ന്യൂഡല്‍ഹി:  കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍ കൂടുതല്‍ നടിമാരെ ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്. ജാക്വലിന്‍ ഫെര്‍ണാണ്ടസ്, നോറ ഫത്തേഹി എന്നിവര്‍ക്ക് പുറമേ മൂന്ന് നടിമാര്‍ക്ക് കൂടി സുകേഷ് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ വെളിപ്പെടുത്തല്‍. 

To advertise here,

സാറാ അലി ഖാന്‍, ജാന്‍വി കപൂര്‍, ഭൂമി പട്‌നേക്കര്‍ എന്നിവരെയാണ് സുകേഷ് വില കൂടിയ സമ്മാനങ്ങള്‍ നല്‍കി തന്റെ വരുതിയിലാക്കാന്‍ ശ്രമിച്ചത്. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഇവര്‍ക്കെല്ലാം വില കൂടിയ ഉപഹാരങ്ങളും സമ്മാനിച്ചിരുന്നു. 

പിങ്കി ഇറാനിയെന്ന യുവതിയുമായി ചേര്‍ന്നാണ് സുകേഷ് നടിമാരുമായി അടുപ്പം സ്ഥാപിച്ചിരുന്നത്. സുകേഷിന്റെ സി.ഇ.ഒ. ആയാണ് ഇറാനിയെ നടിമാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നത്. സുകേഷിനെ നേരില്‍കാണാനും മറ്റും നടിമാരെ നിര്‍ബന്ധിക്കുകയും ഇതിന് ഇടനിലക്കാരിയാവുക എന്നതുമായിരുന്നു ഇറാനിയുടെ പ്രധാന ജോലി. സുകേഷിനെ സംബന്ധിച്ച് നടിമാര്‍ക്കിടയില്‍ വിശ്വാസ്യത ഉണ്ടാക്കിയെടുക്കാനും ഇവരെ ഉപയോഗിച്ചിരുന്നു. ജാക്വലിന്‍ ഫെര്‍ണാണ്ടസിന് സുകേഷിനെ പരിചയപ്പെടുത്തിനല്‍കിയതും പിങ്കി ഇറാനിയായിരുന്നു. ഇതേ യുവതി സാറാ അലി ഖാനുമായും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. 

2021 മെയ് മാസത്തിലാണ് നടി സാറാ അലി ഖാനുമായി സുകേഷ് പരിചയം സ്ഥാപിക്കാന്‍ ശ്രമിച്ചത്. സുരാജ് റെഡ്ഡി എന്ന പേരില്‍ സ്വയം പരിചയപ്പെടുത്തി നടിക്ക് വാട്‌സാപ്പ് സന്ദേശം അയച്ചായിരുന്നു തുടക്കം. പിന്നീട് വാട്‌സാപ്പില്‍ ആശയവിനിമയം തുടര്‍ന്നു. ഇതിനിടെയാണ് ഒരു കാര്‍ സമ്മാനമായി നല്‍കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് സാറാ അലി ഖാനോട് പറഞ്ഞത്. 

അതേസമയം, സുകേഷിന്റെ നിരന്തരമായ വാഗ്ദാനങ്ങളും സമ്മാനങ്ങളുമെല്ലാം താന്‍ നിരസിച്ചതായാണ് സാറാ അലി ഖാന്‍ ജനുവരി 14-ന് ഇ.ഡി.യ്ക്ക് നല്‍കിയ മറുപടി.

സുരാജ് റെഡ്ഡി എന്ന പേരില്‍ തന്നെ പരിചയപ്പെട്ട സുകേഷിന്റെ സമ്മാനങ്ങള്‍ പലതവണ നിരസിച്ചിരുന്നു. ഇതിനുശേഷമാണ് ഒരു പെട്ടി ചോക്ലേറ്റ് സമ്മാനമായി വാങ്ങാമെന്ന് സമ്മതിച്ചത്. തുടര്‍ന്ന് ചോക്ലേറ്റ് പെട്ടിക്കൊപ്പം ഫ്രാങ്ക് മുള്ളറിന്റെ വില കൂടിയ വാച്ചും സുകേഷ് സമ്മാനിച്ചിട്ടുണ്ടെന്നും സാറാ അലി ഖാന്‍ ഇ.ഡി.യ്ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. 

ഭാര്യയും നടിയുമായ ലീന മരിയ പോള്‍ മുഖേനയാണ് നടി ജാന്‍വി കപൂറുമായി സുകേഷ് ചന്ദ്രശേഖര്‍ അടുപ്പം സ്ഥാപിച്ചത്. ഏകദേശം 18 ലക്ഷം രൂപയിലധികം ഇയാള്‍ ജാന്‍വി കപൂറിന് നല്‍കിയതായാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. 

തന്റെ ബ്യൂട്ടി പാര്‍ലറായ 'നെയില്‍ ആര്‍ടിസ്ട്രി'യുടെ ഉദ്ഘാടനത്തിനായാണ് ലീന മരിയ പോള്‍ ജാന്‍വി കപൂറിനെ സമീപിക്കുന്നത്. ബെംഗളൂരുവില്‍ 2021 ജൂലായ് 19-നായിരുന്നു ബ്യൂട്ടി പാര്‍ലറിന്റെ ഉദ്ഘാടനം. ലീന മരിയ പോളിന്റെയും സുകേഷിന്റെയും പശ്ചാത്തലമൊന്നും അറിയാത്ത ജാന്‍വി കപൂര്‍ ഉദ്ഘാടനത്തിന് വരാമെന്ന് സമ്മതിക്കുകയും ബെംഗളൂരുവിലെത്തി ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. ഇതിന്റെ പ്രതിഫലമായി പ്രൊഫഷണല്‍ ഫീസ് എന്നനിലയില്‍ 18.94 ലക്ഷം രൂപയാണ് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സുകേഷ് അയച്ചുനല്‍കിയത്. ഇതിനുപുറമേ, ഉദ്ഘാടനദിവസം ലീനയുടെ അമ്മ വിലയേറിയ ഒരു ബാഗ് സമ്മാനമായി നല്‍കിയിട്ടുണ്ടെന്നും നടി സമ്മതിച്ചിട്ടുണ്ട്. 

പിങ്കി ഇറാനി മുഖേനയാണ് മറ്റൊരു നടിയായ ഭൂമി പട്‌നേക്കറിനെ സുകേഷ് ലക്ഷ്യമിട്ടത്. ന്യൂസ് എക്‌സ്പ്രസ് പോസ്റ്റ് എന്ന സ്ഥാപനത്തിന്റെ എച്ച്.ആര്‍. വൈസ് പ്രസിഡന്റാണെന്ന് അവകാശപ്പെട്ടാണ് പിങ്കി ഇറാനി 2021 ജനുവരിയില്‍ നടിയെ പരിചയപ്പെട്ടത്. സ്ഥാപനത്തിന്റെ ചെയര്‍മാനായ സുരാജ്(സുകേഷ് ചന്ദ്രശേഖര്‍) ഭൂമിയുടെ വലിയ ആരാധകനാണെന്നും ഭൂമിയെ ഉള്‍പ്പെടുത്തി ഒരു വലിയ സിനിമ ചെയ്യാന്‍ താത്പര്യപ്പെടുന്നതായും പറഞ്ഞു. മാത്രമല്ല, ചെയര്‍മാന് ഒരു കാര്‍ സമ്മാനിക്കാന്‍ ആഗ്രഹമുണ്ടെന്നും ഇവര്‍ നടിയോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ സുകേഷ് ചന്ദ്രശേഖറും നടിയെ നേരിട്ട് വിളിച്ചു. പിന്നീട് 2021 മെയ് മാസത്തില്‍ പിങ്കി ഇറാനി നടിക്ക് വീണ്ടും സന്ദേശം അയച്ചു. ചെയര്‍മാന്‍ ഒരു കോടീശ്വരനാണെന്നും സുഹൃത്തുക്കള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കുന്നത് അദ്ദേഹത്തിന് വലിയ ഇഷ്ടമാണെന്നും താങ്കള്‍ക്ക് ഒരു കാര്‍ സമ്മാനിക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം എന്നുമാണ് സന്ദേശത്തിലുണ്ടായിരുന്നത്. ഇതേദിവസം തന്നെ സുകേഷ് ചന്ദ്രശേഖറും നടി ഭൂമിയെ നേരിട്ടുവിളിച്ചിരുന്നു. എന്നാല്‍ സുകേഷില്‍നിന്നോ ഇയാളുടെ കൂട്ടാളികളില്‍നിന്നോ തനിക്ക് യാതൊരു സമ്മാനവും ലഭിച്ചിട്ടില്ലെന്നാണ് നടി ഭൂമി പട്‌നേക്കര്‍ ഇ.ഡിയ്ക്ക് നല്‍കിയിരിക്കുന്ന മറുപടി. 

ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായിരുന്ന ശിവീന്ദര്‍ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങില്‍നിന്ന് 215 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖറും നടി ലീന മരിയ പോളും നേരത്തെ പിടിയിലായത്. ശിവീന്ദറിന്റെ ഭാര്യ അദിതി സിങ് നല്‍കിയ പരാതിയിലായിരുന്നു നടപടി. 

ജയിലിലായിരുന്ന ശിവീന്ദര്‍ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖര്‍ പണം തട്ടുകയായിരുന്നു. നിയമകാര്യ മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ അദിതി സിങ്ങില്‍നിന്ന് പണം കൈക്കലാക്കിയത്. ഡല്‍ഹിയില്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകേഷ് ഈ വമ്പന്‍ തട്ടിപ്പുകള്‍ നടത്തിയത്. ഇതിനിടെയാണ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് അടക്കമുള്ളവരുമായി സുകേഷിന് ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നത്.