
ഗാന്ധിനഗർ: കൗമാരക്കാരനായ മകന്റെ പെൺസുഹൃത്തിനെ മനോവേദനയുണ്ടാക്കുന്ന വിധത്തിൽ വഴക്കുപറയുകയും ജീവനൊടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്‌തെന്ന കേസിൽ ഗുജറാത്തിൽ സ്ത്രീ അറസ്റ്റിൽ. മകന്റെ 17 വയസ്സുകാരിയായ പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ ഇവർ, മകനെ യഥാർഥത്തിൽ പ്രണയിക്കുന്നുണ്ടെങ്കിൽ തൂങ്ങിമരിക്കാൻ പെൺകുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നെന്ന് പോലീസ് പറഞ്ഞു.
അഹമ്മദാബാദിലെ സർഖേജ് പ്രദേശത്തെ താമസക്കാരിയായ പെൺകുട്ടിയാണ് ജീവനൊടുക്കിയത്. പിന്നാലെ പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയും അറസ്റ്റിലായ സ്ത്രീയുടെ മകനും സഹപാഠികളായിരുന്നു. അടുപ്പത്തിലായ ഇവർ ഫോൺവഴിയും സന്ദേശങ്ങൾ വഴിയും ആശയവിനിമയം നടത്തിയിരുന്നു.
മൂന്നുനാല് മാസം മുൻപ് പെൺകുട്ടിയുടെ മാതാപിതാക്കൾ ബന്ധത്തെക്കുറിച്ച് അറിഞ്ഞു. പിന്നാലെ ഇവർ ആൺകുട്ടിയുടെ വീട്ടിലെത്തുകയും പഠനത്തിലും തൊഴിൽ കണ്ടെത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിനുശേഷവും കുട്ടികൾ ഇരുവരും ബന്ധം തുടർന്നു.
സ്‌കൂൾ പരിസരത്ത് രണ്ട് കുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് പ്രശ്‌നം വഷളായത്. സ്‌കൂൾ പ്രിൻസിപ്പാൾ ഇരുവരെയും ഒരുമിച്ച് കണ്ട വിവരം രണ്ടുപേരുടെയും വീട്ടിൽ അറിയിക്കുകയായിരുന്നു. ഈ സംഭവവികാസത്തിൽ കുപിതയായ, ആൺകുട്ടിയുടെ അമ്മ, പെൺകുട്ടിയുടെ വീട്ടിലെത്തി. അര മണിക്കൂറോളം പെൺകുട്ടിയെ മാനസികമായി വേദനിപ്പിച്ചു. അവനെ ശരിക്കും പ്രണയിക്കുന്നുവെങ്കിൽ തൂങ്ങിമരിക്കാൻ പെൺകുട്ടിയോട് അവർ പറഞ്ഞു. വീട്ടിൽ ആരും ഇല്ലാത്തപ്പോൾ തൂങ്ങിമരിക്കാനും നിന്റെ മാതാപിതാക്കളുടെ കാര്യം ഞാൻ നോക്കിക്കോളാമെന്നും ആൺസുഹൃത്തിന്റെ അമ്മ പെൺകുട്ടിയോട് പറഞ്ഞുവെന്ന് പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ പറയുന്നു. പിന്നാലെ ഓഗസ്റ്റ് 31-ന് പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു.
പെൺകുട്ടിയും ആരോപണ വിധേയയായ സ്ത്രീയും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും അവർ വീട്ടിലേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പെൺകുട്ടിയുടെ വീട്ടുകാർ പോലീസിന് കൈമാറിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: A woman in Gujarat was arrested for allegedly provoking her son's 17-year-old female friend to commit suicide by pressuring her to prove her love by hanging herself.
Published: 16 Sept 2026, 11:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented