ന്യൂഡല്‍ഹി: കൈയിലെ ടാറ്റൂ, പോലീസുകാരനില്‍നിന്ന് മോഷ്ടിച്ച വയര്‍ലെസ്സ് സെറ്റ്, ഒപ്പം ചില സിസിടിവി ദൃശ്യങ്ങളും. 2009-ലെ ജിഗിഷ ഘോഷ് കൊലക്കേസിന്റെ ചുരുളഴിക്കാന്‍ ഡല്‍ഹി പോലീസിനെ സഹായിച്ചത് ഇവയെല്ലാമായിരുന്നു. ഒടുവില്‍ ജിഗിഷയുടെ കൊലയാളികളെ പോലീസ് പിടികൂടിയപ്പോള്‍ അത് മറ്റൊരു കൊലക്കേസിലും വഴിത്തിരിവായി. മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ 2008 സെപ്റ്റംബര്‍ 30-ന് വെടിവെച്ച് കൊലപ്പെടുത്തിയതും ജിഗിഷയുടെ കൊലയാളികള്‍ തന്നെയാണെന്ന് പോലീസ് കണ്ടെത്തി. പ്രതികളുടെ വെളിപ്പെടുത്തലും ഇത് സാധൂകരിക്കുന്ന ചില തെളിവുകളും കണ്ടെടുക്കാന്‍ സാധിച്ചതാണ് സൗമ്യ കേസില്‍ നിര്‍ണായകമായത്. 

To advertise here,

സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍, അജയ് സേത്തി എന്നീ അഞ്ചുപ്രതികളാണ് പോലീസിന്റെ പിടിയിലായത്. അഞ്ചുപ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തി. ഇതില്‍ കൊലയാളി സംഘത്തിലുണ്ടായിരുന്നത് ആദ്യത്തെ നാലുപ്രതികളാണ്. ഇവര്‍ക്കെതിരേ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കേസിലെ അഞ്ച് പ്രതികള്‍ക്കെതിരേയും കോടതി മോക്ക നിയമപ്രകാരമുള്ള (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം) കുറ്റവും ചുമത്തി. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനും പ്രതികളെ സഹായിച്ചതിനുമാണ് അഞ്ചാംപ്രതി അജയ് സേത്തി കേസില്‍ പിടിയിലായത്. 

ജിഗിഷ കൊലക്കേസിൽ അന്വേഷണം; തെളിഞ്ഞത് സൗമ്യ വധക്കേസും... 

2009 മാര്‍ച്ച് 18-നാണ് ഐ.ടി. ജീവനക്കാരിയായിരുന്ന ജിഗിഷ ഘോഷിനെ അജ്ഞാതര്‍ കൊലപ്പെടുത്തിയത്. ഫരീദാബാദിലെ സൂരജ്കുണ്ഡില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് നടുക്കുന്ന കൊലപാതകം പുറംലോകമറിഞ്ഞത്. കൊല്ലപ്പെട്ടത് ജിഗിഷ ഘോഷാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് തിരിച്ചറിഞ്ഞു. യുവതിയുടെ പണവും ഡെബിറ്റ് കാര്‍ഡും ഉള്‍പ്പെടെ കൊലയാളികള്‍ കൊള്ളയടിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. 

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് പോലീസിന് സൂചനകള്‍ ലഭിച്ചത്. ജിഗിഷയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രതികള്‍ ഷോപ്പിങ് നടത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികളിലൊരാളുടെ കൈയില്‍ ടാറ്റൂ ചെയ്തിട്ടുണ്ടെന്ന് അന്വേഷണസംഘത്തിന് വ്യക്തമായി. ഇതിനുപുറമേ കൊലയാളിസംഘത്തിലെ മറ്റൊരാള്‍ തൊപ്പി ധരിക്കുന്നയാളാണെന്നും കൈയില്‍ വയര്‍ലെസ്സ് സെറ്റ് ഉണ്ടെന്നും വിവരം ലഭിച്ചു. ഇതോടെ ഡല്‍ഹി പോലീസിന്റെ വിപുലമായ അന്വേഷണസംവിധാനം പരിശോധന ഊര്‍ജിതമാക്കി. മസൂദ്പൂരിലെ വീട്ടില്‍നിന്ന് കേസിലെ പ്രതിയായ ബല്‍ജീത് മാലിക്കിനെയും പിന്നാലെ രവി കപൂര്‍, അമിത് ശുക്ല എന്നിവരെയും പോലീസ് പിടികൂടി. 

പ്രതികളില്‍ മാലിക്കാണ് കൈയില്‍ ടാറ്റൂ ചെയ്തിരുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥനില്‍നിന്ന് മോഷ്ടിച്ച വയര്‍ലെസ്സ് സെറ്റാണ് രവി കപൂറിന്റെ കൈവശമുണ്ടായിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

ജിഗിഷ ഘോഷിനെ തട്ടിക്കൊണ്ടുപോയശേഷം കൊലപ്പെടുത്തിയെന്നും പിന്നീട് മൃതദേഹം ഉപേക്ഷിച്ചെന്നുമായിരുന്നു പ്രതികളുടെ വെളിപ്പെടുത്തല്‍. വസന്ത് വിഹാറിലെ വീടിന് സമീപത്തുനിന്നാണ് പ്രതികള്‍ യുവതിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. ഇതിനിടെ ജിഗിഷയുടെ കൈവശമുണ്ടായിരുന്ന പണവും ഡെബിറ്റ് കാര്‍ഡുകളും ഇവര്‍ കവര്‍ന്നിരുന്നു. ഈ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ പിന്നീട് ഷോപ്പിങ് നടത്തിയത്. 

ജിഗിഷ കൊലക്കേസിന്റെ ചോദ്യംചെയ്യലിനിടെയാണ് മറ്റൊരു യുവതിയെക്കൂടി തങ്ങള്‍ കൊലപ്പെടുത്തിയതായി പ്രതികള്‍ വെളിപ്പെടുത്തിയത്. 2008-ല്‍ നെല്‍സണ്‍ മണ്ടേല റോഡിന് സമീപത്തായിരുന്നു സംഭവമെന്നും ഇവര്‍ മൊഴി നല്‍കി. ഇതോടെയാണ് 2008 സെപ്റ്റംബര്‍ 30-ന് മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയതും ഇതേസംഘമാണെന്ന് കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികളുടെ മൊഴിയനുസരിച്ച് കൂട്ടുപ്രതികളായ അജയ് സേത്തി, അജയ്കുമാര്‍ എന്നിവരെയും പോലീസ് പിടികൂടി. 

ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ 'ഹെഡ്‌ലൈന്‍സ് ടുഡേ' ചാനലില്‍ ജോലിചെയ്തിരുന്ന സൗമ്യ വിശ്വനാഥന്‍ പുലര്‍ച്ചെ ഓഫീസില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് കൊലയാളി സംഘത്തിലുണ്ടായിരുന്ന നാലുപേരും മദ്യലഹരിയിലായിരുന്നു. ഒന്നാംപ്രതിയായ രവി കപൂറാണ് പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഗണ്‍ ആര്‍ കാറോടിച്ചിരുന്നത്. പുലര്‍ച്ചെ മദ്യലഹരിയില്‍ കാറില്‍ പോകുന്നതിനിടെയാണ് ഒരു മാരുതിസെന്‍ കാര്‍ ഇവരെ മറികടന്ന് പോയത്. സൗമ്യ വിശ്വനാഥന്റെ വാഹനമായിരുന്നു അത്. തങ്ങളെ മറികടന്നുപോയ സെന്‍ കാറില്‍ കാറോടിക്കുന്ന യുവതി മാത്രമേയുള്ളൂ എന്ന് മനസിലാക്കിയ പ്രതികള്‍ ഈ കാറിനെ പിന്തുടര്‍ന്നു. അതിവേഗത്തില്‍ കാറോടിച്ച രവി കപൂര്‍ സൗമ്യയുടെ കാറിന് തൊട്ടടുത്തെത്തി. സൗമ്യയുടെ കാര്‍ തടഞ്ഞുനിര്‍ത്താനായിരുന്നു പ്രതികളുടെ ആദ്യശ്രമം. എന്നാല്‍, അപകടം മണത്തതോടെ സൗമ്യ കാര്‍ നിര്‍ത്താതെ മുന്നോട്ടെടുത്തു. ഇതോടെ രവി കപൂര്‍ സൗമ്യയ്ക്ക് നേരെ വെടിയുതിര്‍ത്തെന്നായിരുന്നു പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. 

സൗമ്യയ്ക്ക് വെടിയേറ്റതിന് പിന്നാലെ കാര്‍ നിയന്ത്രണംതെറ്റി ഡിവൈഡറില്‍ ഇടിച്ചാണ് നിന്നത്. ഇതോടെ പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പിന്നീട് ഇരുപതുമിനിറ്റിന് ശേഷം പ്രതികള്‍ സംഭവസ്ഥലത്തേക്ക് തിരികെ എത്തിയെങ്കിലും പോലീസിനെ കണ്ടതോടെ രക്ഷപ്പെടുകയായിരുന്നു. 

2009-ലെ ജിഗിഷ ഘോഷ് വധക്കേസില്‍ രവി കപൂര്‍, മാലിക്, അമിത് ശുക്ല എന്നിവരെ കോടതി ശിക്ഷിച്ചിരുന്നു. കപൂറിനും ശുക്ലയ്ക്കും വിചാരണക്കോടതി ഈ കേസില്‍ വധശിക്ഷയും മാലിക്കിന് ജീവപര്യന്തവും 2017-ല്‍ വിധിച്ചു. എന്നാല്‍, അടുത്തവര്‍ഷം കപൂറിന്റെയും ശുക്ലയുടെയും വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു.