റാപ്പർ ബാദ്ഷായുമായുള്ള പ്രശസ്ത മോഡലും നടിയുമായ ഇഷാ റിഖിയുടെ ബന്ധവും വേർപിരിയലും സിനിമാ-സംഗീത ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും പിരിഞ്ഞതിനെക്കുറിച്ചും മാധ്യമങ്ങളിൽ വൻ പ്രചാരണം നടന്നിരുന്നുവെങ്കിലും ഇഷാ റിഖി ഇതേക്കുറിച്ച് പരസ്യമായി സംസാരിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ വിഷയത്തിൽ ആദ്യമായി മൗനം വെടിഞ്ഞിരിക്കുകയാണ് ഇഷാ റിഖി. തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകളോടും വിവാഹ ഗോസിപ്പുകളോടും കടുത്ത പ്രതികരണമാണ് താരം നടത്തിയിരിക്കുന്നത്.

To advertise here,

തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പ്രചരിക്കുന്ന അപവാദങ്ങൾ കരിയറിനെപ്പോലും ബാധിക്കുന്നുണ്ടെന്നും, സ്വന്തം ജീവിതകഥയിൽ താൻ വെറുമൊരു സൈഡ് ക്യാരക്ടറായി മാറേണ്ടി വന്നുവെന്നും ഇഷ വെളിപ്പെടുത്തി.

ബാദ്ഷായുമായുള്ള ഡേറ്റിംഗ്, രഹസ്യ വിവാഹം എന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ തന്നെയും കുടുംബത്തെയും ഏറേ വിഷമിപ്പിച്ചതായി ഇഷാ റിഖി പറയുന്നു. പലരും യാതൊരു അന്വേഷണവുമില്ലാതെയാണ് ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നത്.

'എന്റെ കരിയറിലും വ്യക്തിജീവിതത്തിലും ഞാൻ ഒരുപാട് കഠിനാധ്വാനം ചെയ്യുന്നുണ്ട്. എന്നാൽ ആളുകൾ എന്നെക്കുറിച്ച് സംസാരിക്കുന്നത് മറ്റൊരാളുടെ പേരിനോട് കൂട്ടിച്ചേർത്ത് മാത്രമാണ്. എന്റെ സ്വന്തം ജീവിതകഥയിൽ ഞാൻ സൈഡ് ക്യാരക്ടറായി മാറിയ അവസ്ഥയാണ്, ഇത് വളരെ നിരാശാജനകമാണ്-ഇഷാ പറഞ്ഞു. പ്രചരിക്കുന്ന വിവാഹവാർത്തകൾ തികച്ചും വ്യാജമാണെന്നും താൻ ഇപ്പോൾ സ്വന്തം കരിയറിലും വ്യക്തിപരമായ വളർച്ചയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ തുറന്നുപറഞ്ഞു.

മുൻ ഭാര്യ ജാസ്മിനുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞ കാര്യം ബാദ്ഷാ അടുത്തിടെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇരുവരുടെയും മകൾ ജാസ്മിനൊപ്പമാണ് താമസം. ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഇഷാ റിഖിയുമായി ബാദ്ഷാ പ്രണയത്തിലാണെന്നും ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു എന്നുമുള്ള രീതിയിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്.

എന്നാൽ, മുൻപും ഇത്തരം വാർത്തകൾ ഉയർന്നുവന്നപ്പോൾ ബാദ്ഷാ സോഷ്യൽ മീഡിയയിലൂടെ അത് തള്ളിക്കളഞ്ഞിരുന്നു. താൻ ആരെയും വിവാഹം കഴിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ബാദ്ഷാ അന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും ഇഷാ റിഖിക്കെതിരെയുള്ള ഓൺലൈൻ ആക്രമണങ്ങൾ തുടരുകയായിരുന്നു.ഏതൊരു വ്യക്തിയുടെയും സ്വകാര്യതയെ മാനിക്കണമെന്നും, ഒരു സ്ത്രീയുടെ കഠിനാധ്വാനത്തെയും കഴിവുകളെയും കേവലം പ്രണയ ഗോസിപ്പുകളിലേക്ക് ചുരുക്കരുതെന്നും ഇഷാ വ്യക്തമാക്കി

ഹിന്ദി ബിഗ് ബോസിൽ മത്സരാർത്ഥിയായ ഇഷ സൽമാൻ ഖാനുമായുള്ള സംഭാഷണത്തിൽ തന്റെ വ്യക്തജീവിത്തെക്കുറിച്ച് വെളിപ്പെടുത്തിയതും സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായി. പ്രണയബന്ധത്തിൽ താൻ നേരിട്ട തിരിച്ചടികളെക്കുറിച്ചാണ് ഇഷാ വികാരാധീനയായത്. ജീവിതത്തിൽ പലപ്പോഴും നാം ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന ആളുകളിൽ നിന്ന് അനുഭവിക്കേണ്ടി വരുന്ന ഏൽപ്പിക്കുന്ന ആഘാതങ്ങൾ ചെറുതല്ലെന്ന് ഇഷാ പറഞ്ഞു.

'ജീവിതത്തിൽ ചില ഘട്ടങ്ങളിൽ നമ്മുടെ പരമപ്രധാനമായ വിശ്വാസം തകരും . ആ സമയത്ത് എല്ലാം അവസാനിച്ചതുപോലെ തോന്നും,' എന്നായിരുന്നു ഇഷായുടെ വാക്കുകൾ. ബാദ്ഷായുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും, തങ്ങൾ തമ്മിലുണ്ടായിരുന്ന ആഴമേറിയ ബന്ധവും അതിനുശേഷം ഉണ്ടായ വേർപിരിയലുമാണ് താരം സൂചിപ്പിച്ചതെന്നാണ് പ്രേക്ഷകപക്ഷം. ഇഷാ റിഖിയുടെ വൈകാരികമായ വാക്കുകൾ കേട്ട ശേഷം മുൻകാല അനുഭവങ്ങളിൽ തളർന്നിരിക്കാതെ സ്വന്തം വ്യക്തിത്വവും കരിയറും കെട്ടിപ്പടുക്കണമെന്നും സൽമാൻ ഖാൻ താരത്തെ ഉപദേശിച്ചു.