ആനക്കര: തൃത്താല-കുമ്പിടി റോഡിൽനിന്ന് ഉമ്മത്തൂരിലേക്കുള്ള വഴി പഴയതലമുറയിലെ ആരോടെങ്കിലും ചോദിച്ചാൽ പലരും ആദ്യംപറയുക ‘ആ വലിയ കുളത്തിനരികിലൂടെ പോയാൽ മതി...’ എന്നാകും. ആ പ്രദേശത്തിന്റെ അടയാളമായിരുന്നു ആനക്കര പഞ്ചായത്തിലെ ഉമ്മത്തൂർ പണ്ടാരപ്പറമ്പിൽ കുളം.

To advertise here,

പക്ഷേ, പത്ത് സെന്റിലേറെ വ്യാപിച്ചുകിടന്ന ആ കുളം ഇന്ന് പായലും വള്ളിപ്പടർപ്പും മാലിന്യവും നിറഞ്ഞിരിക്കുകയാണ്. വേനൽച്ചൂട് കനക്കുമ്പോഴും വറ്റാതെനിന്നിരുന്ന കുളം ചുറ്റുമുള്ള കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കുമെല്ലാം ആശ്രയമായിരുന്നു. പക്ഷേ, ഇപ്പോൾ കുളത്തിന്റെ വിസ്തൃതി കുറഞ്ഞു.

ഇഴജന്തുക്കളുടെ താവളമായി മാറിയതോടെ സമീപവാസികൾക്ക് കുളത്തിനരികിലേക്ക് പോകാനും ഭയമായി. ഈ കുളം സംരക്ഷിച്ച് ആഴംകൂട്ടിയാൽ വേനൽക്കാലത്ത് സമീപപ്രദേശത്തെ ജലക്ഷാമത്തിന് വലിയൊരളവിൽ പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

ചുറ്റുമുള്ള കിണറുകളിലെ ജലനിരപ്പ് ഉയർത്താനുമാവും.

അവധിക്കാലത്ത് കുട്ടികൾക്ക് നീന്തൽപരിശീലനം നൽകുന്നതിനാവശ്യമായ സൗകര്യവും കുളം നവീകരിച്ചാൽ ഒരുക്കാനാകും.

തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് ചെലവിട്ടോ തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തിയോ കുളം വൃത്തിയാക്കി ആഴംകൂട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.