
തൃശ്ശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിലെ കവര്‍ച്ചാ കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. ചാലക്കുടി ഡിവൈ.എസ്.പി. കെ. സുമേഷാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. പ്രതിക്കായി തിരച്ചില്‍ വ്യാപിപ്പിച്ചു.
പ്രതി പോയത് അങ്കമാലി ഭാഗത്തേക്ക് ആണെന്നതാണ് അന്വേഷണസംഘത്തിന് ലഭിച്ച ഏകവിവരം. പ്രതിയുടെ വാഹനം പോലും കണ്ടെത്താല്‍ ഇതുവരെ സാധിച്ചിട്ടില്ല. പ്രതി സംസ്ഥാനം തന്നെ വിട്ടുപോകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അതിനാല്‍ കേസ് സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കും.
അങ്കമാലിയിലെത്തിയ പ്രതി ട്രെയിന്‍ മാര്‍ഗം രക്ഷപ്പെട്ടിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ആലുവ, പെരുമ്പാവൂര്‍ മേഖലയില്‍ നടത്തിയ പരിശോധനയിലും പ്രതിയെക്കുറിച്ച് യാതൊരു തുമ്പും ലഭിച്ചിട്ടില്ല. പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടോ, സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സഹായമില്ലാതെ കൃത്യമായി ഇത്തരത്തില്‍ മോഷണം നടത്താന്‍ സാധിക്കില്ലെന്നാണ് പോലീസിന്റെ നിഗമനം.
47 ലക്ഷം രൂപയാണ് കൗണ്ടറില്‍ അടുക്കുകളാക്കി വെച്ചിരുന്നത്. ഇതില്‍നിന്ന് നടുക്കായി ക്രമീകരിച്ച അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകള്‍ മാത്രമാണ് പ്രതി കൈക്കലാക്കിയത്. കവര്‍ച്ച നടത്തിയത് 'പ്രഫഷണല്‍ മോഷ്ടാവ്' അല്ലെന്ന നിഗമനത്തിലാണ് പോലീസ്. അതിനാല്‍ പ്രതിയിലേക്ക് എളുപ്പം എത്താന്‍ സാധിക്കുമെന്നും പോലീസ് കരുതുന്നു. കൂടുതല്‍ പണം എടുക്കാമായിരുന്നിട്ടും 15 ലക്ഷം മാത്രം കൈക്കലാക്കിയതിനാല്‍ പ്രതി പ്രത്യേക ലക്ഷ്യത്തോടെയാവാം കവര്‍ച്ച നടത്തിയതെന്നും പോലീസ് കരുതുന്നു.
അതേസമയം, ബാങ്കിനെക്കുറിച്ച് നന്നായി 'പഠിച്ച്' ആസൂത്രണം ചെയ്താണ് മോഷണം നടത്തിയത് എന്നാണ് കരുതുന്നത്. ബാങ്കുകളുടെ പ്രവർത്തനത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണ് മോഷ്ടാവ്. അല്ലെങ്കിൽ പ്രവർത്തനം നിരീക്ഷിച്ച് ഉറപ്പിച്ചിട്ടുണ്ട്. ഈ ശാഖയിൽ സുരക്ഷാജീവനക്കാരില്ലെന്നതും തിരക്ക് കുറയുന്നതെപ്പോഴെന്നും കൃത്യമായി നിരീക്ഷിച്ച് മനസ്സിലാക്കിയിട്ടുണ്ട്.
കാഷ് കൗണ്ടറിന്റെ താക്കോൽ ഹിന്ദിയിലാണ് ഇയാൾ ജീവനക്കാരോട് ആവശ്യപ്പെട്ടത്. ഇത് തെറ്റിദ്ധരിപ്പിക്കാൻ ചെയ്തതാണോയെന്ന സംശയവുമുണ്ട്. ഇയാൾ വന്ന സ്കൂട്ടർ മറ്റാരുടേതെങ്കിലുമാണോയെന്നും മോഷ്ടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. സ്കൂട്ടർ സംബന്ധിച്ച വ്യക്തമായ സൂചനകൾ ലഭിച്ചതായാണ് അറിയുന്നത്. പ്രധാനപാതയിൽനിന്ന് ഇടറോഡ് വഴി ഇയാൾ രക്ഷപ്പെട്ടുവെന്നാണ് സംശയിക്കുന്നത്.
കൈയുറ ധരിച്ചിരുന്നതിനാൽ വിരലടയാളം കിട്ടാനുള്ള സാധ്യതയില്ല. നിരീക്ഷണക്യാമറകളിൽപ്പെട്ടെങ്കിലും ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ തിരച്ചറിയാൻ സാധിക്കുന്നില്ല. ബാങ്കിലെയും ബാങ്കിനു പുറത്തെയും നിരീക്ഷണക്യാമറകളിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ അന്വേഷണം. അയൽസംസ്ഥാനങ്ങളിലെ പോലീസിനും പ്രതിയെ സംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് ഉന്നത പോലീസുദ്യോഗസ്ഥർ അറിയിച്ചു.
പോട്ട ചെറുപുഷ്പം പള്ളിയുടെ നേരേയെതിര്‍വശത്ത് പഴയ ദേശീയപാതയിലാണ് ബാങ്ക്. പുതിയ ദേശീയപാതയില്‍നിന്ന് 150 മീറ്റര്‍ ദൂരെ. നട്ടുച്ചയായതിനാല്‍ ഏറക്കുറേ വിജനമായിരുന്നു പാത. രണ്ടു മുതല്‍ രണ്ടര വരെയാണ് ബാങ്കിന്റെ ഉച്ചഭക്ഷണ ഇടവേള. കൃത്യം 2.12-നാണ് മോഷ്ടാവ് ബാങ്കിനുള്ളില്‍ പ്രവേശിച്ചത്. ബാങ്കിനുമുന്നില്‍ നിര്‍ത്തിയിട്ട കാറിനു പിന്നിലായി സ്‌കൂട്ടര്‍ നിര്‍ത്തിയാണ് ഇയാള്‍ ഉള്ളിലേക്കു കയറിയത്.ഏഴ് ജീവനക്കാരുള്ള ബാങ്കില്‍ സുരക്ഷാ ജീവനക്കാരില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഒരാള്‍ ഭക്ഷണം കഴിക്കാന്‍ പുറത്തുപോയിരുന്നു. മറ്റ് നാലുപേര്‍ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.
Content Highlights: special team investigates a bank robbery in Chalakudy
Published: 15 Feb 2025, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented