ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ദളിത് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഈ മാസം ഒന്നിന് രാത്രിയാണ് സംഭവം. ഫത്തേപുർ സ്വദേശി ഹരിഓമി(38)നെ മർദിച്ച് കൊലപ്പെടുത്തി റെയിൽപ്പാളത്തിനു സമീപം ഉപേക്ഷിക്കുകയായിരുന്നു.
പിറ്റേദിവസം രാവിലെ നാട്ടുകാരാണ് വിവസ്ത്രനായ ഹരിഓമിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ്ചെയ്തു. കൃത്യനിർവഹണത്തിൽ പരാജയപ്പെട്ട ഉംചാർ പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
മാനസികാസ്വാസ്ഥ്യമുള്ള ഹരിഓമിനെ ഭാര്യവീട്ടിലേക്ക് പോകുംവഴി ജമുനാപുരിൽ തടഞ്ഞുവെച്ച സംഘം വീടുകളിൽ ഡ്രോൺ ഉപയോഗിച്ച് മോഷണം നടത്തുന്നയാളാണെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നു. ഹരിഓമിന് കൃത്യമായ മറുപടി നൽകാനാവാത്തത് കൂടുതൽ പ്രകോപനങ്ങളിലേക്ക് നയിച്ചു. ഇതിനിടെ ഹരിഓം രാഹുൽ ഗാന്ധിയുടെ പേര് പറഞ്ഞപ്പോൾ ഇത് ബാബയുടെ നാടാണെന്ന് പറഞ്ഞ് വീണ്ടും ആക്രമിച്ചെന്നും റിപ്പോർട്ടുണ്ട്.
സംഭവത്തിന് പിന്നാലെ യുവാവിന്റെ കുടുംബത്തോട് സംസാരിച്ച രാഹുൽ ഗാന്ധി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. അക്രമം നടത്തിയവരിൽ ദളിതരും പിന്നാക്കക്കാരും മറ്റുജാതികളിൽപ്പെട്ടവരും ഉണ്ടെന്നും സംഭവത്തിൽ ജാതി അഭ്യൂഹം പ്രചരിപ്പിക്കരുതെന്നും പോലീസ് പറഞ്ഞു.
യുപിയിലെ ക്രമസമാധാനനില തകർന്നെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രത്യേകാന്വേഷണസംഘം കേസന്വേഷിക്കണമെന്നും ഇരയുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്ക് സർക്കാർജോലിയും നൽകണമെന്നും കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കീഴിൽ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും പിന്നാക്കസമുദായങ്ങൾക്കും യുപി നരകമായി മാറിയെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
Published: 07 Oct 2025, 08:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented