചു.
ഇതിനിടെയാണ് പഠനത്തില്നിന്ന് മാറിനില്ക്കാന് കുട്ടി തീരുമാനിച്ചത്. അതിനെ ഞങ്ങള് ആദ്യം അനുകൂലിച്ചില്ല. അത് ഒരിക്കലും വേണ്ടെന്നായിരുന്നു അവളോട് പറഞ്ഞത്. പക്ഷേ, പിന്നീട് ക്ലാസിലെത്തിയെങ്കിലും മാനസികമായും ശാരീരികമായും അവള് ഏറെ പ്രയാസങ്ങള് അനുഭവിക്കുന്നതായി തോന്നി. ഇടയ്ക്ക് ശ്വാസംനിന്ന് പോവുക ഉള്പ്പെടെയുള്ള പ്രയാസങ്ങള് നേരിട്ടു. അതെല്ലാം കണ്ടതോടെ താത്കാലികമായി സ്കൂള് പഠനം നിര്ത്താമെന്ന അവളുടെ ആവശ്യം അംഗീകരിച്ചു. പക്ഷേ, ട്യൂഷന് മുടക്കരുതെന്നും നിര്ദേശിച്ചു. ടി.സി. വാങ്ങിയശേഷം അടുത്തവര്ഷം വീണ്ടും പഠനം തുടരാമെന്നായിരുന്നു തീരുമാനം.
അതിനുശേഷം അവള് പഴയപോലെ തിരിച്ചുവന്നു. എല്ലാം ഉഷാറായപ്പോലെയായി. മിക്കദിവസവും കാര്യങ്ങള് വിളിച്ചുപറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാനുള്ള നീക്കങ്ങളും ആരംഭിച്ചു. പക്ഷേ, അത് പ്രതിയുടെ ആള്ക്കാര് അറിഞ്ഞെന്നാണ് തോന്നുന്നത്. അതിന് ശേഷം എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്''- അധ്യാപകന് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
''സ്കൂളിലെ പഠനം അവസാനിപ്പിച്ച് പോയശേഷം ഒരിക്കല് അവളുടെ വീട്ടില് പോയിരുന്നു. അടുത്തവര്ഷം മധ്യകേരളത്തിലെ എന്ട്രന്സ് കോച്ചിങ് സെന്ററില് ചേരണമെന്നായിരുന്നു അവളുടെ ആഗ്രഹം. അതുവരെയുള്ള നോട്ട്സും പുസ്തകങ്ങളുമെല്ലാം കാണിച്ചുതന്നു. ഒരിക്കലും പഠനത്തില്നിന്ന് പിന്നോട്ട് പോകരുതെന്ന് മാത്രമാണ് അവളോട് പറഞ്ഞത്. ഈ വര്ഷം പഠിച്ചല്ലോ, അതിനാല് പ്ലസ്ടു കഴിഞ്ഞ് റിപ്പീറ്റ് ഇല്ലാതെ ജെ.ഇ.ഇ. എന്ട്രന്സ് എഴുതാമെന്നും പറഞ്ഞു. അന്ന് വീട്ടില്നിന്ന് തിരികെയെത്തി ഏതാനുംദിവസങ്ങള്ക്ക് ശേഷമായിരുന്നു അവളുടെ മരണം.
ആരും അറിയാത്ത രീതിയില് അവളെ ആരോ എന്തോ ഭീഷണിപ്പെടുത്തുകയോ മറ്റെന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. മൂന്നുവര്ഷമായി കാണുന്ന കരാട്ടെ അധ്യാപകന് അവളോട് ഇങ്ങനെ ചെയ്തല്ലോ, അതോടെ ബാക്കിയുള്ളവരെയും അവള് സംശയത്തോടെ കാണാനിടയായി. എല്ലാവരെയും പേടിയുള്ളപോലെയായി. അയാള്ക്കെതിരേ ഒരു നടപടിയെടുത്താല് എങ്കിലും തനിക്ക് സമാധാനം കിട്ടുമായിരിക്കുമെന്ന് അവള് പറഞ്ഞിരുന്നു. അയാളെ ഒരിക്കലും വെറുതെവിടില്ലെന്ന് പറഞ്ഞ് അവളുടെ കൂടെയാണ് എല്ലാവരുംനിന്നത്. അപ്പോള് അവള്ക്ക് കുറേ ധൈര്യമായിരുന്നു. പക്ഷേ, വീണ്ടും അവളെ എന്തോ ഭയം പിന്തുടര്ന്നതായാണ് തോന്നുന്നത്.
ഞങ്ങള് ഇപ്പോഴും ഉറച്ചുപറയുന്നു, ആ കുട്ടി ആത്മഹത്യചെയ്യില്ല. ആയിരംവട്ടം ഞങ്ങള്ക്ക് അത് ഉറപ്പിച്ച് പറയാം. എനിക്ക് അവളെ അറിയാം. അത്ര ധൈര്യമാണവള്ക്ക്. അഥവാ ഇനി അത് ആത്മഹത്യയാണെങ്കില് ആ ദിവസങ്ങള്ക്കിടയില് ദുരൂഹമായ എന്തോ സംഭവിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചില്നിന്ന് ഈ സംഭവത്തില് നീതികിട്ടുമെന്നാണ് പ്രതീക്ഷ.'', അധ്യാപകന് കൂട്ടിച്ചേര്ത്തു.
ആരോപണങ്ങള്, വെളിപ്പെടുത്തലുകള്...
17-കാരിയുടെ മരണത്തിന് പിന്നാലെ കരാട്ടെ അധ്യാപകനായ സിദ്ദീഖലിക്കെതിരേ സ്ഥാപനത്തിലെ മുന് വിദ്യാര്ഥിനിയും വിദ്യാര്ഥിനിയായിരുന്ന മറ്റൊരു പെണ്കുട്ടിയുടെ മാതാവും ഉള്പ്പെടെയുള്ളവര് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു.
പരിശീലനത്തിന്റെ ഭാഗമെന്നു പറഞ്ഞ് അധ്യാപകന് ദേഹത്ത് സ്പര്ശിക്കാറുണ്ടെന്നായിരുന്നു ഒരു മുന് വിദ്യാര്ഥിനിയുടെ വെളിപ്പെടുത്തല്. 'പരമഗുരു എന്ന് ബോര്ഡില് എഴുതിവെക്കും. നമ്മുടെ മനസ്സിലുള്ള കാര്യം നമ്മള് അറിയാതെതന്നെ അറിയാന് കഴിവുള്ള ഒരു മനുഷ്യനാണ് പരമഗുരുവെന്നും ഈ പരമഗുരുവിന്റെ സാന്നിധ്യം ലഭിച്ചാല് മാത്രമേ ജീവിതത്തില് വിജയിക്കാനാവൂവെന്നും അര്പ്പണമനോഭാവമുള്ള കുട്ടികള്ക്ക് മാത്രമേ പരമഗുരുവിന്റെ സാന്നിധ്യം കിട്ടൂവെന്നും വിശ്വസിപ്പിച്ച് ശരീരത്തിലെ കൂടുതല് ഭാഗങ്ങള് സ്പര്ശിക്കാറുണ്ടായിരുന്നു.' എട്ടുവയസ്സ് മുതലുള്ള കുട്ടികളെയാണ് സ്ഥാപനത്തില്വെച്ച് ഉപദ്രവിക്കുന്നതെന്നും പെണ്കുട്ടി പറയുന്നു. പീഡനം അസഹനീയമായപ്പോള് താന് പരിശീലനം മതിയാക്കുകയും അധ്യാപകനെതിരേ പരാതി നല്കുകയും ചെയ്തെന്നും പെണ്കുട്ടി പറഞ്ഞു. എന്നാല് സിദ്ദീഖലിയുടെ ഭീഷണിപ്പെടുത്തലിനെ തുടര്ന്ന് പരാതി പിന്നീട് പിന്വലിക്കുകയാണുണ്ടായതെന്നും പെണ്കുട്ടി അന്ന് പറഞ്ഞിരുന്നു.
കരാട്ടെ ക്ലാസിനെത്തുന്ന ആണ്കുട്ടികളോട് പോലും സിദ്ദീഖലി മോശമായി പെരുമാറിയെന്നും 'ബ്രെയിന് വാഷ്' ചെയ്ത ശേഷമാണ് ഇയാള് കുട്ടികളെ ഉപദ്രവിച്ചിരുന്നതെന്നുമായിരുന്നു മലപ്പുറം സ്വദേശിയായ ഒരു യുവതിയും നേരത്തെ വെളിപ്പെടുത്തിയത്. രണ്ടു വര്ഷം മുന്പ് സിദ്ദീഖലിയുടെ കരാട്ടെ ക്ലാസില് വിദ്യാര്ഥിനിയായിരുന്ന പെണ്കുട്ടിയുടെ മാതാവാണ് ഇവര്.
സിദ്ദീഖലി നേരത്തെ പോക്സോ കേസില് അറസ്റ്റിലായതിന് പിന്നാലെ യുവതി സാമൂഹികമാധ്യമത്തിലൂടെ സമാനവെളിപ്പെടുത്തല് നടത്തിയിരുന്നു. രണ്ടു വര്ഷം മുമ്പായിരുന്നു ഈ സംഭവം. എന്നാല്, അന്നത്തെ കേസെല്ലാം തീര്ത്ത് സിദ്ദീഖലി വീണ്ടും കരാട്ടെ ക്ലാസ് ആരംഭിക്കുകയും കുട്ടികളെ ഉപദ്രവിക്കുന്നത് തുടര്ന്നെന്നുമാണ് യുവതി പറയുന്നത്.
''2021 സെപ്റ്റംബറിലാണ് ആറു വയസ്സുള്ള മകളെ അയാളുടെ കരാട്ടെ ക്ലാസില് ചേര്ത്തത്. മകളെ കരാട്ടെ പഠിപ്പിക്കാനായി അന്വേഷിച്ചപ്പോള് പലരും നിര്ദേശിച്ചത് സിദ്ദീഖലിയുടെ ക്ലാസായിരുന്നു. എന്നാല്, ചേര്ത്തതിന്റെ മൂന്നാം ദിവസം മകളുടെ അവിടത്തെ ക്ലാസ് ഞാന് നിര്ത്തി.
'അയാളുടെ വീടിന്റെ മുകളിലാണ് കരാട്ടെ ക്ലാസ് നടക്കുന്നത്. പുറമേനിന്ന് വരുന്ന ഏതൊരാള്ക്കും അവിടത്തെ കാര്യങ്ങള് കണ്ടാല് എല്ലാം മനസിലാകും. എന്നെ കണ്ടാല് അയാള് ഡീസന്റായി അഭിനയിക്കും. മൂന്നു ദിവസമേ മകള് അവിടെ ക്ലാസിന് പോയുള്ളൂ. മകളെ ക്ലാസിന് കൊണ്ടുപോയാല് അവസാനിക്കുന്നത് വരെ ഞാന് അവിടെ കാത്തിരിക്കും. അയാളുടെ ഇടപെടലും അവിടെ നടക്കുന്നതുമെല്ലാം കണ്ടപ്പോള് എന്തോ അസ്വസ്ഥത തോന്നി. അതോടെ മകളുടെ ക്ലാസും നിര്ത്തി. പിന്നീട് ഡിസംബറിലാണ് ഇയാള് പോക്സോ കേസില് അറസ്റ്റിലായ വാര്ത്ത കാണുന്നത്. എന്താണോ ഞാന് അന്ന് ചിന്തിച്ചത്, അതുതന്നെയായിരുന്നു അവിടെ സംഭവിച്ചതും.''- യുവതി വിശദീകരിച്ചു.
പോലീസ് കണ്ടെത്തിയത്....
ദുരൂഹതകളും സംശയങ്ങളുമെല്ലാം ഉന്നയിച്ചെങ്കിലും 17-കാരിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു കേസില് അന്വേഷണം നടത്തിയ വാഴക്കാട് പോലീസിന്റെ കണ്ടെത്തല്. പോക്സോ കേസില് സിദ്ദീഖലിയെ അറസ്റ്റ് ചെയ്ത് റിമാന്ഡ് ചെയ്തെങ്കിലും മരണത്തില് മറ്റ് ദുരൂഹതകളില്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം. പെണ്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തായി പുഴയില് മൂന്നാള് താഴ്ചയിലുള്ള കുഴികളുണ്ട്. ഇതില് വീണാണ് കുട്ടി മരിച്ചത്. വസ്ത്രങ്ങള് പെണ്കുട്ടി സ്വയം ഊരിമാറ്റിയതാകുമെന്നാണ് നിഗമനം. വെള്ളത്തില് മുങ്ങാന് പ്രയാസമായതിനാലാകം പെണ്കുട്ടി വസ്ത്രങ്ങള് സ്വയം ഊരിമാറ്റിയതെന്നും പോലീസ് പറഞ്ഞിരുന്നു. അതേസമയം, പോലീസിന്റെ ഈ കണ്ടെത്തല് പെണ്കുട്ടിയുടെ കുടുംബവും നാട്ടുകാരും അംഗീകരിക്കുന്നില്ല. കേസില് ക്രൈംബ്രാഞ്ച് അന്വേഷണം വരുന്നതോടെ ദുരൂഹത നീങ്ങുമെന്നാണ് ഇവരുടെ പ്രതീക്ഷ.
Content Highlights: edavannappara chaliyar girl death case crime branch investigation
Published: 02 Apr 2024, 03:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented