ലണ്ടന്‍: 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ നേരിട്ട് നഴ്‌സറി ജീവനക്കാരി. ബ്രിട്ടനിലെ ബേര്‍ക്ക്‌ഷെയറിലെ നഴ്‌സറി ജീവനക്കാരിയായിരുന്ന ലീ കോര്‍ഡിസാണ് (20) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കോടതിയില്‍ ഹാജരായത്. കേസില്‍ ഏപ്രില്‍ മൂന്നിന് വിധി പറയും. 

നഴ്‌സറി ജീവനക്കാരിയായിരുന്ന ലീ ആണ്‍കുട്ടിയുടെ വീട്ടില്‍ കുട്ടികളെ നോക്കാനായി എത്തിയപ്പോഴാണ് പീഡനം നടത്തിയത്. ആദ്യമായി ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കുമ്പോള്‍ 17 വയസായിരുന്നു ലീയുടെ പ്രായം. പിന്നീട് പലതവണ ലീ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടെ ഇവർ ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതോടെയാണ് പീഡന വിവരം പുറംലോകമറിയുന്നത്. 

2017 ജനുവരിയിലാണ് ലീ ആദ്യമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ കിടപ്പുമുറിയില്‍ കടന്ന ഇവർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ 2017 മെയ് മാസത്തില്‍ കാമുകനായ മറ്റൊരാളെ ലീ വിവാഹം കഴിച്ചെങ്കിലും ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. 2018 വരെ പലതവണകളായി ലീ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. 

ഇതിനിടെ ലീ ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഈ കുഞ്ഞിന്റെ അച്ഛന്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു. 

അതേസമയം, വിചാരണ വേളയില്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ ലീ നിഷേധിച്ചു. 13 വയസ്സുകാരനാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു ലീയുടെ വാദം. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി. ലീ ആണ്‍കുട്ടിക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ തെളിവായി പരിഗണിച്ചാണ് ഈ വാദങ്ങള്‍ കോടതി തള്ളിയത്. 

Content Highlights: nursery worker faced trail in court for raping 13 year old boy