തൃപ്പൂണിത്തുറ: ശാരീരിക ബുദ്ധിമുട്ടുകൾ മറികടന്ന് സർക്കാർ സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി.ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച മീനാക്ഷിക്ക് പ്ലസ് വൺ പഠനം സംബന്ധിച്ചുണ്ടായ ആശങ്കകൾക്ക് വിരാമമായി. മീനാക്ഷി ഇനി ഇടപ്പള്ളി ജി.എച്ച്.എസ്.എസിൽ പഠിക്കും. ഇതിനു വേണ്ട സൗകര്യം സ്കൂളിലൊരുക്കാൻ വിദ്യാഭ്യാസ വകുപ്പ് മൂന്ന് ലക്ഷം രൂപ അനുവദിക്കും.
മുഖ്യമന്ത്രി വി.ഡി. സതീശന്റെയും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെയും ഇടപെടലാണ് മീനാക്ഷിക്ക് തുടർപഠനത്തിന് അവസരം ഒരുക്കിയത്. ശാരീരിക പരിമിതികളെ തുടർന്ന് ഇഷ്ടവിഷയം പഠിക്കാൻ കഴിയുമോ എന്ന ആശങ്കയിലായിരുന്നു തൃപ്പൂണിത്തുറ എരൂർ നാഗപ്പാടിയിൽ നവീൻ ശിവന്റെയും തൃപ്പൂണിത്തുറ നഗരസഭാ കൗൺസിലർ ശോണിമ നവീനിന്റെയും മകൾ മീനാക്ഷി എൻ. നവീൻ. പ്ലസ് വൺ കംപ്യൂട്ടർ സയൻസെടുത്ത് പഠിക്കണം. അതോടൊപ്പം എൻട്രൻസ് പരിശീലനവും നേടണമെന്നായിരുന്നു ആഗ്രഹം. അതിനായി ശ്രമിച്ചപ്പോൾ കൊമേഴ്സും, ഹ്യൂമാനിറ്റീസുമൊക്കെ എടുക്കാനായിരുന്നു പല സ്കൂളുകളിൽ നിന്നും പറഞ്ഞത്. ലാബുകളിലും മുകൾനിലയിലെ ക്ലാസുകളിലുമൊക്കെ എത്താൻ ശാരീരിക ബുദ്ധിമുട്ടുകൾ തടസ്സമാകുമെന്നാണ് പലരും പറഞ്ഞത്. അത് കുട്ടിക്ക് വലിയ വിഷമമുണ്ടാക്കി.
മാധ്യമ വാർത്തയെ തുടർന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മീനാക്ഷിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കി. തുടർന്ന് സർക്കാരും വിദ്യാഭ്യാസ വകുപ്പും മീനാക്ഷിക്ക് ഇടപ്പള്ളി ജി.എച്ച്.എസ്.എസിൽ പഠിക്കാൻ സൗകര്യമൊരുക്കുകയായിരുന്നു. ഇവിടെ റാംപ് നിർമിക്കുന്നതിനായി മൂന്നുലക്ഷം രൂപ വിദ്യാഭ്യാസ വകുപ്പ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകിയതായി ദീപക് ജോയ് എം.എൽ.എ. അറിയിച്ചു.
സ്കൂൾ പ്രിൻസിപ്പൽ എ. ശങ്കരനാരായണനുമായി റാംപ് നിർമിക്കുന്നതു സംബന്ധിച്ച് ദീപക് ജോയ് സംസാരിച്ചു. ഒരു ലക്ഷം രൂപ ഇതിനായി പി.ടി.എ. നൽകും. കംപ്യൂട്ടർ സയൻസ് കോഴ്സാകും മീനാക്ഷി എടുക്കുക. മാത്‌സ് ലാബ് ഒഴികെയുള്ളവ താഴത്തെ നിലയിലാണ്. മീനാക്ഷിക്ക് മാത്‌സ് പ്രാക്ടിക്കൽ ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചതായും ദീപക് ജോയ് പറഞ്ഞു.
Content Highlights: Meenakshi N. Naveen secures Plus One admission at Edappally GHS after initial accessibility concerns., The Education Department allocated 3 lakh rupees for ramp construction to facilitate her studies., State intervention by the CM and Education Minister ensured she could pursue her preferred Computer Science course., Local support from MLA Deepak Joy and the school PTA further solidified the infrastructure improvements.
Published: 30 May 2026, 04:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented