ഹൈദരാബാദ്: ബോസ്റ്റണിൽ ഇന്ത്യൻ വിദ്യാർഥിനിയെ കാണാതായി. തെലങ്കാന സ്വദേശിനിയും യൂണിവേഴ്സിറ്റി ഓഫ് മസാച്യുസെറ്റ്സ് ബോസ്റ്റണിൽ എംഎസ് ഫിനാൻസ് വിദ്യാർഥിനിയുമായ ശ്രീജ റെഡ്ഡി കോയ (23) യെയാണ് കാണാതായത്.
നവംബർ രണ്ടിന് രാത്രി താമസസ്ഥലത്തുനിന്ന് നടക്കാനായി പുറത്തുപോയ ശ്രീജ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് സുഹൃത്തുക്കൾ അമ്മ സ്വരൂപയെ അറിയിച്ചത്. രാത്രി നടക്കാൻ പോയെന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നിയെന്നും സ്വരൂപ പറഞ്ഞു. അപ്പാർട്ട്മെന്റിൽനിന്ന് പുറത്തുപോയ ശ്രീജ ചെരിപ്പില്ലാതെ നടന്നുപോകുന്നത് പട്രോളിങ്ങിനിടെ കണ്ടിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്.
തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ കനഗൽ മണ്ഡൽ സ്വദേശിനിയാണ് ശ്രീജ. ഹൈദരാബാദിൽനിന്ന് ബികോം പഠനം പൂർത്തിയാക്കിയ ശ്രീജ ഉപരിപഠനത്തിനായാണ് അമേരിക്കയിലേക്ക് പോയത്. ഒരു വർഷം മുൻപാണ് എംഎസ് ഫിനാൻസ് പഠനത്തിനായി യുഎസിലെത്തിയത്.
അമ്മ സ്വരൂപ റെഡ്ഡിയുമായുണ്ടായ അവസാന ഫോൺ സംഭാഷണത്തിൽ ഭക്ഷണം കഴിച്ചോ എന്നാണ് ശ്രീജ ആദ്യം അന്വേഷിച്ചത്. മകൾ അത്താഴം കഴിച്ചോയെന്ന് അമ്മ തിരികെ ചോദിച്ചു. ഫോണിലൂടെ വലിയ ശബ്ദം കേട്ടതിന്റെ കാരണം തിരക്കിയപ്പോൾ താമസസ്ഥലത്ത് പിറന്നാൾ ആഘോഷം നടക്കുകയാണെന്ന് ശ്രീജ പറഞ്ഞു. വീട്ടിൽനിന്ന് ഭക്ഷണം കഴിക്കുമോയെന്ന് ചോദിച്ചപ്പോൾ ‘ഭക്ഷണം കഴിച്ച് നേരത്തേ ഉറങ്ങും’ എന്നായിരുന്നു മറുപടി.
മകൾ ജീവിതത്തിൽ മുന്നേറുന്നത് കാണുകയായിരുന്നു തന്റെ സ്വപ്നമെന്ന് പിതാവ് യാദഗിരി റെഡ്ഡി കോയ പറഞ്ഞു. ഓഗസ്റ്റിൽ ശ്രീജ നാട്ടിലെത്തിയപ്പോൾ സന്തോഷവതിയായിരുന്നുവെന്ന് പറഞ്ഞ അമ്മ സ്വരൂപ, എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയിരുന്നെങ്കിൽ മകളെ തിരിച്ചയക്കില്ലായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
ശ്രീജ റെഡ്ഡിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ സജീവമായി തുടരുകയാണെന്നും ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തങ്ങളെ അറിയിക്കണമെന്നും പൊലീസ് പറഞ്ഞു. കാർസൺ ബീച്ച് അല്ലെങ്കിൽ ഹാർബർ പോയിന്റ് പരിസരത്താണ് ശ്രീജയുടെ അവസാന ടവർ ലൊക്കേഷൻ രേഖപ്പെടുത്തിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ബോസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ബോസ്റ്റൺ പൊലീസ് എന്നിവരുടെ സഹായത്തോടെ ശ്രീജയെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് തെലങ്കാന റോഡ്സ് ആൻഡ് ബിൽഡിങ്സ് മന്ത്രി കോമടിറെഡ്ഡി വെങ്കട്ട് റെഡ്ഡി അഭ്യർഥിച്ചു.
Published: 07 Nov 2026, 12:12 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented