കൊച്ചി: മഞ്ഞിന്റെ കുളിരുമായാത്ത ജനുവരിയിൽ ആശയങ്ങളുടെയും ചിന്തകളുടെയും ചൂടുപകർന്ന് കേരളത്തിന്റെ കലാലയ യുവത്വം പോരാട്ട വേദിയിൽ. ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ സംവാദ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച എറണാകുളം സെയ്ന്റ് തെരേസാസ് കോളേജിൽ നടക്കും. ആവേശകരമായ വാക്‌പോരാട്ടത്തിനൊടുവിൽ വിജയകീരിടം ചൂടാൻ എട്ടുപേരാണ് ഗ്രാൻഡ് ഫിനാലെയിൽ അണിനിരക്കുന്നത്. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ ‘മാതൃഭൂമി’യുമായി ചേർന്ന് നടത്തുന്ന സ്പീക്ക് ഫോർ ഇന്ത്യ സംവാദ പരിപാടിയുടെ പലതലങ്ങളിലായി നടന്ന മത്സരങ്ങളിൽനിന്നു വിജയിച്ചുകയറി വന്നവരാണ് ഫൈനലിൽ വാക്കങ്കത്തിന് കച്ചകെട്ടുന്നത്.

To advertise here,

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗ്രാൻഡ് ഫിനാലെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സമാപന ചടങ്ങുകളിൽ കൊച്ചി നേവൽ എയർക്രാഫ്റ്റ് യാർഡ് കമ്മഡോർ സൂപ്രണ്ട് സുധീർ റെഡ്ഡി, നടൻ രമേഷ് പിഷാരടി, സംവിധായകൻ ജിസ് ജോയ് തുടങ്ങിയവരും അതിഥികളായെത്തും.

‘അമേരിക്കയുടെ സൈനിക, സാമ്പത്തിക നടപടികൾ ലോകസമാധാനത്തിന് വഴിതെളിക്കും’ എന്നതാണ് ആദ്യ റൗണ്ടിലെ വിഷയം. രണ്ടാംറൗണ്ടിൽ ‘ഇന്ത്യൻ ജനത നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതര പ്രതിസന്ധിയാണോ വായു മലിനീകരണം’ എന്ന വിഷയത്തിലാകും സംവാദം.

ഈസ്റ്റർ ബാബുപോൾ (ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം), എസ്.എസ്. അഫിന (അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി സെന്റർ, മലപ്പുറം), ഗാഥ വിജയ് (മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം), എസ്.എസ്. നന്ദകുമാർ (സ്‌കൂൾ ഓഫ് എൻവയൺമെന്റ്, കുസാറ്റ്, എറണാകുളം), ഡിസാൽഫിയോ കെ. സണ്ണി (ഫിസാറ്റ്, അങ്കമാലി), സന ഷെറിൻ (കെഎംസിടി ലോ കോളേജ്, കുറ്റിപ്പുറം), മാളവിക ആർ. വൈലോപ്പിള്ളി (ഗവ. ലോ കോളേജ്, തിരുവനന്തപുരം), ദേവിക ഷൈൻ (അന്നൂർ ഡെന്റൽ കോളേജ്, മൂവാറ്റുപുഴ) എന്നിവരാണ് പുതിയ വാക് ചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ട വേദിയിൽ അണിനിരക്കുന്നത്.

വ്യാഴാഴ്ച എറണാകുളത്ത് ഒത്തുകൂടിയ ഇവർക്കായി ഗ്രൂമിങ് സെഷനുകളും നടത്തി. ക്ലബ്ബ് എഫ്എം ജനറൽ മാനേജർ എൻ. ജയകൃഷ്ണൻ, മാതൃഭൂമി ചീഫ് റിപ്പോർട്ടർ സിറാജ് കാസിം, ടൈഡ് കൺസൾട്ടൻസി ഡയറക്ടർ കെ. സംഗീത് എന്നിവർ ഗ്രൂമിങ് സെഷനുകളിൽ സംസാരിച്ചു.

വൈകുന്നേരം നടത്തിയ അലംനൈ മീറ്റിൽ മുൻ വർഷങ്ങളിലെ മത്സരാർഥികൾ പങ്കെടുത്തു. നടൻ ജിബിൻ ഗോപിനാഥ് ചടങ്ങിൽ മുഖ്യാതിഥിയായി. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ആൻഡ് ഹെഡ് - സിഎസ്ആർ ഡിപ്പാർട്ട്‌മെന്റ് കെ.വി. ഷാജി, അസോസിയേറ്റ് വൈസ് പ്രസിഡന്റ് നീതു മോഹൻ, മാതൃഭൂമി മീഡിയ സൊലൂഷൻസ് വൈസ് പ്രസിഡന്റ് ടി. സുദീപ് കുമാർ, ക്ലബ്ബ് എഫ്എം ജനറൽ മാനേജർ എൻ. ജയകൃഷ്ണൻ, മാതൃഭൂമി ഇവന്റ്‌സ് ഓഫീസർ കെ.കെ. ഷനിത്ത് എന്നിവർ പ്രസംഗിച്ചു.