ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി തന്റെ 26-ാം വയസ്സിൽ ജീവൻ ബലിനൽകിയ ധീരനായ വിപ്ലവകാരിയായിരുന്നു ശഹീദ് വക്കം അബ്ദുൽ ഖാദർ.

To advertise here,

 

1917 മേയ് 25-ന് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലുള്ള വക്കം ഗ്രാമത്തിൽ അദ്ധേഹം ജനിച്ചു. ഉപജീവനവും ഉയർന്ന ജോലിയും ലക്ഷ്യമിട്ട് അദ്ദേഹം തന്റെ ചെറുപ്പകാലത്ത് മലേഷ്യയിലേക്ക് (അന്ന് മലയ) കുടിയേറി. അവിടെ പൊതുമരാമത്ത് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. അവിടെ വെച്ച് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗങ്ങളിൽ ആകൃഷ്ടനാവുകയും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടാൻ ഇന്ത്യൻ നാഷണൽ ആർമിയിൽ ചേരുകയും ചെയ്തു.

അദ്ദേഹത്തിന്റെ രാജ്യസ്‌നേഹവും കഴിവുകളും തിരിച്ചറിഞ്ഞ നേതാജി, അതീവ രഹസ്യസ്വഭാവമുള്ള ഒരു ഇന്റലിജൻസ് യൂണിറ്റിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തു. കഠിനമായ സൈനിക പരിശീലനവും വയർലെസ് കമ്മ്യൂണിക്കേഷൻ പരിശീലനവും പൂർത്തിയാക്കിയ ശേഷം അബ്ദുൽ ഖാദർ തിരികെ വന്നു. 1942 സെപ്റ്റംബറിൽ ഒരു ജാപ്പനീസ് അന്തർവാഹിനി വഴി മലപ്പുറത്തെ താനൂർ തീരത്ത് രഹസ്യമായി ഇറങ്ങി. ബ്രിട്ടീഷ് വിരുദ്ധ ദൗത്യം നടപ്പിലാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചുമതല.

എന്നാൽ തീരത്തിറങ്ങിയ ഉടൻ തന്നെ ബ്രിട്ടീഷ് പോലീസ് അദ്ദേഹത്തെ കണ്ടെത്തുകയും വയർലെസ് ഉപകരണങ്ങൾ സഹിതം അറസ്റ്റ് ചെയ്യുകയും ചെയ്തു. മദ്രാസിലെ ഫോർട്ട് സെന്റ് ജോർജ്ജ് ജയിലിലടയ്ക്കപ്പെട്ട അദ്ദേഹം ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി. കടുത്ത പീഡനങ്ങൾക്കിടയിലും ഐ.എൻ.എ.യുടെ രഹസ്യങ്ങളോ നേതാജിയുടെ പദ്ധതികളോ ഒറ്റിനൽകാൻ അബ്ദുൽ ഖാദർ തയ്യാറായില്ല. തുടർന്ന് ബ്രിട്ടീഷ് കോടതി അദ്ദേഹത്തിന് രാജ്യദ്രോഹക്കുറ്റം ചുമത്തി മരണശിക്ഷ വിധിച്ചു.

1943 സെപ്റ്റംബർ 10-ന് മദ്രാസ് സെൻട്രൽ ജയിലിൽ വെച്ച് വക്കം അബ്ദുൽ ഖാദറിനെ തൂക്കിലേറ്റി. മറ്റ് മൂന്ന് ഐ.എൻ.എ. സഖാക്കൾക്കൊപ്പം തൂക്കുമരത്തിലേക്ക് നടക്കുമ്പോഴും 'ഇങ്ക്വിലാബ് സിന്ദാബാദ്', 'ഭാരത് മാതാ കീ ജയ്' എന്നീ മുദ്രാവാക്യങ്ങൾ അദ്ദേഹം ധീരമായി മുഴക്കി. താൻ മാതൃരാജ്യത്തിന് വേണ്ടിയാണ് മരിക്കുന്നതെന്നും അതിനാൽ ആരും തന്നെയോർത്ത് കണ്ണീരൊഴുക്കരുതെന്നും മരണത്തിന് തൊട്ടുമുമ്പ് പിതാവിനയച്ച കത്തിൽ അദ്ദേഹം കുറിച്ചിരുന്നു.