കൊച്ചി: യുവനടി അതുല്യ ചന്ദ്രയും നടൻ ബിബിൻ പെരുമ്പിള്ളിയും ഉൾപ്പെട്ട ഫ്ലാറ്റിലെ ബ്ലാക്ക്മെയിലിങ് കേസിൽ വൻ വഴിത്തിരിവ്. നടിയുൾപ്പെടുന്നവർക്കെതിരേ കടവന്ത്ര പോലീസിൽ പരാതി നൽകിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ജോൺസൺ കെ. വർഗീസിനെതിരേ ഇൻഫോപാർക്ക് പോലീസ് പീഡനക്കേസ് രജിസ്റ്റർ ചെയ്തു. മർദനക്കേസിലെ പ്രതികളിലൊരാളുടെ ബന്ധുവായ തൃപ്പൂണിത്തുറ സ്വദേശിനിയായ 50-കാരി നൽകിയ പരാതിയിലാണ് കേസ്.

To advertise here,

ഒക്ടോബർ 10-ന് വൈകീട്ട് 7.30-ഓടെ ഇൻഫോപാർക്കിലെ സ്വകാര്യ ഹോട്ടലിന് സമീപത്തുനിന്ന് പ്രതിയായ ഡോക്ടർ പരാതിക്കാരിയെ സ്വന്തം കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. അടുത്തുള്ള ബാറിലെത്തിച്ച് മദ്യം നൽകി അവശയാക്കിയശേഷം, മറ്റൊരു ഹോട്ടൽ മുറിയിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരി മുൻപ് ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയിരുന്നു.

കേസെടുത്തതിനെത്തുടർന്ന് ഒളിവിലുള്ള ഡോക്ടർക്കായി അന്വേഷണം ആരംഭിച്ചു. സ്വകാര്യ ആശുപത്രി അധികൃതർ ഡോക്ടറെ സർവീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പീഡനക്കേസിലെ പരാതിക്കാരിക്ക് അസുഖമാണെന്നും ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് നടി അതുല്യ, ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നും തടങ്കലിൽ വെച്ച് നടൻ ബിബിൻ പെരുമ്പള്ളിയും മറ്റുള്ളവരും ചേർന്ന് മർദിച്ചെന്നുമായിരുന്നു ഡോക്ടറുടെ പരാതി. 50-കാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ വിവരം പുറത്തുപറയാതിരിക്കാൻ മൂന്നുകോടി രൂപ ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ടായിരുന്നു.

ഇതേത്തുടർന്ന് കടവന്ത്ര പോലീസ് കേസെടുക്കുകയും നടിയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പീഡനക്കേസ് ഒത്തുതീർക്കാൻ ഡോക്ടർ സ്വമേധയാ പൊന്നുരുന്നിയിലെ അപ്പാർട്ട്മെന്റിലെത്തിയതാണെന്നും ഡോക്ടറോട് പണമാവശ്യപ്പെട്ടിട്ടില്ലെന്നുമാണ് നടി നൽകിയ മൊഴി. എന്നാൽ, നടി ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് കടവന്ത്ര പോലീസ് വ്യക്തമാക്കി,

ഫ്ളാറ്റിലെ മർദനം, കൂട്ടുപ്രതികൾക്കായി തിരച്ചിൽ

ഫ്ലാറ്റിൽ വെച്ച് ഡോക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദിച്ച് 3.5 ലക്ഷം രൂപയുടെ വസ്തുക്കൾ അപഹരിച്ച കേസിൽ കൂട്ടുപ്രതികൾക്കായി കടവന്ത്ര പോലീസ് തിരച്ചിൽ തുടങ്ങി. അഞ്ച് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ഇവരുടെ ഫോണുകൾ ഓഫാണ്. ഡോക്ടറുടെ മൊബൈൽ ഫോൺ ഉൾപ്പെടെ പിടിയിലാകാനുള്ള പ്രതികളുടെ കൈയിലാണ്.

കേസിൽ നടിയും മോഡലുമായ അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പിള്ളി, സഹായി വിഷ്ണു എന്നിവരാണ് റിമാൻഡിലുള്ളത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. ഇരുകേസുകളുമായി ബന്ധപ്പെട്ട് ലഭിച്ച ഡിജിറ്റൽ തെളിവുകൾ, ഫോൺ സംഭാഷണങ്ങൾ, ദൃശ്യങ്ങൾ എന്നിവ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം പരിശോധിച്ചുവരുകയാണ്. കടവന്ത്ര പോലീസ് ഇൻഫോപാർക്ക് പോലീസുമായി ചേർന്ന് സംയുക്തമായാണ് കേസന്വേഷണം.