കൊച്ചി: ചികിത്സയ്‌ക്കെത്തിയ 50-കാരിയുമായി സൗഹൃദം സ്ഥാപിച്ച് മദ്യം നൽകി മയക്കി പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ ഒളിവിൽപ്പോയ പ്രതി ജോൺസൺ കെ. വർഗീസിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങുകയാണ്. പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്.

To advertise here,

അഭിഭാഷക കൂടിയായ യുവനടി അതുല്യ ചന്ദ്ര (32), നടൻ ബിബിൻ പെരുമ്പിള്ളി (42), സഹായി കെ.ബി. വിഷ്ണു (31) എന്നിവർ അറസ്റ്റിലായ കടവന്ത്ര ബ്ലാക്ക്‌മെയിലിങ് കേസിലാണ് കഴിഞ്ഞദിവസം വഴിത്തിരിവുണ്ടായത്. നടിയും സംഘവും ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി 3.5 ലക്ഷം രൂപയുടെ വസ്തുക്കൾ അപഹരിച്ചുവെന്ന് ഡോക്ടർ കടവന്ത്ര പോലീസിൽ നൽകിയ പരാതിയിലാണ് മൂന്നുപേർ അറസ്റ്റിലായത്. ഇതിനിടെയാണ് നടിയുടെ ബന്ധുവായ 50-കാരി ഡോക്ടർക്കെതിരേ ഇൻഫോപാർക്ക് പോലീസിൽ പീഡനപരാതി നൽകിയത്. മദ്യം നൽകിയശേഷം കാക്കനാട് പരിസരത്തെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. അതിനിടെ പ്രതിയായ ജോൺസൺ കെ. വർഗീസ്, മറ്റ് യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നതായി കണ്ടെത്തിയതായാണ് വിവരം.

നടിയുടെയും നടന്റെയും ജാമ്യാപേക്ഷ തള്ളി

ഡോക്ടറെ മർദിച്ച കേസിൽ മൂന്ന് പ്രതികളായ നടി അതുല്യ ചന്ദ്ര, ബിബിൻ പെരുമ്പിള്ളി, കെ.ബി. വിഷ്ണു എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നുമുള്ള പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കടവന്ത്ര പോലീസ് കസ്റ്റഡി അപേക്ഷ ഉടൻ നൽകും. ഡോക്ടറെ ആക്രമിച്ച കേസിൽ അഞ്ചുപേരെ കൂടി പിടികൂടാനുണ്ട്. അതിനിടെ നടി അതുല്യ ചന്ദ്രയെ പൊന്നുരുന്നിയിലെ അപ്പാർട്ട്‌മെന്റിൽ എത്തിച്ച സ്‌കൂട്ടർ കടവന്ത്ര പോലീസ് കണ്ടെത്തി.

ഡോക്ടറിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ പരാതിക്കാരിയായ 50 കാരിയുടെ കൈവശം എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനായി ഇവരുടെ മൊഴി രേഖപ്പെടുത്തും.